Latest News

കലയുടെ മാമാങ്കമൊരുക്കി അരയിയില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് വെളളിയാഴ്ച തുടക്കം കുറിക്കും

കാഞ്ഞങ്ങാട്: [www.malabarflash.com] സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നിന്ന് ചീന്തിയെടുത്ത നിരവധി ഏടുകള്‍ക്ക് അരയി ഗവ യു.പി സ്‌കൂളില്‍ പൂരക്കളിയിലൂടെയും തിരുവാതിരയിലൂടെയും ദഫ്മുട്ടിലൂടെയും പുനര്‍ജന്മം നല്‍കുന്നു.

പൂരക്കളി സാഹിത്യത്തിന്റെ എഴുത്തച്ഛന്‍ എന്നറിയപ്പെടുന്ന അരയി നാരായണ ഗുരുക്കളുടെ നാട്ടിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് സ്വാതന്ത്ര്യസമര ചരിത്രം പൂരക്കളിയിലൂടെ രംഗവത്ക്കരിക്കുന്നത്. 

പതിവ് സ്വാതന്ത്ര്യദിനാചരണ പരിപാടിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായി വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് അരയി ഗവ. യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇത്തവണ സ്വാതന്ത്ര്യദിനാഘോഷത്തെ വരവേല്‍ക്കുന്നത്. 

ദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമരത്തിലെ ജ്വലിക്കുന്ന അധ്യായങ്ങളായ ജാലിയന്‍ വാലാബാഗ് സമരം, വൈക്കം സത്യാഗ്രഹം, ഉപ്പു സത്യാഗ്രഹം തുടങ്ങിയ ത്യാഗോജ്ജ്വലമായ മുഹൂര്‍ത്തങ്ങള്‍ വെളളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ആണ്‍കുട്ടികള്‍ പൂരക്കളിയിലൂടെ രംഗവത്ക്കരിക്കും. 

പൂരക്കളി വിദഗ്ധനും പ്രഗത്ഭ മറത്തുകളി വിദഗ്ധനുമായ കാഞ്ഞങ്ങാട് പി.ദാമോദരപണിക്കറാണ് കുട്ടികളുടെ പൂരക്കളിക്ക് പാട്ടെഴുതിയത്. അദ്ദേഹത്തിന്റെ ശിഷ്യന്‍ അരയി ബാബു പണിക്കരാണ് ് പരിശീലനം നല്‍കിയത്. സ്‌കൂളിലെ 20 വിദ്യാര്‍ത്ഥികളാണ് പൂരക്കളിയിലൂടെ രംഗത്തെത്തുന്നത്.
ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ വീരനായകന്‍മാരായ ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, കെ. കേളപ്പന്‍, സരോജിനി നായിഡു, തുടങ്ങിയവരെ വന്ദിക്കുന്ന സ്തുതിഗീതങ്ങളോടെ പെണ്‍കുട്ടികള്‍ അവതരിപ്പിക്കുന്ന തിരുവാതിരയാണ്  പരിപാടിയുടെ മറ്റൊരാകര്‍ഷണം . 

സ്‌കൂളിലെ അധ്യാപിക ശോഭന കൊഴുമ്മലാണ് തിരുവാതിരയുടെ വരികള്‍ ചിട്ടപ്പെടുത്തിയത്. സ്‌കൂള്‍ അധ്യാപകന്‍ കെ.വി സൈജു, പൂര്‍വ്വവിദ്യാര്‍ത്ഥിനി പി.പി വിദ്യ, മദര്‍ പിടിഎ അംഗം വിവി ലത എന്നിവരാണ് തിരുവാതിരയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത്. പത്ത് മിനുട്ട് ദൈര്‍ഘ്യമുളള വ്യത്യസ്തമാര്‍ന്ന ഈ തിരുവാതിരയില്‍ 10 കുട്ടികളാണ് ചുവട് വെയ്ക്കുന്നത്.
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നെറികേടുകള്‍ക്കെതിരായി മഹാത്മജി അടക്കമുളള ദേശീയ നേതാക്കള്‍ നടത്തിയ അചഞ്ചലമായ പോരാട്ടത്തിന്റെ കഥകള്‍ക്ക് ദൃശ്യഭാഷയൊരുക്കി ആണ്‍കുട്ടികള്‍ ദഫ്മുട്ട് അവതരണത്തിലൂടെ വെളളിയാഴ്ച രംഗത്തെത്തും. 

തിരുവാതിരയ്ക്ക് വരികള്‍ ചിട്ടപ്പെടുത്തുകയും സംഗീതം പകരുകയും ചെയ്ത അതേ സംഘം തന്നെയാണ് ദഫ്മുട്ടിന്റെയും അണിയറയില്‍ പ്രവര്‍ത്തിച്ചത്. 

ശനിയാഴ്ച പതാക ഉയര്‍ത്തലിനുശേഷം സ്വാതന്ത്ര്യദിനറാലി സംഘടിപ്പിക്കും. സ്‌കൂളില്‍ നിന്ന് ആരംഭിക്കുന്ന റാലി സമീപപ്രദേശങ്ങളിലൂടെ കടന്നുപോയതിനുശേഷം സ്‌കൂളിലേക്ക് തിരിച്ചുവരും. റാലിയില്‍ ദേശീയ നേതാക്കളുടെ വേഷമണിഞ്ഞ കുട്ടികള്‍ അണിനിരക്കും. തുടര്‍ന്ന് സ്‌കൂളില്‍ വിവിധകലാപരിപാടികള്‍ സംഘടിപ്പിക്കും. വിവിധ ഭാഷകളില്‍ ആലപിക്കുന്ന ദേശഭക്തിഗാനമാണ് പരിപാടിയുടെ മുഖ്യആകര്‍ഷണം. 

സ്വാതന്ത്ര്യദിനാഘോഷത്തെ വരവേല്‍ക്കാന്‍ അരയിലെ അധ്യാപകരും കുട്ടികളും അധ്യാപകരക്ഷാകര്‍തൃസമിതിയും ഒരുങ്ങിക്കഴിഞ്ഞു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.