Latest News

ഫാത്തിമ യാത്രയായി; ആശ്രയം ആവശ്യമില്ലാത്ത ലോകത്തേക്ക്

ഉദുമ: [www.malabarflash.com] കടുത്ത പ്രമേഹവും രക്ത സമ്മര്‍ദ്ദവും ബാധിച്ച് അവശ നിലയിലായ മുട്ടുന്തലയിലെ മസ്താന്റെ ഭാര്യ ഫാത്തിമ എന്ന പാത്തു (60) മരണത്തിനു കീഴടങ്ങി. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നും ഞായറാഴ്ച ഉച്ചയോടെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൈകുന്നേരം ആറു മണിയോട് കൂടി അന്ത്യം സംഭവിച്ചു.

മൃതദേഹം രാത്രി 8 മണിക്ക് ഉദുമ പാക്യാരയിലുളള മകള്‍ ഫൗസിയയുടെ ഭര്‍തൃവീട്ടിലെത്തിയ മൃതദേഹം കുളിപ്പിച്ച് കഫം ചെയ്ത് രാത്രി തന്നെ മുട്ടുന്തല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി

രോഗാവസ്ഥയിലായ ഫാത്തിമയെ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മകള്‍ സ്ഥലം വിട്ട വാര്‍ത്ത പത്ര മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഫാത്തിമയെ ഉപേക്ഷിച്ച് മുങ്ങിയതിന് ഫൗസിയക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഫൗസിയക്ക് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഫാത്തിമയുടെ ഏക മകളാണ് ഫൗസിയ. 

ഫൗസിയയെ ഗര്‍ഭം ധരിച്ച സമയത്ത് ഭര്‍ത്താവ് മസ്താന്‍ ഫാത്തിമയെ ഉപേക്ഷിച്ച് പോയതാണ്.
ബേക്കല്‍ മൗവ്വലിലെ സഹോദരന്‍ അബ്ദുള്‍ റഹ്മാന്റെ കൂടെയായിരുന്നു ഈ വൃദ്ധ താമസിച്ചിരുന്നത്. അബ്ദുള്‍ റഹ്മാന്റെ ഭാര്യ അലീമയാണ് ഫാത്തിമയെ പരിചരിച്ച് വന്നിരുന്നത്.
ഇതിനിടയിലാണ് അസുഖം മൂര്‍ഛിച്ചത്. ഇതേത്തുടര്‍ന്ന് അലീമ ഫൗസിയയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ഏര്‍പ്പാട് ചെയ്യുകയുമായിരുന്നു. 

ഉദുമ പാക്യാരയിലെ ഭര്‍തൃവീട്ടില്‍ താമസിക്കുന്ന ഫൗസിയ ഭര്‍തൃ സഹോദരന്‍ അയൂബിനോടൊപ്പം ഫാത്തിമയേയും കൂട്ടി അതിഞ്ഞാലിലെ ആശുപത്രിയിലാക്കുകയും ഫാത്തിമയെ പരിചരിക്കാന്‍ ഹോം നഴ്‌സിനെ ഏര്‍പ്പാടാക്കി കടന്നു കളയുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഹോം നഴ്‌സും സ്ഥലം വിട്ടതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഫാത്തിമ ഇപ്പോള്‍ സര്‍ക്കാര്‍ സംരക്ഷണത്തിലായിരുന്നു. തീര്‍ത്തും അവശയും രോഗിയുമായ വൃദ്ധ മാതാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച ഏക മകളുടെ നടപടി സമൂഹത്തില്‍ കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു. ഫാത്തിമയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാന്‍ തയ്യാറായി സന്നദ്ധ സംഘടനകളും നിരവധി യുവാക്കളും ജില്ലാ ആശുപത്രിയിലെത്തിയിരുന്നു.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.