Latest News

എസ് വൈ എസ് സാന്ത്വന കേന്ദ്രത്തിന് ശിലയിട്ടു

തിരുവനന്തപുരം:[www.malabarflash.com] പണ്ഡിത നേതൃത്വവും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും അണിനിരന്ന പ്രൗഢമായ ചടങ്ങില്‍ എസ് വൈ എസ് സാന്ത്വനകേന്ദ്രം നിര്‍മാണത്തിന് ശുഭാരംഭം. ആലംബഹീനരായ ആയിരങ്ങള്‍ക്ക് ആശ്വസമായി ആര്‍ സി സിയുടെ ചാരത്ത് നിര്‍മിക്കുന്ന കേന്ദ്രത്തിന്റെ ആദ്യഘട്ടം ഒരു വര്‍ഷത്തിനകം നാടിന് സമര്‍പ്പിക്കും.

തിരുവനന്തപുരം പ്രസ്‌ക്ലബ്ബിലെ സ്വദേശാഭിമാനി ഹാളില്‍ നടന്ന ചടങ്ങില്‍ അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ ചടങ്ങിലെ മുഖ്യാതിഥിയായി. 

കൊച്ചിയിലുണ്ടായ ബോട്ട് ദുരന്തത്തെ തുടര്‍ന്ന് തിരുവന്തപുരത്തെ പരിപാടികളെല്ലാം റദ്ദാക്കി എറണാകുളത്തേക്ക് പോയതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ചടങ്ങില്‍ പങ്കെടുക്കാനയില്ല. എസ് വൈ എസിന്റെ പതിയ സംരഭത്തിന് പിന്തുണ അറിയിക്കുന്ന സന്ദേശം അദ്ദേഹം നേതാക്കളെ അറിച്ചു. 

സാന്ത്വനകേന്ദ്രത്തിന് നാനാതുറകളില്‍ നിന്നുള്ള നിറഞ്ഞ പിന്തുണയായിരുന്നു കക്ഷിരാഷ്ട്രീയ ഭേദമന്യേ ചടങ്ങിനെത്തിയ നേതാക്കളുടെ സാന്നിധ്യം. എസ് വൈ എസിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ എല്ലാവരും മനം നിറയെ പിന്തുണച്ചു. 

ജാതി മത വിവേചനമില്ലാതെ അശരണരെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ശിലാസ്ഥാപനം നടത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. രാജ്യവ്യാപകമായി നടത്തുന്ന കാരുണ്യപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എം എല്‍ എമാരായ കെ മുരളീധരന്‍, വി ശിവന്‍കുട്ടി, ഡോ. കെ ടി ജലീല്‍, മുന്‍ എം പി പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍ തുടങ്ങിയവര്‍ എസ് വൈ എസിന്റെ സംരഭത്തിന് സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. 

സാന്ത്വനകേന്ദ്രം ധനസമാഹരണം എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പി എ മുഹമ്മദ് കുഞ്ഞ് സഖാഫി പദ്ധതി അവതരിപ്പിച്ചു. 

പി എച്ച് ഹൈദ്രൂസ് മൂസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി, പ്രൊഫ. എ കെ അബ്ദുല്‍ഹമീദ്, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, സി പി സൈദലവി മാസ്റ്റര്‍, മജീദ് കക്കാട്, എ മുഹമ്മദ് പറവൂര്‍, പി എം മുസ്തഫ മാസ്റ്റര്‍, എ സൈഫുദ്ദീന്‍ ഹാജി, അബ്ദുര്‍റസാഖ് സഖാഫി, നേമം സിദ്ദീഖ് സഖാഫി പ്രസംഗിച്ചു. ഐ സി എഫ് മിഡില്‍ ഈസ്റ്റ് ജനറല്‍സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ട്രഷറര്‍ അബ്ദുല്‍ കരീം ഹാജി എന്നിവര്‍ ആദ്യഗഡു ധനസഹായം കൈമാറി. 

ഏഴ് നിലകളിലായി നിര്‍മിക്കുന്ന കേന്ദ്രം എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സാന്ത്വനപ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമന്ദിരം കൂടിയാകും. ഒന്നാം ഘട്ടമായി നാല് നിലകളുടെ നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. 

ആതുര സേവനം, ദുരിതാശ്വാസം, ഭവനനിര്‍മാണം തുടങ്ങി ജീവകാരുണ്യ രംഗത്ത് എസ് വൈ എസ് ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. നിര്‍ധന രോഗികള്‍ക്കുള്ള സൗജന്യ മെഡിക്കല്‍ കാര്‍ഡുകള്‍, സൗജന്യ മരുന്നുവിതരണ കേന്ദ്രങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കുന്ന സാന്ത്വന കേന്ദ്രങ്ങള്‍, കേരളത്തിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് ആശ്വാസമായി സേവനം ചെയ്യുന്ന സാന്ത്വനം വളണ്ടിയര്‍മാര്‍, ആംബുലന്‍സ് സര്‍വീസുകള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.