Latest News

രാഗിണിയുടെ സ്വപ്നങ്ങള്‍ക്ക് കൂട്ടായി സുതാര്യകേരളം

മുളിയാര്‍:[www.malabarflash.com] ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കഴിയുമ്പോഴും വീട്ടമ്മയായ രാഗിണി്‌യ്ക്ക് വലിയൊരു സ്വപ്നമുണ്ടായിരുന്നു. തന്റെ രണ്ടുമക്കള്‍ക്കുമൊപ്പം അടച്ചുറപ്പുള്ള ഒരു വീട്ടില്‍ കഴിയണമെന്ന സ്വപ്നം. ഇന്ന് ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഇവര്‍.

ഈ സ്വപ്നസാക്ഷാത്കാരത്തിന് കൂട്ടാവുന്നതാവട്ടെ മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടിയും. കാസര്‍കോട് ജില്ലയിലെ മുളിയാര്‍ പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന കാനത്തൂര്‍ പയോലത്താണ് രാഗിണിയും കുടുംബവും താമസിച്ചുവരുന്നത്. പതിനെട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് ഭര്‍ത്താവ് ശ്രീധരന്‍നായര്‍ മരണപ്പെട്ടതോടെ ഇവരുടെ ജീവിതം പൂര്‍ണമായും ഇരുട്ടിലായി. 

സ്വന്തമായി ആകെയുണ്ടായിരുന്ന പതിനഞ്ച് സെന്റ് സ്ഥലത്ത് ഒരു താല്‍ക്കാലിക ഷെഡ് നിര്‍മ്മിച്ച് അതിലായിരുന്നു രണ്ട് മക്കളുമൊത്ത് രാഗിണി താമസിച്ചിരുന്നത്. ചോര്‍ന്നൊലിക്കുന്ന കൂരയില്‍ മക്കളെയും ചേര്‍ത്ത് പിടിച്ച് സമയം നീക്കിയ ദിവസങ്ങള്‍. ഭവനനിര്‍മ്മാണത്തിനുള്ള അപേക്ഷകളുമായി പഞ്ചായത്തുകള്‍ കയറിയിറങ്ങിയ നാളുകളായിരുന്നു പിന്നിടിങ്ങോട്ട്. പ്രാരാബ്ധങ്ങള്‍ക്കിടയിലും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്നതിനും മകളെ കെട്ടിച്ചയക്കുന്നതിനും ഇവര്‍ മറന്നില്ല.

ചോര്‍ന്നൊലിക്കാത്ത വീട്ടില്‍ താമസിക്കണമെന്ന അടങ്ങാത്ത ആഗ്രഹമായിരുന്നു പരാതിയുമായി മുഖ്യമന്ത്രിയുടെ പരാതി പരിഹാരകേന്ദ്രമായ സുതാര്യകേരളത്തെ സമീപിക്കാന്‍ ഇവരുടെ കുടുംബത്തെ പ്രേരിപ്പിച്ചത്. അങ്ങനെ കാസര്‍കോട് ജില്ലാസെല്‍ മുഖേന പരാതി സമര്‍പ്പിച്ച രാഗിണിക്ക് മുഖ്യമന്ത്രി ഐ എ വൈ പദ്ധതിയിലുള്‍പ്പെടുത്തി വീടു വയ്ക്കുന്നതിനായി രണ്ടുലക്ഷം രൂപ ധനസഹായം അനുവദിച്ചു. 

പരാതി നല്‍കി ഒരു വര്‍ഷമാകുന്നതിനുമുമ്പ് തന്നെ താമസയോഗ്യമായ വീട് പണി അവസാനഘട്ടത്തിലെത്തിചേര്‍ന്നതിന്റെ സന്തോഷത്തിലാണ് രാഗിണി. ഇതിന് സഹായം നല്‍കിയ മുഖ്യമന്ത്രിയെയും സുതാര്യകേരളം പരിപാടിയെയും ഇവര്‍ നന്ദിയോടെ ഓര്‍ക്കുന്നു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.