Latest News

കാണാതായ അഞ്ചംഗ കുടുംബത്തെ മടിക്കേരിയില്‍ കണ്ടെത്തി

കാസര്‍കോട്: [www.malabarflash.com] ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട കുമ്പഡാജെ ബലക്കളയില്‍ നിന്നും കാണാതായ അഞ്ചംഗ കുടുംബത്തെ മടിക്കേരിയില്‍ കണ്ടെത്തി. പോലീസ് ഇവരെ വ്യാഴാഴ്ച ഉച്ചയോടെ കാസര്‍കോട്ടെത്തിച്ചു.

ബലക്കളയിലെ ചന്ദ്രാവതിയുടെ മക്കളായ പ്രേമ (25), രമ്യ (15) പ്രേമയുടെ ഭര്‍ത്താവ് ഉദയന്‍ (32) മക്കളായ ശ്രീജിത്ത് (നാല്), സംഗീത (രണ്ട്) എന്നിവരെയാണ് മടിക്കേരിയിലെ മദനാട് എന്ന സ്ഥലത്ത് കണ്ടെത്തിയത്. കാണാതായ പ്രേമയുടെ ബന്ധുവിന്റെ വീട്ടിലാണ് ഇവര്‍ ഉണ്ടായിരുന്നത്. കാസര്‍കോട് സി.ഐ. പി.കെ. സുധാകരന്റെ നേതൃത്വത്തില്‍ ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടയിലാണ് ഇവര്‍ മടിക്കേരിയില്‍ ഉള്ളതായി പോലീസിന് വിവരം ലഭിച്ചത്.

ഒരു മാസംമുമ്പാണ് ഇവര്‍ വീടുവിട്ടത്. പിന്നീട് കര്‍ണാടകയിലെ ഉഡുപ്പിയിലും മറ്റും ഇവര്‍ കഴിഞ്ഞിരുന്നു. പോലീസ് അന്വേഷിച്ച് ചെന്നപ്പോഴേക്കും അവിടെനിന്നും സ്ഥലംവിടുകയായിരുന്നു. ഇടക്കിടെ ഓണ്‍ചെയ്യുന്ന മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ നോക്കിയാണ് ഇവരെ പോലീസ് കണ്ടെത്തിയത്.

ഇവരെ കണ്ടെത്താന്‍ പോലീസ് കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നോട്ടീസും ഇറക്കിയിരുന്നു. എസ്.എസ്.എല്‍.സി. പാസായ രമ്യ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ സഹോദരിയായ പ്രേമയേയുംകൂട്ടി പോയതായിരുന്നു. ഉച്ചയായിട്ടും ഇവര്‍ തിരിച്ചെത്താത്തതിനാല്‍ ഉദയന്‍ വീട്ടിലെത്തി ചന്ദ്രാവതിക്കൊപ്പമുണ്ടായിരുന്ന രണ്ട് മക്കളേയും കൂട്ടി ഇവരെ അന്വേഷിച്ച് പോയതായിരുന്നു. പിന്നീട് അഞ്ച് പേരേയും കാണാതാവുകയായിരുന്നു. പോകുമ്പോള്‍ ഇവര്‍ വസ്ത്രങ്ങളടങ്ങിയ ബാഗും മറ്റും കൊണ്ടുപോയിരുന്നതായി പിന്നീട് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍ വീടു വിട്ടതിന്റെ കാരണങ്ങള്‍ വ്യക്തമായിട്ടില്ല.

Keywords: Kasaragod News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.