Latest News

ബാലസദനത്തില്‍ നിന്ന് മുങ്ങിയ ഇരട്ടക്കുട്ടികള്‍ ആയയുടെ സിം കാര്‍ഡും പണവും തട്ടിയെടുത്തു

കാഞ്ഞങ്ങാട്: [www.malabarflash.com] സേവാഭാരതിയുടെ നിയന്ത്രണത്തില്‍ ഏച്ചിക്കാനത്ത് പ്രവര്‍ത്തിച്ചു വരുന്ന വൃന്ദാവനം ബാലസദനത്തില്‍ ഞായറാഴ്ച എത്തിയ കണ്ണൂര്‍ ജില്ലയിലെ ആറളം സ്വദേശികളായ ഇരട്ടക്കുട്ടികള്‍ നാടകീയമായി മുങ്ങി.

ഞായറാഴ്ച രാവിലെ 10 മണിയോടെ അമ്മ ജാന്‍സിയാണ് തന്റെ പതിമൂന്ന് വയസ് വീതം പ്രായമുള്ള ഇരട്ടക്കുട്ടികളെ ബാലസദനത്തില്‍ എത്തിച്ചത്.
ജീവിക്കാന്‍ വഴിയില്ലെന്നും ഇവരുടെ തുടര്‍ പഠനം വഴിമുട്ടി നില്‍ക്കുകയാണെന്നും ബാലസദനത്തിലെത്തിയ ജാന്‍സി പറഞ്ഞിരുന്നു. സാധാരണ ഈ ബാലസദനത്തില്‍ കുട്ടികളെ പാര്‍പ്പിക്കണമെങ്കില്‍ വ്യക്തമായ മേല്‍വിലാസവും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളുമൊക്കെ ആവശ്യമാണ്. ബാലസദനം നടത്തിപ്പുകാര്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ തിങ്കളാഴ്ച അത് എത്തിക്കാമെന്നും അതുവരെ കുട്ടികളെ ബാലസദനത്തില്‍ പാര്‍പ്പിക്കണമെന്നും പറഞ്ഞ് ജാന്‍സി മടങ്ങി.
ജാന്‍സിയുടെ വാക്കില്‍ വിശ്വസിച്ച ബാലസദനം നടത്തിപ്പുകാര്‍ കുട്ടികളെ അവിടെ അന്ന് താമസിപ്പിക്കാമെന്ന് സമ്മതിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ ഇരട്ടക്കുട്ടികള്‍ നാടകീയമായി ബാലസദനത്തില്‍ നിന്ന് മുങ്ങി. ഏച്ചിക്കാനത്ത് എത്തുന്നതിന് മുമ്പ് സേവാഭാരതിയുടെ മട്ടന്നൂരിലുള്ള ബാലസദനത്തില്‍ ജാന്‍സി കുട്ടികളെയും കൂട്ടി പോയിരുന്നു.
എന്നാല്‍ അവിടെ സൗകര്യം ഇല്ലാത്തതിന്റെ പേരില്‍ ഏച്ചിക്കാനത്തെ ബാലസദനത്തിലേക്ക് അയക്കുകയായിരുന്നു. 

ഏച്ചിക്കാനം ബാലസദനത്തില്‍ നിന്ന് തിങ്കളാഴ്ച ഉച്ചക്ക് മുങ്ങിയ കുട്ടികള്‍ ആയ പത്മിനി അടുക്കളയില്‍ വെച്ചിരുന്ന മൊബൈല്‍ ഫോണില്‍ നിന്ന് സിം കാര്‍ഡ് ഊരിയെടുക്കുകയും ഓഫീസ് മേശ വലിപ്പിലുണ്ടായിരുന്ന എട്ടായിരം രൂപയും അപഹരിച്ചാണ് ഇവര്‍ മുങ്ങിയത്. ഈ പണമുപയോഗിച്ച് ഇവര്‍ പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിയതായി സംശയിക്കുന്നു.
ആയയുടെ സിം കാര്‍ഡ് ഘടിപ്പിച്ച് ഈ മൊബൈല്‍ ഫോണ്‍ ഇവര്‍ ഉപയോഗിച്ചതായി സൂചനയുണ്ട്. 

സൈബര്‍ സെല്ലിന്റെ സഹായത്തോടുകൂടി നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ മൊബൈല്‍ ഫോണ്‍ ടവര്‍ പരിധിയിലുണ്ടെന്നാണ് പോലീസ് തിരിച്ചറിഞ്ഞത്. 

ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു.പ്രേമന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാലസദനം അധികൃതരുടെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.