Latest News

കാസര്‍കോട് കോട്ട വില്‍പ്പന: 15 പേര്‍ക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: [www.malabarflash.com] കാസര്‍കോട് കോട്ട വില്‍പ്പന ഇടപാടില്‍ 15 പേര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ. ടി.ഒ. സൂരജ് ഉള്‍പ്പെടെ കോട്ടവില്‍പ്പനയുമായി ബന്ധപ്പെട്ട 15 പേര്‍ക്കെതിരെയാണ് കേസ്. വിജിലന്‍സ് ഡയറക്ടര്‍ക്ക് ശുപാര്‍ശ കൈമാറി. സ്വകാര്യവ്യക്തികള്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചു കയ്യേറിയ കാസര്‍കോട് കോട്ടയിലെ ഭൂമിയില്‍ റവന്യു വകുപ്പ് അധികൃതര്‍ കഴിഞ്ഞദിവസം ബോര്‍ഡ് സ്ഥാപിച്ചിരുന്നു.

കോട്ടയുടെ ഭാഗമായ 5.41 ഏക്കര്‍ ഭൂമി സിപിഎം നേതാവും മുന്‍ നഗരസഭാ അധ്യക്ഷനുമായ എസ്.ജെ. പ്രസാദ്, കേരള കോണ്‍ഗ്രസ് (എം) നേതാവ് സജി സെബാസ്റ്റ്യന്‍, കൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായര്‍ എന്നിവര്‍ വിലയ്ക്കുവാങ്ങിയ സംഭവത്തില്‍ റവന്യു– റജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ വ്യക്തമായിരുന്നു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്കു നികുതി അടയ്ക്കാന്‍ അനുമതി നല്‍കിയതും തുടര്‍ന്നു വില്‍പ്പന നടത്തിയതും നിയമവിരുദ്ധമാണെന്നു 2009ല്‍ കലക്ടര്‍ കണ്ടെത്തിയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമുണ്ടായില്ല.

തുടര്‍ന്ന് ഭൂമി ഇടപാട് നടന്ന ആധാരങ്ങള്‍ ജില്ലാ കലക്ടര്‍ റദ്ദാക്കുകയായിരുന്നു. ഇടപാടിന്റെ വിശദാംശങ്ങള്‍ ജില്ലാ ഭരണകൂടം അന്നത്തെ റവന്യുമന്ത്രി കെ.പി. രാജേന്ദ്രനെ രേഖാമൂലം അറിയിച്ചിരുന്നു. സംഭവത്തെ തുടര്‍ന്നു രാഷ്ട്രീയ സമരങ്ങള്‍ ഉണ്ടായെങ്കിലും വകുപ്പുതല അന്വേഷണം പോലുമുണ്ടായില്ല.

ഭൂമി വിലയ്ക്കു വാങ്ങിയവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, 2013ല്‍ ലാന്‍ഡ് റവന്യു കമ്മിഷണറായിരുന്ന ടി.ഒ. സൂരജ് കലക്ടറുടെ നടപടി റദ്ദാക്കാന്‍ ഉത്തരവിറക്കിയെങ്കിലും സംഭവം കോടതിയലക്ഷ്യമാകുമെന്നതിനാല്‍ ഉത്തരവു നടപ്പായില്ല..
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.