Latest News

മാനവ ഐക്യത്തിന്റെ സന്ദേശം നല്‍കി മാനവമൈത്രി സംഗമം

കാസര്‍കോട്: [www.malabarflash.com] കാസര്‍കോടിന്റെ മതസൗഹാര്‍ദ്ദ പാരമ്പര്യം തിരിച്ചുപിടിക്കാനുള്ള വേദിയായി മാനവമൈത്രി സംഗമം. ജനമൈത്രി പോലീസ്, ക്ലബുകളുടെ കൂട്ടായ്മയായ സൗഹൃദ, കാസര്‍കോട് റസിഡന്റ്‌സ് അസോസിയേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ മീപ്പുഗിരി ഗവ: എല്‍.പി സ്‌കൂളിലാണ് മാനവമൈത്രി സംഗമം നടന്നത്.

സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ പങ്കെടുത്ത സംഗമം കാസര്‍കോടിനെ വര്‍ഗീയതയ്ക്ക് വിട്ടുകൊടുക്കില്ല എന്ന ആഹ്വാനത്തോടെയാണ് സമാപിച്ചത്. 

ചിലര്‍ തെറ്റുകളിലേക്ക് നടന്നുപോകുന്നുമ്പോള്‍ അവരുടെ കയ്യും നാവും നന്നാക്കാന്‍ നമുക്ക് സാധിക്കണമെന്ന് സംഗമത്തില്‍ പങ്കെടുത്തുകൊണ്ട് കാസര്‍കോട് സംയുക്ത ഖാസി പ്രൊ. ആലിക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു. ചിലരുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍മൂലം മറ്റുള്ളവരും അത്തരം പ്രവര്‍ത്തനങ്ങളില്‍ അകപ്പെടുന്നത് അനുവദിച്ചുകൂടെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്തമതക്കാര്‍ സാഹോദര്യത്തോടെ ജീവിക്കാന്‍ കഴിയുന്നത് നമുക്ക് കിട്ടിയ സമ്മാനമാണെന്നും ഇത് കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ അവശ്യാമാണെന്നും ഫാദര്‍ ആന്റണി വെട്ടിയാണിക്കല്‍ പറഞ്ഞു.
കാസര്‍കോടിന് ഏതെങ്കിലും പോരായ്മയുണ്ടെങ്കില്‍ അത് നമുക്ക് തിരുത്താന്‍ കഴിയുമെന്നും അന്യന്റെ തലകൊണ്ട് ചിന്തിക്കാതെ സ്വന്തം തലകൊണ്ട്ചിന്തിക്കുന്ന ഒരു തലമുറ കാസര്‍കോട് ഉണ്ടാകണമെന്നും കൊപ്പല്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.
മതം കച്ചവടമാക്കുന്ന ഒരു വിഭാഗം നമുക്കിടയിലുണ്ടെന്നും അവരെ കണ്ടു പിടിക്കാന്‍ നമുക്കായാല്‍ കാസര്‍കോട് കലുഷരഹിതമാകുമെന്നും ചിലയാളുകളുടെ താത്പര്യമാണ് ഇവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നും ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തും കെ.ദാമോദരനും പറഞ്ഞു.
പരിപാടിയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു. ജില്ലാ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഇ.ചന്ദ്രശേഖരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. 

മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവ മാസ്റ്റര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗോപാലകൃഷ്ണ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.കുമാര്‍, അബ്ദുല്‍ മജീദ് സഖാഫി, അഡ്വ: ഹനീഫ് ഹുദൈവി, സി.എച്ച് ഷൗക്കത്തലി, എന്‍.കെ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

 പി. സേതുലക്ഷ്മി മാനവമൈത്രി ഗാനം ആലപിച്ചു. നോമ്പുതുറയോടെയാണ് സംഗമം സമാപിച്ചത്. സൗഹൃദ സെക്രട്ടറി പി. സതീന്ദ്രന്‍ സ്വാഗതവും പ്രസിഡന്റ് എന്‍.എം കൃഷ്ണന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.