Latest News

മധുരക്കിഴങ്ങ് കൃഷിയില്‍ വിജയം കൊയ്യാന്‍ വാണി പുരുഷ സ്വയം സഹായ സംഘം

കാഞ്ഞങ്ങാട്:[www.malabarflash.com] അജാനൂര്‍ കൃഷിഭവന്റെ കീഴിലുള്ള വാണിയമ്പാറ കുന്നുംപ്രദേശത്ത് മധുരക്കിഴങ്ങ് കൃഷിയിറക്കി രാവണേശ്വരത്തെ മധുരക്കിഴങ്ങ് കൃഷിയുടെ മുന്‍കാല പെരുമ തിരിച്ച് പിടിക്കാന്‍ ശ്രമിക്കുകയാണ് വാണിയമ്പാറ വാണി പുരുഷ സ്വയം സഹായസംഘം പ്രവര്‍ത്തകര്‍.

ഓണം വിളവെടുപ്പിനായി കമലാക്ഷ സ്വാമി വാരിക്കാടിന്റെ അഞ്ചേക്കറോളം വരുന്ന കര കൃഷി സ്ഥലത്ത് മധുരക്കിഴങ്ങ് കൃഷി ഇറക്കിയിരിക്കുന്നത്. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മധുരക്കിഴങ്ങ് കൃഷി വിളവെടുപ്പ് കാഞ്ഞങ്ങാട് ബ്ലോക്കിലാണ്. അതില്‍ ഏറിയ ഭാഗവും രാവണേശ്വരം പ്രദേശത്താണ്. 

എന്നാല്‍ വര്‍ദ്ധിച്ച് വരുന്ന കൃഷി ചെലവും തൊഴിലാളി ക്ഷാമവും ഏറെ പേരെയും ഇതില്‍ നിന്നും പിന്തിരിപ്പിച്ചു. അതുകൊണ്ട് കൃഷി സ്ഥലങ്ങള്‍ അധികവും തരിശ് ഭൂമിയായി കിടക്കുന്നു. അത്തരം തരിശുഭൂമിയിലാണ് സംഘം പ്രവര്‍ത്തകരുടെ ശ്രമഫലമായി വീണ്ടും കൃഷിയോഗ്യമാക്കി കൃഷിയിറക്കിയിരിക്കുന്നത്. 

ഇതിന് മുമ്പും വാണി പുരുഷ സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ മധുരക്കിഴങ്ങ് കൃഷി നടത്തിയിരുന്നു. അതില്‍ നിന്ന് പ്രതീക്ഷിച്ച വിളവും കൃഷിഭവന്റെ സഹായവും ലഭിച്ചിരുന്നു. 19 അംഗങ്ങളുള്ള സംഘം അള്ളങ്കോട്ട് വയല്‍ പാട്ടത്തിനെടുത്ത് തരിശുഭൂമിയില്‍ നെല്‍കൃഷിയും ചെയ്തിരിക്കുകയാണ്. രണ്ട് കൃഷിയിലും പുരുഷന്‍മാരും സ്ത്രീകളടക്കം 200 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാന്‍ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കൃഷിക്കാവശ്യമായ ജോലികള്‍, തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംഘങ്ങളെ ഉള്‍പ്പെടുത്താത്തതില്‍ സംഘങ്ങളുടെ പ്രതിഷേധം പഞ്ചായത്തിനെ അറിയിക്കാന്‍ സംഘം ശ്രമിച്ചിട്ടുണ്ട്.
വാണി സംഘത്തിലെ കര്‍ഷകന്‍ കരുണാകരന്‍ വേലാശ്വരത്തിന്റേയും സുധീരന്‍ അള്ളങ്കോട്ടിന്റെയും നേതൃത്വത്തിലാണ് മധുരക്കിഴങ്ങ് കൃഷിയും, അള്ളങ്കോട്ട് വയലിലെ തരിശ് ഭൂമിയിലെ നെല്‍കൃഷിയും നടത്തുന്നത്. 

സംഘം സെക്രട്ടറി വിജയന്‍ പച്ചിക്കാരന്‍ വീട്, പ്രസിഡന്റ് അഖിലേഷ് മൂലക്കേവീട് കൃഷികാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നു. കഴിഞ്ഞ തവണത്തെ കൃഷി വിളവ് ഇടനിലക്കാരുമായുള്ള വിപണന ലാഭം കുറഞ്ഞത് കൊണ്ട് ഇപ്രാവശ്യം കൃഷിഭവനുമായി നേരിട്ട് വിപണനം ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാംഗങ്ങള്‍. 

ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഓണം വിപണന പച്ചക്കറി പരിപാടിയില്‍ മധുരക്കിഴങ്ങ് കൃഷിയും ഉള്‍പ്പെടുത്തണമെന്ന് സംഘം ഭാരവാഹികള്‍ അധികൃതരോട് അഭ്യര്‍ത്ഥിക്കുന്നു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.