Latest News

ഉണക്കാനിട്ട വസ്ത്രങ്ങള്‍ക്കൊപ്പം വീട്ടിലെത്തിയ പാമ്പിന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു

തൃപ്പൂണിത്തുറ: [www.malabarflash.com]ഉണക്കാന്‍ വിരിച്ച വസ്ത്രങ്ങള്‍ തിരികെയെടുത്തപ്പോള്‍ വസ്ത്രത്തില്‍ കയറി വീടിനുള്ളിലെത്തിയ പാമ്പിന്റെ കടിയേറ്റ് വീട്ടമ്മ മരിച്ചു. കുടുംബശ്രീ ജില്ലാമിഷനു കീഴില്‍ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ഓഡിറ്ററായ പൂത്തോട്ട ആലുങ്കല്‍ ദീപ സുരേഷ് (40) ആണ് മരിച്ചത്.

കഴിഞ്ഞ മൂന്നിന് വൈകിട്ട് ഏഴിന് വീട്ടിലെ കിടപ്പുമുറിയിലാണു പാമ്പുകടിയേറ്റത്. വീടിനു സമീപത്തെ പറമ്പില്‍ പുല്ലിനു മുകളില്‍ വിരിച്ച് ഉണക്കിയെടുത്ത വസ്ത്രങ്ങള്‍ കട്ടിലില്‍ ഇട്ടശേഷം വിശ്രമിക്കാന്‍ കിടന്ന ദീപയുടെ കഴുത്തില്‍ പാമ്പ് കടിക്കുകയായിരുന്നു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വെള്ളി രാത്രിയായിരുന്നു മരണം. സംസ്‌കാരം നടത്തി.

കോട്ടയം സ്വദേശിയായ ദീപ, ആലുങ്കല്‍ സുരേഷിനെ വിവാഹം കഴിച്ച് രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ പൂത്തോട്ടയിലെ ശര്‍മ വധക്കേസില്‍ ഉള്‍പ്പെട്ട് ഭര്‍ത്താവ് ജയിലിലായി. പിന്നീട് കുട്ടികളെ വളര്‍ത്തിയതും കുടുംബ സംരക്ഷണവുമെല്ലാം ദീപ തനിച്ചായിരുന്നു. സുരേഷ് ഇപ്പോഴും നെയ്യാര്‍ഡാം ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.

പത്താം ക്ലാസില്‍ പഠിക്കുന്ന മകളുടെയും ആറാം ക്ലാസില്‍ പഠിക്കുന്ന മകന്റെയും ഏക ആശ്രയമായിരുന്നു ദീപ. ഭര്‍ത്താവിന്റെ വയോധികരായ മതാപിതാക്കളുടെ സംരക്ഷണച്ചുമതലയും ഇവര്‍ക്കായിരുന്നു. ബികോം ബിരുദധാരിയായ ദീപ, കുടുംബശ്രീ ഓഡിറ്റര്‍ ആണ്. സൗഹൃദത്തോടെയുള്ള പെരുമാറ്റത്തിലൂടെ അവര്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ പ്രിയങ്കരിയായി.

ദീപ ആശുപത്രിയിലായതിനെ തുടര്‍ന്ന് മന്ത്രി കെ. ബാബു ഇടപെട്ട് സുരേഷിന് പരോള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ദീപ പോയതോടെ ആശ്രയമറ്റ രണ്ടുകുട്ടികളെ പരോള്‍ കഴിഞ്ഞ് സുരേഷ് വീണ്ടും ജയിലിലേക്ക് പോകുമ്പോള്‍ ആരുനോക്കും എന്നചോദ്യം ശനിയാഴ്ച മരണവീട്ടില്‍ എത്തിയ എല്ലാവരുടെയും മനസ്സിനെ നൊമ്പരപ്പെടുത്തി.
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.