Latest News

പഞ്ചാബില്‍ ഭീകരാക്രമണം; എസ്പി ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു

ഗുര്‍ദാസ്പൂര്‍: [www.malabarflash.com] പഞ്ചാബിലെ ദിനനഗര്‍ പൊലീസ് സ്‌റ്റേഷനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പൊലീസ് സുപ്രണ്ട് അടക്കം 12പേര്‍ കൊല്ലപ്പെട്ടു. എസ്പി: (ഡിക്ടറ്റീവ്) ബല്‍ജീത്ത് സിങ്ങാണ് കൊല്ലപ്പെട്ടത്. സ്‌റ്റേഷനിലെ ലോക്കപ്പിലുണ്ടായിരുന്ന രണ്ട് പ്രതികള്‍, ഏഴ് പൊലീസുകാര്‍, മൂന്നു പ്രദേശവാസികള്‍ എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നാലു പേര്‍ക്കു പരുക്കേറ്റു. രണ്ട് ഭീകരരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

നാലോളം ഭീകരര്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഗുര്‍ദാസ്പൂര്‍ ഡപ്യൂട്ടി കമ്മിഷണര്‍ അഭിനവ് ത്രിഖ അറിയിച്ചു. കൂടാതെ, ഭീകരരില്‍ ഒരു വനിതയുള്ളതായി പരുക്കേറ്റ സുരക്ഷാ സൈനികന്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. 140 എന്‍എസ്ജി കമാന്‍ഡോകള്‍ അടക്കം 300 സൈനികര്‍ സ്ഥലത്തുണ്ട്. അതേസമയം, ഭീകരര്‍ ആരെയും ബന്ദികളാക്കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു അറിയിച്ചു. രാജ്യമെങ്ങും ജാഗ്രത പ്രഖ്യാപിച്ചു. പാര്‍ലമെന്റില്‍ സുരക്ഷ ശക്തമാക്കി.

പുലര്‍ച്ചെ 5.45 ഓടെയാണ് ഗുര്‍ദാസ്പൂരില്‍ പൊലീസ് സ്‌റ്റേഷനു നേരെ ഭീകരാക്രമണമുണ്ടായത്. മാരുതി കാറില്‍ സൈനിക വേഷത്തിലെത്തിയ നാലംഗ സംഘം പൊലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചുകയറുകയായിരുന്നു. പൊലീസിനെ സഹായിക്കാന്‍ ബിഎസ്എഫിനോടു ഉടന്‍ സ്ഥലത്തെത്താന്‍ രാജ്‌നാഥ്‌സിങ് ആവശ്യപ്പെട്ടു. എന്‍എസ്ജിയുടെ നാല് ഹെലിക്കോപ്റ്ററുകള്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പഞ്ചാബ് സ്‌പെഷല്‍ സെക്യൂരിറ്റി ഗ്രൂപ്പും (എസ്എസ്ജി) സംഭവ സ്ഥലത്തെത്തി.

പൊലീസ് സ്‌റ്റേഷനു നേരെയുണ്ടായത് ഭീകരാക്രമണം തന്നെയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. പാക്ക് ബന്ധമുള്ള ഭീകരരാണ് ആക്രമണത്തിനു പിന്നില്‍. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പഞ്ചാബ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. രാജ്യമെങ്ങും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ, പത്താന്‍കോട്ടില്‍ റയില്‍വേ ട്രാക്കില്‍നിന്ന് അഞ്ചു ബോംബുകള്‍ കണ്ടെടുത്തു.

ഭീകരവിരുദ്ധ പ്രത്യേക സേന സംഭവ സ്ഥലത്തെത്തിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു. സൈന്യത്തിന്റെ തിരിച്ചടി വിജയിക്കുമെന്നു പൂര്‍ണവിശ്വാസമുണ്ടെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ഗുരുതരമായ ആക്രമണമാണിതെന്നും വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും കിരണ്‍ റിജ്ജു വ്യക്തമാക്കി.
Advertisement

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.