Latest News

പര്‍ദ്ദക്കുളളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒമ്പതര കിലോ സ്വര്‍ണ്ണം പിടികൂടി

കൊണ്ടോട്ടി: [www.malabarflash.com] കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരിയില്‍ നിന്നും ഒമ്പതര കിലോ സ്വര്‍ണം പിടികൂടി. ദുബൈയില്‍ നിന്നും രാവിലെ രാവിലെ 11.30നു ദുബായിയില്‍നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സ് യാത്രക്കാരി കൊച്ചി മട്ടാഞ്ചേരി സ്വദേശിനി ഫൗജ ശബ്‌ന(36)ത്തെയാണു കോഴിക്കോട് കസ്റ്റംസ് അധികൃതര്‍ പിടിച്ചത്.

ജോലി കൊടുക്കാമെന്നു പറഞ്ഞ് 22 ദിവസം മുമ്പാണു ഫൗജയെ കണ്ണൂരില്‍നിന്നുള്ള ഒരു കള്ളക്കടത്തു ശൃംഖലയുടെ ആളുകള്‍ കൂട്ടിക്കൊണ്ടുപോയത്. മട്ടാഞ്ചേരിയില്‍ ഡ്രൈവറായ ഭര്‍ത്താവിനു സുഖമില്ലാതായപ്പോള്‍ ജോലി അന്വേഷിച്ചെത്തിയതായിരുന്നു ഫൗജ. ദുബായില്‍ ജോലി തരപ്പെടാന്‍ സാധ്യതയില്ലെന്നും തങ്ങള്‍ ഏല്പിക്കുന്ന ഒരു ജാക്കറ്റ് ധരിച്ചു കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങിയാല്‍ കണ്ണൂരില്‍ ജോലി സംഘടിപ്പിച്ചു നല്‍കാമെന്നുമായിരുന്നു സംഘനേതാവിന്റെ വാഗ്ദാനം.

ദുബായി വിമാനത്താവളത്തില്‍ കാസര്‍കോട്‌ സ്വദേശിയായ യാസിര്‍ എന്നയാളാണു സ്വര്‍ണം വിമാനത്താവളത്തിനകത്തേക്ക് എത്തിച്ചുനല്കിയത്. അവിടത്തെ ബാത്ത്‌റൂമില്‍വച്ചു ഫൗജ തങ്കബിസ്‌കറ്റടങ്ങിയ ജാക്കറ്റ് ധരിച്ചു വിമാനത്തില്‍ കയറി. ഫൗജയെ പിന്തുടര്‍ന്ന യാസിര്‍ കോഴിക്കോട്ടെത്തിയപ്പോള്‍ വിമാനത്താവളത്തിനു പുറത്തു കാത്തുനില്‍ക്കാമെന്നു തെറ്റിദ്ധരിപ്പിച്ചു മുംബൈയിലേക്കു കടന്നു.

എമിഗ്രേഷന്‍ പരിശോധന പൂര്‍ത്തിയാക്കി കസ്റ്റംസ് ഹാളിലേക്കു പ്രവേശിക്കാനെത്തിയ ഫൗജ കവാടത്തിലെ മെറ്റല്‍ ഡിറ്റക്ടറിലൂടെ കടന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കു സംശയം തോന്നുകയും അവര്‍ പിന്തുടരുകയുമായിരുന്നു. ബാഗേജുകള്‍ എടുത്ത ശേഷം ഹാളിന്റെ പുറത്തേക്കു കടന്നപ്പോള്‍ രണ്ടു സാക്ഷികളുടെയും വനിതാ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഫൗജയെ തടഞ്ഞു വിശദമായി പരിശോധിച്ചാണു തങ്കബിസ്‌കറ്റുകള്‍ പിടിച്ചെടുത്തത്.

ഓരോ കിലോഗ്രാമിന്റെ ഒന്‍പതു വലിയ തങ്കക്കട്ടികളും പത്തു തോലയുടെ നാലു ചെറിയ സ്വര്‍ണ ബിസ്‌കറ്റുകളുമാണു കണെ്ടടുത്തത്. യാസിറിനും മറ്റു സംഘാംഗങ്ങള്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ സിപിഎം അബ്ദുള്‍ റഷീദ്, രഹസ്യാന്വേഷണ വിഭാഗം സൂപ്രണ്ടുമാരായ ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, എം. മുരളീധരന്‍, എ.ജെ. ദേവസ്യ, കസ്റ്റംസ് സൂപ്രണ്ടായ സി. ധനലക്ഷ്മി, ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥരായ കൗസ്തുഭ് കുമാര്‍, അഭിജിത്ത് ഗുപ്ത, ഹവില്‍ദാര്‍മാരായ മുരുകന്‍, വിജയകുമാര്‍, ഡ്രൈവര്‍ പി.എം. ഫ്രാന്‍സിസ് എന്നിവരടങ്ങുന്ന കസ്റ്റംസ് സംഘമാണു യുവതിയെ പിടികൂടിയത്.

അറസ്റ്റ് ചെയ്ത പ്രതിയെ ചൊവ്വാഴ്ച രാവിലെ എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി മുമ്പാകെ ഹാജരാക്കും. കേസിന്റെ തുടരന്വേഷണം മട്ടാഞ്ചേരിയിലും കണ്ണൂരിലും കാസര്‍കോട്ടും കസ്റ്റംസ് പ്രിവന്റീവിന്റെ നേതൃത്വത്തില്‍ നടക്കും.

ഞായറാഴ്ച ഇന്‍ഡിഗോ എയര്‍ലൈന്‍സിനുള്ളിലെ കാര്‍പെറ്റിന് അടിയില്‍ ഒളിപ്പിച്ച നിലയില്‍ 63 ലക്ഷം രൂപ വിലമതിക്കുന്ന രണ്ടര കിലോഗ്രാം സ്വര്‍ണം ഇതേ ഓഫീസര്‍മാരടങ്ങുന്ന സംഘം പിടികൂടിയിരുന്നു. സ്വര്‍ണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച കാസര്‍കോട്‌ സ്വദേശി പി.എം. ഹാരിസ് (37) അറസ്റ്റിലാവുകയും ചെയ്തു. ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഏഴു കിലോഗ്രാം സ്വര്‍ണം കടത്തിയതിനു മുംബൈയില്‍ ഒരു ബാറിലെ ഡാന്‍സറായ അഞ്ജലി ശിരോദ്കര്‍ എന്ന സ്ത്രീയെ ജൂണ്‍ 17നു കസ്റ്റംസ് സംഘം പിടികൂടിയിരുന്നു.
  
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.