Latest News

വാട്‌സ് ആപ് സന്ദേശം തുണയായി; അഞ്ച് അനാഥ കുഞ്ഞുങ്ങള്‍ക്ക് ആര്‍.സി.എഫ്.ഐയുടെ തണല്‍

ഉള്ളാള്‍: [www.malabarflash.com] പിതാവ് ഷോക്കേറ്റ് മരിച്ചതോടെ വാടകമുറിയില്‍ ദുരിത ജീവിതം നയിക്കുന്ന അഞ്ച് പെണ്‍കുട്ടികളുടെയും മാതാവിന്റെയും സഹായത്തിനായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനായായ റിലീഫ് ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ(ആര്‍.സി.എഫ്.ഐ) രംഗത്തെത്തി. 

കാരന്തൂര്‍ മര്‍കസുമായി സഹകരിച്ച് നടപ്പാക്കുന്ന ഓര്‍ഫന്‍ കെയര്‍ പദ്ധതി പ്രകാരം കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനാവശ്യമായ സാമ്പത്തിക സഹായം സംഘടന ഏറ്റെടുത്തു. 

ഉള്ളാള്‍ ദര്‍ഗ്ഗക്കടുത്തെ വാടക മുറിയില്‍ താമസിക്കുന്ന അബ്ദുല്‍ റശീദ് കഴിഞ്ഞ വര്‍ഷം ഷോക്കേറ്റ് മരിച്ചതോടെ ഭാര്യ ബല്‍ക്കീസും ഒന്നുമുതല്‍ 11 വരെ വയസ്സ് പ്രായമുള്ള അഞ്ച് കുഞ്ഞുങ്ങളും പൊടുന്നനെ ഒറ്റപ്പെടുകയായിരുന്നു. നാട്ടുകാരുടെയും കുടുംബക്കാരുടെയും സഹായത്തോടെയാണ് ഇവര്‍ ജീവിതം നയിച്ചിരുന്നത്. 

ദുബായില്‍ വെച്ച് കുഞ്ഞുങ്ങളുടെ വാട്‌സ് ആപ് ചിത്രങ്ങളും വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ട ആര്‍.സി.എഫ്.ഐ സെക്രട്ടറി ജനറല്‍ ഡോ. എം.എ.എച്ച് അസ്ഹരി കുഞ്ഞുങ്ങളെ ഓര്‍ഫന്‍ കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായമെത്തിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഉള്ളാളത്തെ ഒറ്റമുറി വാടക വീട്ടിലെ പരാധീനതകള്‍ക്കിടയിലേക്ക് മര്‍കസ് ആര്‍.സി.എഫ്.ഐ പ്രതിനിധികള്‍ പുത്തനുടുപ്പുകളും, സ്‌കൂള്‍ ബാഗുകളും മറ്റു സഹായങ്ങളുമായി കയറി ചെന്നു.

മറിയം(11), നസ്‌റത്ത് ഹബീബ(8), ഫാതിമ സായൂന(7), ഖദീജ റസ്മിന(3) ആയിശ സമീബ(1) എന്നീ കുട്ടികള്‍ക്ക് വിദ്യഭ്യാസത്തിനും ജീവിത ചിലവുകള്‍ക്കും ആവശ്യമായ ധനസഹായം കൈമാറുകയും കുട്ടികളുടെ ആരോഗ്യ, വിദ്യഭ്യാസ വിവരങ്ങള്‍ ആരായുകയും ചെയ്തു. 

രാജ്യമൊട്ടുക്കുമായി മൂവ്വായിരത്തില്‍ പരം അനാഥ കുട്ടികള്‍ക്കാണ് ആര്‍.സി.എഫ്.ഐ. സഹായമെത്തിക്കുന്നത്. വര്‍ഷത്തില്‍ നാല്‍പത് മില്യന്‍ രൂപയാണ് അനാഥ സംരക്ഷണത്തിന് മാത്രം സംഘടന ചിലവിടുന്നത്.
ഉനൈസ് മുഹമ്മദ് (എ.ജി.എം. മര്‍കസ്), അമീര്‍ ഹസന്‍ (എച്ച്.ആര്‍. മര്‍കസ്) റശീദ് പുന്നശ്ശേരി (റീജനല്‍ മാനേജര്‍ ആര്‍.സി.എഫ്.ഐ), ഡോ.അബൂബക്കര്‍ നിസാമി, മഹ്മൂദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords: Manglore News,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.