Latest News

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവാസി വോട്ടില്ല

തിരുവനന്തപുരം: [www.malabarflash.com] തദ്ദേശഭരണതെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഇ-ബാലറ്റ്/ ഇ-വോട്ടിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നിര്‍വാഹമില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാന സര്‍ക്കാറിനയച്ച കത്തിലാണ് കമ്മീഷന്‍ നിലപാട് അറിയിച്ചത്. ഇക്കാര്യത്തില്‍ നേരത്തെ സര്‍ക്കാര്‍ കമ്മീഷന്റെ അഭിപ്രായം ആരാഞ്ഞിരുന്നു.

അതേസമയം, പ്രവാസികള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ള രീതിയില്‍ വോട്ട് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. പ്രവാസികള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും തെരഞ്ഞെടുപ്പ് ദിവസം ബൂത്തിലെത്തി വോട്ടു ചെയ്യാനുമുള്ള സൗകര്യമാണ് നിലവിലുള്ളത്.

ബദല്‍ നിര്‍ദേശങ്ങള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും സുപ്രീംകോടതി വിധി ഇക്കാര്യത്തില്‍ നിര്‍ണായകമാണെന്നും കമ്മീഷന്റെ കത്തില്‍ പറയുന്നു.

നവംബര്‍ ഒന്നിനു മുമ്പ് തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണ സമിതികള്‍ ചുമതലയേല്‍ക്കേണ്ടതുണ്ട്. പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ ചുരുങ്ങിയ സമയമാണ് ശേഷിക്കുന്നത്. നിഷ്പക്ഷവും കുറ്റമറ്റതും സുതാര്യവുമായ രീതിയില്‍ പ്രവാസികള്‍ക്ക് വോട്ടുകള്‍ രേഖപ്പെടുത്തുന്നതിനും അതു കൃത്യമായി എണ്ണുന്നതിനും ഇ-ബാലറ്റ്/ ഇ-വോട്ടിങ് സംവിധാനം ഏര്‍പ്പെടുത്തുന്നത് ഈ സാഹചര്യത്തില്‍ പ്രായോഗികമല്ല- കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

22,000ല്‍പരം വാര്‍ഡുകളിലായി ഒരു ലക്ഷത്തില്‍പരം സ്ഥാനാര്‍ത്ഥികളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടാവുക. ഇത്തരം ബൃഹത്തായ ഒരു തെരഞ്ഞെടുപ്പില്‍ ഓരോ വാര്‍ഡിന്റെയും ബാലറ്റുപേപ്പറുകള്‍ പ്രവാസി വോട്ടര്‍മാര്‍ക്ക് ലഭ്യമാക്കാനും അവര്‍ക്ക് ഇ-ബാലറ്റ്/ഇ-വോട്ടിങ് വഴി വോട്ട് രേഖപ്പെടുത്തുവാന്‍ സൗകര്യം ഒരുക്കാനും പ്രായോഗിക പ്രയാസമുണ്ട്.

പുതിയ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവയുടെ രൂപീകരണത്തില്‍ ഉണ്ടായ കാലതാമസം കാരണം അവയുടെ ഡീലിമിറ്റേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. വാര്‍ഡ് നിയോജകമണ്ഡല വിഭജനവും അവയുടെ അതിര്‍ത്തി നിര്‍ണയവും പൂര്‍ത്തീകരിച്ചശേഷം വോട്ടര്‍പട്ടിക പുനര്‍വിന്യസിച്ച് പ്രസിദ്ധീകരിക്കേണ്ടതും പുതിയ പോളിങ് ബൂത്തുകള്‍ നിര്‍ണയിക്കേണ്ടതുമുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തന്നെയാണ് ഡീലിമിറ്റേഷന്‍ കമ്മീഷന്റെ ചെയര്‍മാനും.

കേരളത്തിലെ 152 ബ്ലോക്ക് പഞ്ചായത്തുകളും പുനര്‍രൂപീകരിച്ചുകൊണ്ട് പ്രാഥമിക വിജ്ഞാപനം മാത്രമാണ് ഇതുവരെ പുറപ്പെടുവിച്ചിട്ടുള്ളത്. അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ച് അംഗങ്ങളുടെ എണ്ണം സര്‍ക്കാര്‍ നിശ്ചയിച്ച് അറിയിച്ചതിനുശേഷം മാത്രമേ അത്തരം സ്ഥാപനങ്ങളുടെ ഡീലിമിറ്റേഷന്‍ നടത്താനും അതിനുശേഷം ജില്ലാപഞ്ചായത്തുകളുടെ ഡിവിഷനുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ച് വോട്ടര്‍പട്ടിക തയാറാക്കാനും കഴിയൂ. തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷനു മുമ്പ് ഈ നടപടികളെല്ലാം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
Advertisement

Keywords: kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.