Latest News

പ്രശസ്ത കാഥിക ആയിഷ ബീഗം അന്തരിച്ചു

ആലപ്പുഴ: [www.malabarflash.com] കഥാപ്രസംഗ കലയിലെ ആദ്യ മുസ് ലിം വനിതകളിലൊരാളായ ആയിഷ ബീഗം (72) അന്തരിച്ചു. പുലര്‍ച്ചെ പുന്നപ്ര നന്ദിക്കാട്ട് വെളി 'മാനസി'യില്‍ മകന്‍ അന്‍സാറിന്‍െറ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖ ബാധിതയായിരുന്നു. 

കഷ്ടപാടും ദുരിതവും നിറഞ്ഞ ജീവിതത്തിലും കഥാപ്രസംഗ കലയെ നെഞ്ചോടു ചേര്‍ത്തു പിടിച്ച കലാകാരിയാണ് ആയിഷ ബീഗം. കേരളത്തിന് അകത്തും പുറത്തും മൂവായിരത്തോളം വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ പലതും സഹൃദയ ലോകം ആദരവോടെ സ്വീകരിച്ചു.

1943ലാണ് ആയിഷ ബീഗത്തിന്‍െറ ജനനം. മുഹമ്മദുകണ്ണ് -ഫാത്തിമ ദമ്പതികളുടെ മകളായ ആയിഷയുടെ കുടുംബം ചെറുപ്പകാലത്ത് തന്നെ ആലപ്പുഴയിലേക്ക് കുടിയേറി. കഥാപ്രസംഗ വേദികളില്‍ ഭര്‍ത്താവ് എ.എം ശെരീഫ് പ്രോത്സാഹനവും പ്രചോദനവും നല്‍കി. 1998ല്‍ അദ്ദേഹം മരിച്ചു.

മൂന്ന് പതിറ്റാണ്ടോളം മാപ്പിള-സാമൂഹ്യ പശ്ചാത്തലമുള്ള കഥകള്‍ വിവിധ വേദികള്‍ ആയിഷ ബീഗം അവതരിപ്പിച്ചു. 'ധീര വനിത' എന്ന കഥ ആലപ്പുഴ വട്ടപ്പള്ളിയിലെ വേദിയില്‍ അവതരിപ്പിച്ചായിരുന്നു കഥാപ്രസംഗ രംഗത്തേക്ക് ആയിഷ ബീഗം കടന്നുവന്നത്. മുസ് ലിം വനിതകള്‍ പരസ്യമായി വേദികളില്‍ കഥ പറയാന്‍ മടിച്ചിരുന്ന കാലഘട്ടത്തില്‍ തന്നിലുള്ള പ്രതിഭയെ അടക്കി നിര്‍ത്താന്‍ ആയിഷക്കായില്ല.
ത്യാഗം, സ്ത്രീധനം,സൈന, ജ്ഞാനസുന്ദരി, മുള്‍ക്കിരീടം,വൈരമോതിരം, പ്രേമകുടീരം, വെള്ളിച്ചെപ്പ്, ബദറുല്‍മനീറും ഹസനുല്‍ ജമാലു, കര്‍ബലയും പ്രതികാരവും, ഖുറാസാനിലെപൂനിലാവ്, വിലങ്ങും വീണയും, തുടങ്ങിയ 25ഓളം കഥകള്‍ വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. 30 വര്‍ഷക്കാലം കഥാപ്രസംഗവേദിയില്‍ നിറസാന്നിദ്ധ്യമായിരുന്ന ആയിഷാ ബീഗം 91ലാണ് വേദയോട് വിടപറഞ്ഞത്.

കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ്, കേരള ഫോക്ക് ലോര്‍ അക്കാദമി അവാര്‍ഡ്, കേരള മാപ്പിള കലാ അക്കാദമി അവാര്‍ഡ്, മാപ്പിള കലാ അക്കാദമി സൗദിചാപ്ടര്‍ അവാര്‍ഡ്, പെരിയാര്‍ നെസ്റ്റ് അവാര്‍ഡ്, കണ്ണൂര്‍ ഫോക്കുലര്‍ അക്കാദമി അവാര്‍ഡ്, പുന്നപ്ര ഫൈനാന്‍സ് സൊസൈറ്റി അവാര്‍ഡ്, കാഥികന്‍ ജോസഫ് കൈമാപറമ്പന്‍ അവാര്‍ഡ്, മാപ്പിള കലാ അക്കാദമി മലപ്പുറം ചാപ്ടര്‍ അവാര്‍ഡ് തുടങ്ങിയ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
മക്കള്‍: അന്‍സാര്‍ (ഗള്‍ഫ്), പരേതനായ നൗഷാദ്. 

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.