Latest News

മാങ്ങാട്ട് ആരാധനാലയം അശുദ്ധമാക്കിയ സംഭവം: 5ന് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച്

കാസര്‍കോട്: [www.malabarflash.com] മാങ്ങാട് ആരാധനാലയം അശുദ്ധമാക്കിയ സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറാവുന്നില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

അക്രമികള്‍ ആഗ്രഹിച്ച രീതിയില്‍ യാതൊരു പ്രശ്‌നവും ഉണ്ടാകാതെ നോക്കാന്‍ കഴിഞ്ഞിരുന്നു. സമാധാനം നിലനിര്‍ത്താനാണ് സ്ഥലത്തെത്തിയ ജില്ലാ ഭരണകൂടവും ആരാധനാലയം ഭാരവാഹികളും ജനങ്ങളോട് ആവശ്യപ്പെട്ടത്.

എന്നാല്‍ നാളിതുവരെയായിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണം ഇപ്പോഴുള്ള ടീമിനെ മാറ്റി പുതതിയ ടീമിനെ ഏല്‍പ്പിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. നിരവധിപേരെ ചോദ്യംചെയ്‌തെങ്കിലും അവരെയെല്ലാം ഇറക്കിക്കൊണ്ടുപോവുകയായിരുന്നു.

മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, എം.എല്‍.എ. എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. കൂടാതെ ജില്ലാ കളക്ടര്‍, പോലീസ് ചീഫ് എന്നിവരെ നേരിട്ട് കണ്ടും പ്രതികളെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്ന പലര്‍ക്കും രക്ഷപ്പെടാനുള്ള അവസരമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു.

30 ഓളം ആരാധനാലയങ്ങള്‍ ചേര്‍ന്നാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. പോലീസിന്റെ ഭാഗത്തുനിന്നും ക്രിയാത്മകമായ പ്രവര്‍ത്തനം ഉണ്ടായാല്‍ മാത്രമേ മതസൗഹാര്‍ദത്തോടെ കഴിഞ്ഞിരുന്ന മാങ്ങാട്ട് സമാധാനം പുലരുകയുള്ളുവെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. കാപ്പ കേസിലടക്കം ഉള്‍പെട്ട വിരലിലെണ്ണാവുന്ന ചിലരാണ് നാടിന്റെ സൗഹാര്‍ദം തകര്‍ക്കുന്ന ഈ സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും ഭാരവാഹികള്‍ വ്യക്തമാക്കി. പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് അഞ്ചിന് രാവിലെ 9.30ന് ആരാധനാലയത്തിന് മുന്നില്‍നിന്നും ആരംഭിക്കും.


കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ എം. ബാലകൃഷ്ണന്‍ നായര്‍ മുല്ലച്ചേരി, കുഞ്ഞിക്കണ്ണന്‍ അമരാവതി, കുഞ്ഞിരാമന്‍നായര്‍ കാവുങ്കയം, തമ്പാന്‍ അച്ചേരി എന്നിവര്‍ സംബന്ധിച്ചു.



Keywords: Kasaragod News,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.