Latest News

പിന്നോക്ക വിഭാഗക്കാരിയായ വീട്ടമ്മയ്ക്ക് ജില്ലാ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായി പരാതി

കാഞ്ഞങ്ങാട്: [www.malabarflash.com] പിന്നോക്ക വിഭാഗക്കാരിയായ വീട്ടമ്മയ്ക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായി പരാതി. മാവുങ്കാല്‍ പുതിയകണ്ടം ലക്ഷംവീട് കോളനയിലെ എസ്‌സി വിഭാഗക്കാരിയായ കെ.ജയ എന്ന വീട്ടമ്മയ്ക്കാണ് ജില്ലാ ആശുപത്രിയില്‍ നിന്ന് ദുരനുഭവം ഉണ്ടായത്.

ജൂണ്‍ 5ന് കുളിമുറിയില്‍ നിന്ന് കാല്‍ വഴുതി വീണ് കൈക്ക് പരിക്ക് പറ്റിയാണ് ജയ ജില്ലാ ആശുപത്രിയിലെത്തുന്നത്. ഇവരെ പരിശോധിച്ച ഓര്‍ത്തോ വിഭാഗത്തിലെ ഡോ.പത്‌നമാഭന്‍ എക്‌സറേ എടുക്കാന്‍ നിര്‍ദേശിക്കുകയും എല്ല് പൊട്ടിയതായി കണ്ടെത്തുകയും ചെയ്തു. എന്നാല്‍ എല്ല് പൊട്ടിയതിന് പ്ലാസ്റ്റര്‍ ഇടാതെ ബാന്റേജ് മാത്രം കെട്ടി ഒരാഴ്ചകഴിഞ്ഞ് വരാന്‍ പറയുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞ് 12 ന് രാവിലെ 7 മണിക്കുതന്നെ വീട്ടമ്മ ജില്ലാ ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടര്‍ തന്നെ പരിശോധിക്കാനോ പ്ലാസ്റ്റര്‍ ഇടാനോ തയ്യറായില്ലെന്ന് ജയ പറയുന്നു. ഒരാഴ്ച കഴിയുമ്പോഴേയ്ക്കും പൊട്ടിയ കൈ നീര് വെച്ച് വേദന കഠിനമായതായും ഇവര്‍ പറഞ്ഞു.
ഡോക്ടറെ കാണിച്ചപ്പോള്‍ ഒരു മണി കഴിഞ്ഞ ശേഷം നോക്കാമെന്നായിരുന്നു മറുപടി. വീട്ടില്‍ നിന്നും ഭക്ഷണം പോലുംകഴിക്കാതെ ആശുപത്രിയിലെത്തിയ വീട്ടമ്മ പരിശോനയ്ക്കായി ഉച്ചവരെ ആശുപത്രിയില്‍ കാത്തുനിന്നു. ഒരുമണി ആയപ്പോള്‍ വീണ്ടും ഡോക്ടറെ കാണിച്ചപ്പോള്‍ ഇപ്പോള്‍ നോക്കാന്‍ സമയമില്ലെന്ന് പറഞ്ഞ് കയര്‍ത്തതായും ഇവര്‍ പറയുന്നു. 

ഡോക്ടര്‍ പരിശോധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ അവിടെതന്നെയുള്ള മറ്റൊരു ലേഡി ഡോക്ടറെ എക്‌സറെയും കുറിപ്പും കാണിച്ചു. എന്നാല്‍ ആദ്യം പരിശോധിച്ച ഡോക്ടര്‍തന്നെ നോക്കണമെന്ന നിര്‍ദേശമുണ്ടായി.
ഒരു രക്ഷയുമില്ലാതെ സഹായത്തിന് ആരുമില്ലാത്ത വീട്ടമ്മ പിന്നീട് വോദന സഹിക്കാനാകാതെ വീട്ടിലേക്ക് തിരിച്ചുവന്ന് അയല്‍വാസിയോട് 1500 രൂപ കടം വാങ്ങി സ്വകാര്യ ആശുപത്രിയില്‍ ചെന്നാണ് കൈക്ക് പ്ലാസ്റ്ററിട്ടത്. എല്ലൊടിഞ്ഞ് ഒരാഴ്ച കഴിഞ്ഞതിനാല്‍ പൊട്ടിയ എല്ലിന് സ്ഥാനമാറ്റം സംഭവിച്ചാതായി ഡോക്ടര്‍ പറഞ്ഞതായി ജയ പറഞ്ഞു. 

പാവങ്ങള്‍ക്കായി നിലകൊള്ളേണ്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പാവപ്പെട്ടവര്‍ക്ക് ചികിത്സ നിഷേധിക്കുന്ന നിലപാടാണ് പലപ്പോഴുമുള്ളതെന്നും ഇവര്‍ പറയുന്നു. ഡോക്ടറെ പ്രത്യേകം കണാത്തതിനാലാണ് ചികിത്സ വൈകിക്കുന്നതെന്ന് ആശുപത്രിയില്‍ നിന്നും മറ്റുരോഗികള്‍ പറഞ്ഞതായും ഇവര്‍ പറഞ്ഞു.
ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സമാന്തര ക്ലിനിക്കുകള്‍ നടത്തി ആശുപത്രിയില്‍ നടക്കുന്ന ഓപ്പറേഷനും മറ്റും പണം വാങ്ങുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. 

പിന്നോക്കവിഭാഗത്തില്‍പെടുന്ന തനിക്ക് ജില്ലാ ആശുപത്രിയിലുണ്ടായ വേദനാജനകവും ചികിത്സനിഷേധിക്കുന്നതുമായ സംഭവത്തില്‍ മനുഷ്യവകാശ കമ്മീഷന് പരാതി നല്‍കാനൊരുങ്ങുകയാണ് ലക്ഷം വീട് കോളനിയിലെ കെ.ജയ എന്ന നാല്‍പ്പൊത്തൊന്നുകാരിയായ ഈ വീട്ടമ്മ.
Click here
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.