Latest News

ചെയര്‍പേഴ്‌സണ്‍ ഔട്ട്; അരയി വാര്‍ഡില്‍ സോഷ്യലിസ്റ്റ് ജനത പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

കാഞ്ഞങ്ങാട് : [www.malabarflash.com] സോഷ്യലിസ്റ്റ് ജനതയുടെ കേരളത്തിലെ ഏക നഗരസഭാ ചെയര്‍പേഴ്‌സണ് ഇത്തവണ സീറ്റില്ല. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണും സോഷ്യലിസ്റ്റ് ജനത ജില്ലാ കമ്മിറ്റി അംഗവുമായ കെ.ദിവ്യക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന് നഗരസഭാ അരയി ഇരുപതാം വാര്‍ഡ് സോഷ്യലിസ്റ്റ് ജനത കമ്മിറ്റി യോഗം തീരുമാനിച്ചു.

വാര്‍ഡ് പ്രസിഡണ്ട് പി.വി.കോരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഞായറാഴ്ച ചേര്‍ന്ന വാര്‍ഡ് കമ്മിറ്റി ഔദ്യോഗികമായി തീരുമാനിച്ചു. യോഗത്തില്‍ ദിവ്യയുടെ പേര് നിര്‍ദ്ദേശിക്കാന്‍ പോലും ആരും മിനക്കെട്ടില്ല. വീരേന്ദ്രകുമാര്‍ നയിക്കുന്ന സോഷ്യലിസ്റ്റ് ജനത യുഡിഎഫില്‍ എത്തിയ ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ സോഷ്യലിസ്റ്റ് ജനതക്ക് യുഡിഎഫ് കാഞ്ഞങ്ങാട് നഗരസഭയില്‍ നല്‍കിയ ഏക സീറ്റാണ് അരയി ഇരുപതാം വാര്‍ഡ്.
സ്ത്രീ സംവരണ സീറ്റായ ഇരുപതില്‍ കെ.ദിവ്യ സ്ഥാനാര്‍ത്ഥിയാകുകയും വിജയിക്കുകയും ചെയ്തു. ദിവ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സോഷ്യലിസ്റ്റ് ജനതയില്‍ തന്നെ ചില കലാപങ്ങളുണ്ടാകുകയും യുവജനതാദള്‍ പ്രവര്‍ത്തക റിബലായി രംഗത്ത് വരികയും ചെയ്തിരുന്നുവെങ്കിലും ദിവ്യ നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. 

നഗരസഭാ കൗണ്‍സിലിന്റെ കാലാവധി തീരാന്‍ കഷ്ടിച്ച് ഒരു വര്‍ഷം ബാക്കി നില്‍ക്കെ ബാര്‍ ലൈസന്‍സ് വിവാദത്തില്‍ തട്ടി ചെയര്‍പേഴ്‌സണ്‍ മുസ്‌ലിം ലീഗിലെ ഹസീന താജുദ്ദീന്‍ സ്ഥാനമൊഴിഞ്ഞു. മുസ്‌ലിം ലീഗ് ചെയര്‍മാന്‍ സ്ഥാനം വേണ്ടെന്ന് വെക്കുകയും കോണ്‍ഗ്രസില്‍ തമ്മിലടി രൂപപ്പെടുകയും ചെയ്തതോടെ യുഡിഎഫിലെ ഏക സോഷ്യലിസ്റ്റ് അംഗത്തെ ചെയര്‍മാനാക്കാന്‍ ജില്ലാ യുഡിഎഫ് നേതൃത്വം തീരുമാനിക്കുകയായിരുന്നു.
ഇതോടെ കെ.ദിവ്യ ചെയര്‍പേഴ്‌സണായി ചുമതലയേറ്റെങ്കിലും നേരത്തെ ഭരണം നിയന്ത്രിച്ചിരുന്ന ഒരു കോക്കസിന്റെ പിടിയില്‍ നിന്ന് മോചിതയായില്ലെന്ന് പാര്‍ട്ടിയിലും മുന്നണിയിലും പരക്കെ ആക്ഷേപമുയര്‍ന്നു. ദിവ്യ മത്സരിച്ച സ്ത്രീ സംവരണ വാര്‍ഡ് ഇത്തവണ ജനറലായി മാറുമെങ്കിലും ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ ദിവ്യക്ക് തന്നെ സീറ്റ് കിട്ടുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്ത് വരുന്നതിന് മുമ്പ് തന്നെ ദിവ്യയെ ഒഴിവാക്കി പുതിയ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി നിശ്ചയിക്കുകയും ചെയ്തു.
പി.വി.കോരനെ മത്സരിപ്പിക്കണമെന്ന വാര്‍ഡ് കമ്മിറ്റിയുടെ തീരുമാനം രണ്ട് ദിവസത്തിനകം ചേരുന്ന മണ്ഡലം കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും ചര്‍ച്ച ചെയ്ത ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകുകയുള്ളൂവെന്ന് സോഷ്യലിസ്റ്റ് ജനതാ വൃത്തങ്ങള്‍ സൂചിപ്പിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.