Latest News

പ്രിയസഖാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ നാടാകെ ഒഴുകിയെത്തി

കാഞ്ഞങ്ങാട്: [www.malabarflash.com]തിരുവോണനാളില്‍ ബിജെപിക്കാര്‍ കുത്തി കൊലപ്പെടുത്തിയ സി.പി.എം പ്രവര്‍ത്തകന്‍ കോടോംബേളൂര്‍ പഞ്ചായത്തിലെ കാലിച്ചാനടുക്കത്ത് കായക്കുന്നിലെ സി നാരായണ (42)ന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.


ശനിയാഴ്ച പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം വിലാപയാത്രയായി നാട്ടിലെത്തിച്ചു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കരുണാകരന്‍ എംപി, ഇ പി ജയരാജന്‍ എംഎല്‍എ തുടങ്ങിയവര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ അന്ത്യോപചാരമര്‍പ്പിച്ചു. മൃതദേഹം കാലിച്ചാനടുക്കം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ പ്രിയസഖാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ നാടാകെ ഒഴുകിയെത്തി. വൈകിട്ട് നാലോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.


നാടാകെ ഓണാഘോഷത്തില്‍ മുഴുകിയിരിക്കെ വെള്ളിയാഴ്ച പകല്‍ രണ്ടരയോടെയാണ് ബൈക്കിലെത്തിയ മൂന്നംഗസംഘം അരുംകൊല നടത്തിയത്. ഓടിയെത്തിയ അനുജന്‍ അരവിന്ദനെയും വെട്ടി. ഗുരുതരമായി പരിക്കേറ്റ അരവിന്ദന്‍ (36) മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്.

കായക്കുന്നിലെ പരേതനായ മാധവന്റെയും ശാന്തകുമാരിയുടെയും മകനാണ് നാരായണന്‍. ബിന്ദുവാണ് ഭാര്യ. കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി അഭിജിത്ത്, നാലാംക്ലാസ് വിദ്യാര്‍ഥി പാര്‍വതി എന്നിവര്‍ മക്കള്‍. ഉമേഷ്, ഉമ എന്നിവരാണ് മറ്റു സഹോദരങ്ങള്‍.
നാരായണന്‍
അതേ സമയം നാരായണന്റെ കൊലപാതകം ബി.ജെ. പി നേതൃത്വത്തിന്റെ അറിവോടെ ആസൂത്രിതമായി നടപ്പിലാക്കിയതെന്ന് സി.പിഎം ആരോപിച്ചു.

സിപിഐ എം കേന്ദ്രമായ കായക്കുന്നില്‍ വലിയ പ്രശ്‌നമൊന്നും നിലവിലുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സിപിഐ എം പ്രവര്‍ത്തകരെ അക്രമിക്കാനുളള പദ്ധതിയുമായി കൊലയാളി സംഘം എരളാലില്‍നിന്ന് കായക്കുന്നിലെത്തിയതെന്നാണ് സി.പി.എം ആരോപിക്കുന്നത്. കൊലയാളിസംഘം എത്തുന്നതിന് തൊട്ടുമുമ്പ് നാരായണന്റെ സഹോദരന്‍ അരവിന്ദനെ ബിജെപി പ്രാദേശികനേതാവും അയല്‍വാസിയുമായ വിജയന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയാതായും പറയപ്പെടുന്നു.

ബൈക്കിലെത്തിയ സംഘം വീട്ടുപറമ്പിനടുത്ത് ക്ലബ്ബില്‍ സുഹൃത്തുക്കളോടൊപ്പം നില്‍ക്കുന്ന നാരായണനെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി കുത്തുകയായിരുന്നു. കൊലയാളി സംഘം പ്രത്യേകതരം കത്തി ഉപയോഗിച്ചാണ് കൊലനടത്തിയത്. നാരായണന്‍ താഴെ വീഴുന്നതുകണ്ട് ഓടിവന്ന അരവിന്ദനെ വടിവാളുപയോഗിച്ച് വെട്ടിവീഴ്ത്തി. അരവിന്ദന്റെ വയറില്‍ വെട്ടുകൊണ്ട് ചെറുകുടല്‍ ആറു കഷണമായി. മുഖത്തും തോളിനും വെട്ടേറ്റു.

നാരായണന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പള്‍സര്‍, യമഹ ബൈക്കുകളില്‍ വന്ന സംഘത്തില്‍ ശ്രീനാഥ്, കുഞ്ഞികൃഷ്ണന്‍, ആനന്ദ്, നാരായണന്‍, പുഷ്പരാജ് എന്നിവരാണ് ഉണ്ടായിരുന്നത്. കൊലപാതകത്തിന് പ്രത്യേക പരിശീലനം ലഭിച്ചയാളാണ് ശ്രീനാഥ്. ബിജെപിയുടെ പ്രാദേശിക നേതാവും ശ്രീനാഥിന്റെ സഹോദരനുമായ വിജയനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് സി.പിഎം ആരോപിക്കുന്നത്. വിജയന്റെ ഫോണ്‍വിളിയില്‍ പന്തികേട് തോന്നിയ അരവിന്ദന്‍ പുറത്തിറങ്ങുമ്പോള്‍ ജ്യേഷ്ഠനെ ആക്രമിക്കുന്നതാണ് കണ്ടത്.

വിജയന്‍ ഓണത്തലേന്ന് ഭാര്യയെയും മക്കളെയും കൂട്ടി വീട് പൂട്ടി പോയതാണ് കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന സൂചന നല്‍കുന്നത്.

പരിക്കേറ്റ പ്രതികളിലൊരാളായ പുഷ്പന്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇയാള്‍ പോലീസ് നിരീഷണത്തിലാണ്. മറ്റൊരു പ്രതിയായ ശ്രീനാഥിനായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.









Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.