ദുബായ് : [www.malabarflash.com] വാഹനാപകടത്തില്‍ പരുക്കേറ്റ കാസര്‍കോട് സ്വദേശിയായ യുവാവിന് 7.5 ലക്ഷം ദിര്‍ഹവും 9% പലിശയും (1.3 കോടിയോളം രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ ദുബായ് അപ്പീല്‍ കോടതി ഉത്തരവായി. കാസര്‍കോട് വെള്ളച്ചാല്‍ സ്വദേശി യൂനുസ് മുഹമ്മദിന് അനുകൂലമായാണ് വിധി.
2013 ജനുവരി 24നായിരുന്നു കേസിനാസ്പദമായ അപകടം. സുഹൃത്തിനൊപ്പം അബുദാബിയില്‍ നിന്നു ദുബായിലേക്കു യാത്രചെയ്യുമ്പോള്‍ മറ്റൊരു വാഹനം ഇവരുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. സുഹൃത്താണ് വാഹനം ഓടിച്ചിരുന്നത്. സാരമായി പരുക്കേറ്റ യൂനുസിനെ റാഷിദ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
ഒരുമാസത്തിനിടെ പലതവണ ശസ്ത്രക്രിയ നടത്തി. പിന്നീട് വിദഗ്ധചികില്‍സയ്ക്കായി നാട്ടിലേക്കു കൊണ്ടുപോയി.
തുടര്‍ന്ന് നഷ്ടപരിഹാരം തേടി അല്‍ കബ്ബാന്‍ അസോസിയേറ്റ്‌സ് വഴി ഫയല്‍ ചെയ്ത കേസില്‍ 7.5 ലക്ഷം ദിര്‍ഹവും 9% പലിശയും നല്‍കാന്‍ ഉത്തരവായി. ഇതിനെതിരെ ഇന്‍ഷുറന്‍സ് കമ്പനി അപ്പീല്‍ ഫയല്‍ ചെയ്‌തെങ്കിലും മേല്‍ക്കോടതി തള്ളുകയും കീഴ്‌ക്കോടതി വിധി ശരിവയ്ക്കുകയും ചെയ്തു. തുക എത്രയും വേഗം ലഭ്യമാക്കുമെന്ന് അല്‍ കബ്ബാന്‍ അസോസിയേറ്റ്‌സിലെ സീനിയര്‍ ലീഗല്‍ കണ്‍സല്‍ട്ടന്റ് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി പറഞ്ഞു.
Keywords: Gulf News, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment