Latest News

അച്ഛനും മകനും തമ്മിലുള്ള സംഘര്‍ഷത്തില്‍ ബന്ധു കുത്തേറ്റു മരിച്ചു

അടിമാലി:[www.malabarflash.com] അച്ഛനും മകനും തമ്മിലുളള വാക്കുതര്‍ക്കത്തിനിടെ പിടിച്ചു മാറ്റാനെത്തിയ ബന്ധുവായ യുവാവ് കുത്തേറ്റു മരിച്ചു. വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മുനിയറയിലാണു സംഭവം.

മുനിയറ ലക്ഷ്മിഭവനില്‍ മുരളീധരന്‍(42)ആണു മരിച്ചത്. മുനിയറ കളപ്പുരയ്ക്കല്‍ തങ്കപ്പന്റെ (59) പേരില്‍ പോലീസ് കേസെടുത്തു. ഇയാള്‍ പരിക്കുകളോടെ നെടുങ്കണ്ടത്തു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുരളീധരന്റെ അമ്മയുടെ സഹോദരനാണു തങ്കപ്പന്‍.

ശനിയാഴ്ച രാത്രി പത്തിനു തങ്കപ്പനും മകന്‍ പ്രതീഷും തമ്മില്‍ വഴക്കിട്ടിരുന്നു. വലിയ ബഹളംകേട്ട് അയല്‍പക്കത്തു താമസിക്കുന്ന മുരളീധരന്‍ ഇവരുടെ വീട്ടില്‍ എത്തുകയായിരുന്നു. അച്ഛനും മകനും തമ്മില്‍ ഏറ്റുമുട്ടുന്നതു കണ്ട് ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. സംഘട്ടനത്തിനിടെ തങ്കപ്പന്‍ കൈയിലിരുന്ന കത്തികൊണ്ട് മകന്‍ പ്രതീഷിനെ കുത്തിയെങ്കിലും മുരളീധരനാണു കുത്തേറ്റത്. ഇതിനിടെ, തങ്കപ്പനും മുറിവേറ്റു. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മുരളീധരന്‍ മരിച്ചു.

വീട്ടിലിരുന്നു മദ്യപിച്ചശേഷമുണ്ടായ തര്‍ക്കമാണ് അച്ഛനും മകനും തമ്മില്‍ സംഘട്ടനത്തിനു കാരണമായത്. വെള്ളത്തൂവല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുരളീധരന്റെ മൃതദ്ദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. അജിതയാണു മുരളീധരന്റെ ഭാര്യ. മകന്‍: രതീഷ്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.