Latest News

നെല്ലിക്കയും വാങ്ങി സഫിയയെ കാണാന്‍ പോയ മൊയ്തുവിന്റെ വാക്കുകള്‍ കുറിച്ചിടുമ്പോള്‍ കൈ വിറച്ചുപോയെന്ന് ജഡ്ജ്

കാസര്‍കോട്:[www.malabarflash.com] 'അയ്യങ്കേരിയില്‍ നിന്ന് മകളെ കാണാന്‍ വരുമ്പോള്‍ ബസിന് കാശില്ലാതെ അടുത്ത വീട്ടില്‍ നിന്ന് ഇഞ്ചി കടം വാങ്ങി കാഞ്ഞങ്ങാട് കൊണ്ടു വന്ന് വിറ്റ് അതിലെ 15 രൂപ കൊണ്ട് നെല്ലിക്ക വാങ്ങി. നെല്ലിക്ക മകള്‍ക്ക് ഏറെ ഇഷ്ടമായിരുന്നു. അതുമായി മാസ്തിക്കുണ്ടിലെ വീട്ടിലെത്തിയപ്പോള്‍ ഹംസ ഒരു കുട്ടിയുടെ കയ്യും പിടിച്ച് നില്‍ക്കുന്നു. നെല്ലിക്ക പൊതി കുഞ്ഞിനെ ഏല്‍പ്പിച്ച് സഫിയക്കും കൊടുക്കണമെന്ന് പറഞ്ഞു.

' മൊയ്തു കോടതിയില്‍ പറഞ്ഞ ആ വാചകം ഞാന്‍ കുറിച്ചിടുമ്പോള്‍ കൈ വിറച്ചുപോയി. വികാരതീവ്രതയോടെ ജില്ലാ സെഷന്‍സ് ജഡ്ജ് എന്‍. ശക്തിധരന്റെ വാക്കുകള്‍ ഒരുവേള കോടതിയെ നിശബ്ദമാക്കി. 

ഗോവയില്‍ കുഴിയെടുത്ത് മകളുടെ ഓരോ അസ്ഥിയും പെറുക്കിയെടുക്കുന്നത് കണ്ടു നിന്നപ്പോള്‍ മൊയ്തുവല്ലാതെ മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഹൃദയം പൊട്ടി മരിച്ചേനെ എന്ന് ജഡ്ജ് പറഞ്ഞു. ഏറെ വികാരതീവ്രമായ രംഗങ്ങള്‍ക്കായിരുന്നു ബുധനാഴ്ച ജില്ലാ സെഷന്‍സ് കോടതി സാക്ഷ്യം വഹിച്ചത്. മൂന്ന് പ്രതികളുടെയും ശിക്ഷ നാളെ പ്രസ്താവിക്കും
നിര്‍വികാരനായാണ് സഫിയ കൊലക്കേസിലെ ഒന്നാം പ്രതി ഗോവയിലെ കരാറുകാരന്‍ പൊവ്വല്‍ മാസ്തിക്കുണ്ടിലെ കെ.സി ഹംസ (50)ജില്ലാ സെഷന്‍സ് കോടതിയില്‍ വിസ്താരത്തിനിടയില്‍ മുഴുനീളെ കണ്ടത്. എന്നാല്‍ ഭാര്യ മൈമൂന(38) വിതുമ്പിക്കൊണ്ടിരുന്നു. ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് ജില്ലാ സെഷന്‍സ് ജഡ്ജ് എന്‍. ശക്തിധരന്‍ ചോദിച്ചപ്പോള്‍ ഹംസ കൂട്ടില്‍ നിന്നിറങ്ങി ജഡ്ജിയുടെ ചേംമ്പറിന് സമീപം എത്തി തനിക്ക് 18 വയസ്സുള്ള മകളും 12 വയസ്സുള്ള മകനുമുണ്ടെന്നും അവരെ നോക്കാന്‍ ആളില്ലെന്നും അതിനാല്‍ ശിക്ഷ കുറക്കണമെന്നും ആവശ്യപ്പെട്ടു. മൈമൂനയോടും കോടതി ആരാഞ്ഞു. 

പൊട്ടിക്കരഞ്ഞുകൊണ്ട് ചേംബറിനരികിലെത്തിയ മൈമൂന മക്കളെക്കുറിച്ച് തന്നെയാണ് പറഞ്ഞത്. രണ്ടു കുട്ടികളും ഗോവയില്‍ പഠിക്കുകയാണെന്നും അവരെ നോക്കാന്‍ ആളില്ലെന്നും മൈമൂന പറഞ്ഞു. കേസിലെ മൂന്നാം പ്രതി ആരിക്കാടി കുന്നിലിലെ അബ്ദുല്ല(58)യും തന്റെ കുടുംബത്തെക്കുറിച്ച് തന്നെയാണ് പറഞ്ഞത്.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ സി. ഷുക്കൂര്‍ ആവശ്യപ്പെട്ടു. ശിക്ഷയെക്കുറിച്ചുള്ള വിസ്താരം ഏറെ നീണ്ടുനിന്നു. 2014 ഒക്‌ടോബറിലെ ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്ത്, ജസ്റ്റിസ് ആര്‍.കെ അഗര്‍വാള്‍, ജസ്റ്റിസ്റ്റ് അരുണ്‍ മിശ്ര എന്നിവര്‍ അംഗങ്ങളായ ബെഞ്ച് പുറപ്പെടുവിച്ച ഒരു വിധിന്യായം ഉയര്‍ത്തിക്കാട്ടിയ പബ്ലിക് പ്രോസിക്യൂട്ടര്‍ സമാനസ്വഭാവമുള്ള കേസാണിതെന്ന് വാദിച്ചു. 

ഏറെ പൊതുജനശ്രദ്ധ നേടിയ കേസില്‍ കൊലക്കുറ്റത്തിന് ഹംസ ദയ അര്‍ഹിക്കുന്നില്ലെന്നും കടുത്ത ശിക്ഷ നല്‍കണമെന്നും ഇയാള്‍ സമൂഹത്തിന് ഭീഷണിയാണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. പതിനാല് വയസുള്ള കുട്ടിയെ വീട്ടില്‍ ജോലിക്ക് നിര്‍ത്തുകയും നിഷ്ഠൂരമായി വെട്ടിനുറുക്കി കൊല്ലുകയും അക്കാര്യം ഒന്നരവര്‍ഷം മറച്ചുവെക്കുകയും ചെയ്തു. മൈമൂനയും അബ്ദുല്ലയും പരമാവധി ശിക്ഷക്ക് അര്‍ഹരാണെന്നും സി. ഷുക്കൂര്‍ കോടതിയില്‍ വാദിച്ചു. 

സഫിയയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടണമെന്നും അദ്ദേഹം വാദിച്ചു. പ്രതികളില്‍ നിന്ന് 10 ലക്ഷം രൂപ വീതം പിഴയീടാക്കി കൊല്ലപ്പെട്ട സഫിയയുടെ രക്ഷിതാക്കള്‍ക്ക് നല്‍കണം. മക്കള്‍ മാതാപിതാക്കളുടെ സ്വത്താണ്. ഭരണകൂടത്തിനും ഉത്തരവാദിത്വമുണ്ടെന്നും അതിനാല്‍ ഭരണകൂടവും സഫിയയുടെ രക്ഷിതാക്കള്‍ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. 

തുടക്കത്തില്‍ കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചവരാരെന്ന് കണ്ടത്തേണ്ടതുണ്ടെന്നും അതിനാല്‍ ഇത് അന്വേഷിക്കാനായി സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
എന്നാല്‍ പ്രതിഭാഗം അഭിഭാഷകരായ അഡ്വ. സി.എന്‍ ഇബ്രാഹിം, അഡ്വ. എ.ജി നായര്‍ എന്നിവര്‍ പ്രതികള്‍ക്ക് കുറഞ്ഞ ശിക്ഷ നല്‍കിയാല്‍ മതിയെന്ന് വാദിച്ചു. സഫിയ കൊലക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസല്ലെന്നും അവിചാരിതമായ സംഭവമാണെന്നും സി.എന്‍ ഇബ്രാഹിം വാദിച്ചു. 

പൊള്ളലേറ്റ് കിടന്ന സഫിയക്ക് ബര്‍ണോള്‍ വാങ്ങിക്കൊണ്ടു വന്ന് പുരട്ടിയതായും രാത്രി പനി വന്നപ്പോള്‍ ഗുളിക വാങ്ങി നല്‍കിയതായും കുറ്റപത്രത്തിലുണ്ട്. കൂടാതെ കാപ്പി ആവശ്യപ്പെട്ടപ്പോള്‍ ഹംസ സ്വന്തം കൈകൊണ്ട് ഉണ്ടാക്കി നല്‍കിയെന്നും വത്തക്ക ജ്യൂസ് വേണമെന്ന് പറഞ്ഞപ്പോള്‍ അതും നല്‍കിയെന്നും കുറ്റപത്രത്തിലുള്ളപ്പോള്‍ കൊല ആസൂത്രിതമെന്ന് എങ്ങനെ പറയാനാകുമെന്നായിരുന്നു സി.എന്‍ ഇബ്രാഹിമിന്റെ വാദം. 

രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നിരുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും ബാക്കിയെല്ലാം അവിചാരിതമായിരുന്നുവെന്നും അദ്ദേഹം വാദിച്ചു. അതിനാല്‍ കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.
മൈമൂനയെ കുറ്റക്കാരിയെന്ന് കണ്ടെത്തിയത് ജാമ്യം കിട്ടുന്ന കേസിലായതിനാല്‍ ശിക്ഷിക്കപ്പെട്ടാല്‍ അപ്പീലിന്മേല്‍ ജില്ലാ കോടതിയില്‍ നിന്ന് തന്നെ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.