Latest News

3000 രൂപയ്ക്ക് ഒരു ഫ്രിഡ്ജ്; വൈദ്യുതി ചെലവില്ല, പരിസ്ഥിതിക്ക് ദോഷവുമില്ല

മിട്ടികൂള്‍ എന്നൊരു വാക്ക് കേട്ടിട്ടുണ്ടോ? പണ്ട് വെള്ളം തണുപ്പിക്കാനായി നമ്മള്‍ മണ്‍കൂജയില്‍ സൂക്ഷിച്ചിരുന്നില്ലേ.. അതേ വിദ്യതന്നെയാണീ മിട്ടിക്കൂള്‍. മിട്ടി എന്നാല്‍ മണ്ണ് എന്നര്‍ഥം. വൈദ്യുതി ഉപയോഗിച്ച് സാധനങ്ങള്‍ നിശ്ചിതഊഷ്മാവില്‍ തണുപ്പിച്ച് സൂക്ഷിക്കുന്ന ഉപകരണമാണ് റഫ്രിജിറേറ്റര്‍ അഥവാ ഫ്രിഡ്ജ്.. അവയുണ്ടാക്കുന്ന പാരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് ഇന്നും ജനങ്ങള്‍ ബോധവാന്മാരല്ല. [www.malabarflash.com]
ഒരിത്തിരി തണുത്ത വെള്ളം കുടിക്കണമെന്ന് തോന്നിയാല്‍, പാലോ ഇറച്ചിയോ മീനോ പച്ചക്കറികളോ ഒരല്‍പം കൂടുതലായി വാങ്ങിയാല്‍ കേടാകാതിരിക്കാന്‍ ഫ്രി‍ഡ്ജ് ഇന്നൊരു അവശ്യ വസ്തുവായിക്കഴിഞ്ഞു എല്ലാ വീട്ടിലും. കമ്പനികള്‍ പറയുന്ന വിലകൊടുത്ത് ഫ്രിഡ്ജ് സ്വന്തമാക്കുന്നവരും, ഉള്ളവ മാറ്റിവാങ്ങുന്നവരും നമുക്കിടയില്‍ ഏറെയാണ്.

എന്നാല്‍ പണ്ട് വെള്ളം തണുപ്പിക്കാനുപയോഗിച്ച മണ്‍കൂജ വിദ്യ ഫ്രിഡ്ജ് നിര്‍മ്മാണത്തിനും ഉപയോഗിക്കാമെന്ന് കണ്ടുപിടിച്ച ഒരാളുണ്ട് നമ്മുടെ രാജ്യത്ത്. മന്‍സുഖ്ബായ് പ്രജാപതി. പത്താംക്ലാസില്‍ പഠനം അവസാനിപ്പിച്ചവന്‍, ചായ കച്ചവടക്കാരന്‍… ഇദ്ദേഹമാണ് ഫ്രിഡ്ജ് വാങ്ങാന്‍ കാശില്ലാത്ത പാവപ്പെട്ടവരുടെ സന്തോഷത്തിനായി കുറഞ്ഞ ചെലവില്‍ മണ്ണുപയോഗിച്ച് റഫ്രിജറേറ്റര്‍ നിര്‍മ്മിച്ചുകൊടുക്കുന്നത്. പരിസ്ഥിതിക്കും ദ്രോഹമില്ല, വൈദ്യുതിചെലവുമില്ല…


ഗുജറാത്തിലെ പാരമ്പര്യമായി മണ്‍പാത്ര നിര്‍മ്മാണരംഗത്ത് പ്രവൃത്തിക്കുന്നവരായിരുന്നു മന്‍സുഖ്ബായിയുടെ കുടുംബം. പക്ഷേ തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുന്ന ആ ബിസിനസ് ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നില്ല. മേല്‍ക്കൂരകള്‍ക്കാവശ്യമായ ഓട് നിര്‍മ്മാണത്തിലേക്കാണ് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞത്. പാത്രങ്ങളും ഓടുകളും കളിമണ്ണുകൊണ്ട് നിര്‍മ്മിക്കാമെങ്കില്‍ എന്തുകൊണ്ട് മറ്റു ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനും കളിമണ്ണ് ഉപയോഗിച്ചുകൂടാ എന്ന് ഇടയ്ക്കെപ്പോഴോ ഒരു ആലോചന മന്‍സുഖ്ബായിയുടെ ഉള്ളിലെത്തി.

മിട്ടികൂള്‍ എന്ന ഉത്പന്നത്തിന്റെ തുടക്കമായിരുന്നു അത്. പരിസ്ഥിത സൌഹൃദപരമായ ഫ്രിഡ്ജ്, കുക്കര്‍, ഫില്‍ട്ടര്‍ തുടങ്ങി അനേക ഉത്പന്നങ്ങളിലേക്കാണ് ആ ചിന്തയെത്തിയത്. 3000 രൂപയാണ് ഒരു മിട്ടിക്കൂള്‍ റഫ്രിജറേറ്റിന്റെ വില. ഒരു ഫ്രിഡ്ജ് എന്ന പാവപ്പെട്ടവരുടെ സ്വപ്നമാണ് മിട്ടികൂള്‍ സാധ്യമാക്കിയത്.

വളരെ ലളിതമായ ശാസ്ത്രവിദ്യയുപയോഗിച്ച് ജലം ബാഷ്പീകരിച്ച് സൂക്ഷിക്കുന്ന സംവിധാനമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വെളളം സൂക്ഷിക്കാനുള്ള സംവിധാനം ഇതിന്റെ മുകള്‍ഭാഗത്താണ്. വെറുതെയല്ല, നമ്മുടെ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാം യഥാര്‍ത്ഥ ശാസ്ത്രജ്ഞനെന്ന് പ്രജാപതിയെ വിശേഷിപ്പിച്ചത്.

പ്രജാപതിയുടെ ഫ്രിഡ്ജിന് മാത്രമല്ല, ആരോഗ്യത്തിന് ഹാനികരമല്ലാത്ത പ്രെഷര്‍കുക്കര്‍, നോണ്‍സ്റ്റിക്, വാട്ടര്‍ ഫില്‍റ്റര്‍ എന്നിവയ്ക്കെല്ലാം ആവശ്യക്കാര്‍ ഏറെയാണ്…

ഇന്ന് 45 ലക്ഷം രൂപയാണ് മിട്ടികൂളിന്റെ വാര്‍‌ഷികാദായം. 35 ജീവനക്കാരും മന്‍സുഖ് ബായിക്ക് കീഴിലുണ്ട്. ആഫ്രിക്കയും ഗള്‍ഫ് രാജ്യങ്ങളുമടക്കം ലോക വ്യാപകമായി മിട്ടിക്കൂളിന്റെ പ്രശസ്തി കടലു കടന്നുകൊണ്ടിരിക്കയാണ്.
Advertisement

Keywords: National News, International Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.