Latest News

വ്യാജ ആധാരമുണ്ടാക്കി ബാങ്കുകളില്‍നിന്ന് അഞ്ചു കോടി തട്ടിയ പ്രതികള്‍ അറസ്റ്റില്‍

തൃശൂര്‍: [www.malabarflash.com] വ്യാജ ആധാരങ്ങളുണ്ടാക്കി ബാങ്കുകളില്‍നിന്ന് അഞ്ചു കോടി രൂപ തട്ടിയ സംഘത്തിലെ രണ്ടു പ്രധാന പ്രതികളെ വെസ്റ്റ് പോലീസ് പിടികൂടി. ഒറ്റപ്പാലം സ്വദേശി പാലപ്പുറം പാറയ്ക്കല്‍ വീട്ടില്‍ മുഹമ്മദ് റഫീക് (40), കോലഴി പൂവണി സ്വദേശി വട്ടേക്കാട്ട് വീട്ടില്‍ രാജന്‍ (53) എന്നിവരെയാണു വെസ്റ്റ് സിഐ സി.ആര്‍. രാജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ നഗറിലുള്ള സര്‍ക്കാരിന്റെ ഒരു ധനകാര്യസ്ഥാപനത്തില്‍ വ്യാജആധാരം നല്‍കി ഒരു കോടി രൂപ തട്ടിയതായാണു കണെ്ടത്തിയിരിക്കുന്നത്. കുറികള്‍ക്കു ജാമ്യമായി വ്യാജആധാരങ്ങള്‍ നല്‍കിയാണ് ഇവര്‍ പണം തട്ടിയത്. പ്രതി റഫീക്കിന്റെ ഉമ്മയുടെ പേരില്‍ മുമ്പുണ്ടായിരുന്നതും പിന്നീടു വില്‍പന നടത്തിയതുമായ സ്ഥലത്തിന്റെ കീഴാധാരം കാണിച്ചു കള്ള ആധാരമുണ്ടാക്കി, നികുതിയടച്ചാണു തട്ടിപ്പു നടത്തിയിരുന്നത്. 

ഒരേ വില്ലേജ്, ഒരേ രജിസ്റ്റര്‍ ഓഫീസ് കേന്ദ്രീകരിച്ച് അഞ്ചു വ്യാജ ആധാരങ്ങള്‍ ഇത്തരത്തില്‍ ഉണ്ടാക്കിയതായും പോലീസ് കണെ്ടത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണോ വ്യാജ ആധാരങ്ങള്‍ ഉണ്ടാക്കുകയും നികുതിയടയ്ക്കുകയും ചെയ്തതെന്നു പോലീസ് പരിശോധിച്ചു വരികയാണ്. തട്ടിപ്പു നടത്താന്‍ ഉദ്യോഗസ്ഥരും കൂട്ടുനിന്നതായാണു പോലീസ് സംശയിക്കുന്നത്.

വ്യാജ ആധാരങ്ങള്‍ സമര്‍പ്പിച്ചു വിവിധ ബാങ്കുകളില്‍നിന്നു ഇവര്‍ അഞ്ചു കോടിയോളം രൂപ തട്ടിയതായാണു പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. കാലാവധി കഴിഞ്ഞിട്ടും പണം തിരിച്ചടയ്ക്കാതെ വന്നതോടെ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയപ്പോഴാണു വ്യാജ ആധാരത്തിന്റെ വിവരം പുറത്തു വന്നത്. 

ബാങ്കുകളില്‍നിന്നു പണമെടുത്തു പലിശയ്ക്കു നല്‍കുകയാണു പ്രതികള്‍ ചെയ്തിരുന്നത്.
ഇവരുടെ മൊബൈല്‍ പരിശോധിച്ച് ഇടനിലക്കാരെയും മറ്റുള്ളവരെയും കണെ്ടത്താനുള്ള ശ്രമത്തിലാണു പോലീസ്. ബാങ്കുകളിലെ ഉദ്യോഗസ്ഥരെയും പോലീസ് ചോദ്യംചെയ്‌തേക്കും. ഇവരുടെ ഒത്താശ കൂടാതെ ഇത്തരത്തില്‍ പണം തട്ടാന്‍ സാധിക്കില്ലെന്നും പോലീസ് പറഞ്ഞു.

പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ സിഐയെ കൂടാതെ എഎസ്‌ഐ ബിനന്‍, ജൂണിയര്‍ എസ്‌ഐമാരായ വിനു മോഹന്‍, അനീഷ് കരിം, സിപിഒ രാജീവ് രാമചന്ദ്രന്‍ എന്നിവരുമുണ്ടായിരുന്നു.
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.