Latest News

ഓണത്തിന് വര്‍ണപ്പട്ടുമായി കാസര്‍കോട് സാരീസ്

കാസര്‍കോട്: [www.malabarflash.com] പൊന്നോണത്തെ നിറങ്ങളുടെ വര്‍ണ്ണ വിസ്മയമൊരുക്കി വരവേല്‍ക്കാനും കേരളമങ്കമാര്‍ക്ക് ചാരുത പകരാനും കാസര്‍കോട് സാരീസ് ഒരുങ്ങി. വിദ്യാനഗര്‍ ഉദയഗിരിയിലുള്ള കാസര്‍കോട് വീവേഴ്‌സ് കോര്‍പറേറ്റീവ് സൊസൈറ്റിയിലും കാസര്‍കോട് പഴയ ബസ്റ്റാന്റിലുള്ള കോര്‍പറേറ്റീവ് സൊസൈറ്റിയുടെ ഷോറൂമിലും വിവിധ വര്‍ണ്ണത്തിലും ഡിസൈനിലുമുള്ള കാസര്‍കോട് സാരീസിന്റെ വന്‍ശേഖരം തന്നെ എത്തിയിട്ടുണ്ട്..

കണ്ണഞ്ചിപ്പിക്കുന്ന നിറത്തിലും ഇളം നിറത്തിലുമുള്ള ഈ സാരികള്‍ 20 ശതമാനം റിബേറ്റോടുകൂടിയാണ് വിപണനം ചെയ്യുന്നത്. 1000 രൂപ മുതല്‍ 1800 രൂപ വരെയാണ് ഇതിന്റെ വില.

സിക്സ്റ്റീസ് ഫാന്‍സി ബുട്ട, സിക്റ്റീസ് ഫാന്‍സി സ്‌പെഷ്യല്‍ മിക്‌സ് , സിക്റ്റീസ് സ്‌പെഷ്യല്‍ ബുട്ട, എയ്റ്റീസ് ഫാന്‍സി ജാല ബുട്ട, എയ്റ്റീസ് ബോര്‍ഡര്‍ ചെക്ക് , എയ്‌ററീസ് ഓട്ടോമാറ്റിക് കോട്ടഞ്ച് ജാല ബുട്ട , സിക്റ്റീസ് ഫാന്‍സി ചെക്ക് തുടങ്ങിയ വെറൈറ്റികളാണ് കാസര്‍കോട് സാരീസിന്റെ ശേഖരത്തില്‍ മുഖ്യമായവ. 

പ്രകൃതി ദത്തമായ നൂല്‍ ഉപയോഗിച്ച് യന്ത്രസഹായമില്ലാതെ വര്‍ണ്ണത്തില്‍ വിരിയിച്ചെടുത്ത ഈ സാരികള്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്നതാണ് പ്രത്യേകത. തികച്ചും പരിസ്ഥിതി സൗഹൃദമായ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് നെയ്ത് എടുക്കുന്ന സാരിക്ക് ജില്ലയ്ക്ക് പുറത്തും കേരളത്തിന് പുറത്തും വന്‍ ഡിമാന്റാണ് ഉള്ളത്. മികവിനുള്ള അംഗീകാരമായി 2010ല്‍ തന്നെ സാരിയെ തേടി ഭൗമ സൂചിക പദവി എത്തി.

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓണത്തിനോടനുബന്ധിച്ച് കാഞ്ഞങ്ങാട് സംഘടിപ്പിക്കുന്ന മേളയിലും ഹാന്റ്‌ലൂം ഡയറക്‌ട്രേറ്റിന്റെ ആഭിമുഖ്യത്തില്‍ തിരുവന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയിലും കാസര്‍കോട് സാരീസ് വിപണനം ചെയ്യുന്നുണ്ട്. 

ഉദയഗിരിയിലുള്ള കാസര്‍കോട് വീവേഴ്‌സ് കോര്‍പറേറ്റീവ് സൊസൈറ്റിയില്‍ ഒരുക്കിയ ഓണം വിപണന മേള രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ദിനംപ്രതി 50,000ത്തോളം രൂപയുടെ കച്ചവടം നടക്കുന്നതായി അധികൃതര്‍ പറയുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.