Latest News

ജില്ലയില്‍ 1.48 കോടിയുടെ മത്സ്യതൊഴിലാളി കോളനി നവീകരണ പദ്ധതി അന്തിമ ഘട്ടത്തില്‍

കാസര്‍കോട്: [www.malabarflash.com]ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് ജില്ലയില്‍ നടപ്പിലാക്കുന്ന മത്സ്യതൊഴിലാളി കോളനി നവീകരണ പദ്ധതി അന്തിമഘട്ടത്തില്‍. ഈ വര്‍ഷം ഡിസംബര്‍ 31നകം പദ്ധതി പൂര്‍ത്തിയാക്കാനാണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നത്. 

പദ്ധതി പ്രകാരം പുതുതായി 56 വീടുകള്‍ നിര്‍മ്മിക്കുകയും 83 വീടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു. ഇതില്‍ 30 ഭവനങ്ങളുടെ നിര്‍മ്മാണവും 64 ഭവനങ്ങളുടെ പുനരുദ്ധാരണവും ഇതിനകം പൂര്‍ത്തീകരിച്ചതായി ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ കെ പത്മനാഭന്‍ പറഞ്ഞു. 

ജില്ലയിലെ അഞ്ച് മത്സ്യതൊഴിലാളി കോളനികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്്. കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് പദ്ധതി പ്രകാരം ജില്ലയില്‍ മത്സ്യതൊഴിലാളി ഭവനനിര്‍മ്മാണ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലെ മഞ്ചേശ്വരം , കുമ്പള ഗ്രാമ പഞ്ചായത്തിലെ കോയിപ്പാടി, കാസര്‍കോട് നഗരസഭയിലെ അടുക്കത്ത് ബയല്‍, ചെമ്മനാട് പഞ്ചായത്തിലെ കീഴൂര്‍, പള്ളിക്കര പഞ്ചായത്തിലെ ബേക്കല്‍, എന്നിവിടങ്ങളിലെ മത്സ്യതൊഴിലാളി കോളനിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 

മഞ്ചേശ്വരം മത്സ്യതൊഴിലാളി കോളനിയില്‍ മൂന്നുവീടുകളുടെ നിര്‍മ്മാണവും ആറുവീടുകളുടെ പുനരുദ്ധാരണവും കോയിപ്പാടിയില്‍ 23 വീടുകളുടെ നിര്‍മ്മാണവും 50 വീടുകളുടെ പുനരുദ്ധാരണവും അടുക്കത്ത്ബയലില്‍ 12 വീടുകളുടെ നിര്‍മ്മാണവും ആറുവീടുകളുടെ പുനരുദ്ധാണവും കീഴൂരില്‍ 11 വീടുകളുടെ നിര്‍മ്മാണവും ആറുവീടുകളുടെ പുനരുദ്ധാരണവും ബേക്കലില്‍ ഏഴ് വീടുകളുടെ നിര്‍മ്മാണവും അഞ്ച് വീടുകളുടെ പുനരുദ്ധാരണവും നടത്തുന്നു. 

ഭവന നിര്‍മ്മാണത്തിന് രണ്ട് ലക്ഷം രൂപയും ഭവന പുനരുദ്ധാരണത്തിന് 50,000 രൂപയുമാണ് വകുപ്പ് നല്‍കുന്നത്. ഘട്ടംഘട്ടമായാണ് തുക ഗുണഭോക്താവിന് തുക കൈമാറുക. പദ്ധതി പ്രകാരം മത്സ്യതൊഴിലാളികള്‍ക്കോ , അവരുടെ അനന്തരാവകാശികള്‍ക്കോ, വിധവകള്‍ക്കോ ആണ് വീടനുവദിക്കുന്നത്. നിലവില്‍ വാസയോഗ്യമായ വീടില്ലാത്തവര്‍ക്ക് മാത്രമാണ് പദ്ധതി പ്രകാരം വീട് നല്‍കുന്നത്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.