Latest News

ഐക്യവും സ്‌നേഹവും ഊട്ടിയുറപ്പിക്കുക- തങ്ങള്‍

മലപ്പുറം: [www.malabarflash.com]  ഐക്യവും സ്‌നേഹവും ഊട്ടിയുറപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.സ്വസ്ഥത നഷ്ടപ്പെടുന്ന സമൂഹത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കക്ഷിഭേദം മറന്ന് ഒന്നിക്കണമെന്നും തങ്ങള്‍ ഓര്‍മപ്പെടുത്തി. സങ്കീര്‍ണത നിറഞ്ഞ ലോകത്താണ് നാം ജീവിക്കുന്നത്. അധികാരത്തിനു വേണ്ടി അപരനു മേല്‍ ആയുധമെടുക്കുകയാണ് മനുഷ്യന്‍. എല്ലാം വെട്ടിപ്പിടിക്കാനുള്ള ആര്‍ത്തിയില്‍ മാനവിക മൂല്യങ്ങള്‍ പോലും തകര്‍ത്തെറിയുന്നു. മനുഷ്യത്വം മരവിച്ചുപോകുന്ന ഇത്തരം സാഹചര്യത്തില്‍ മനസുകള്‍ ഐക്യപ്പെടേണ്ടത് അനിവാര്യമാണ്- തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.


വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന വിശ്വാസി സമൂഹം ഐക്യപ്പെടല്‍ അനിവാര്യമായ സാഹചര്യത്തിലാണ് ഇത്തവണ നാം പെരുന്നാള്‍ ആഘോഷിക്കുന്നത്. അന്യോന്യം പോരടിക്കേണ്ടവരല്ല മനുഷ്യരെന്ന് എല്ലാ മതങ്ങളും ഉദ്‌ഘോഷിക്കുന്നു. ഭരണാധികാരികളുടെ മനസുകള്‍ ആയുധപ്പുരകളാകുമ്പോള്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍ പോരും പോര്‍വിളിയും വര്‍ധിക്കും. ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തികളിലേക്ക് വിദ്വേഷം വ്യാപിക്കുമ്പോള്‍ സമൂഹത്തില്‍ അത് അനൈക്യത്തിന്റെ വിത്ത് പാകാനിടയാകും.

മനസ് വിശാലമാക്കുന്നതിനുള്ള പരിശീലനംകൂടിയായിരുന്നു നോമ്പ്. പട്ടിണി കിടന്ന് പാകപ്പെടുത്തിയെടുത്ത മനസ് ഇനി മലീമസമാകരുത്. ശിഷ്ട ജീവിതത്തിലും ഐക്യവും പാരസ്പര്യവും കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. ഇസ്‌ലാമിന്റെ ഐക്യത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും മറ്റു സമൂഹങ്ങള്‍ മനസിലാക്കണമെങ്കില്‍ ഇസ്‌ലാമിനകത്ത് ഐക്യം ഉറപ്പുവരുത്താന്‍ ജാഗ്രത പാലിക്കണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു.
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.