Latest News

യുദ്ധം വീണ്ടും കോടതി വരാന്തയിലേക്ക്

യൂദ്ധം വീണ്ടും കോടതി വരാന്തയിലേക്ക് . സര്‍ക്കാരും തെരെഞ്ഞെടുപ്പ് കമ്മീഷനും മല്ലയുദ്ധത്തിലേര്‍പ്പെട്ട കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം. അനുനയമൊന്നും അവിടെ വിലപ്പോയില്ല എന്നിടത്തു മാത്രമല്ല ജനങ്ങളുടെ ആശങ്ക. [www.malabarflash.com]

നാട്ടില്‍ ക്രമസമാധാനം നോക്കുക്കുത്തിയാവുന്നു. ക്രൂര വിനോദങ്ങള്‍ അരങ്ങു തകര്‍ക്കുന്നു. ഓണാഘോഷത്തിനിടെ ആകസ്മികമാണെങ്കില്‍ പോലും സഹപാഠി ജീപ്പു കയറി മരിക്കുന്നു. നാടു കാക്കാന്‍ കാത്തു നില്‍ക്കുന്ന സര്‍ക്കാര്‍ വക ഫയര്‍ എഞ്ചിനില്‍ നിന്നും വെള്ളം ചീറ്റി പിള്ളേര്‍ ഓണമാഘോഷിച്ചു രസിക്കുന്നു. ബോബംബുണ്ടാക്കവെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കഷണങ്ങളായി ചിന്നിച്ചിതറി മരിച്ചു വീഴുന്നു. കറുത്ത രാത്രികളില്‍ ഏതിരാളി എന്ന വാക്കിന്റെതായി മാറിയ ടി.പിയുടെ പ്രതിമ തകര്‍ക്കപ്പെടുന്നു. ടി.പി. വെട്ടേറ്റു വീണ പള്ളിക്കാട് കവലയില്‍ ആര്‍.എം.പി സ്ഥാപിച്ചതായിരുന്നു സഖാവിന്റെ പ്രതിമ.. 

മുറ്റത്ത് പെയ്തു വീഴുന്ന മഴ വെള്ളം. അതാണ് അവരുടെ കടല്‍. അവിടെ പ്രളയം സാദ്ധ്യമോ? ഇപ്പോഴവര്‍ നിരുപദ്രവികള്‍. കൊതുക് ഊതിയാല്‍ വിളക്കു കെടില്ലെന്ന് പ്രതിമ നശിപ്പിച്ചവര്‍ക്കറിയാത്തതല്ല കാര്യം. ഭുരിപക്ഷ രാഷ്ട്രീയം ന്യൂനപക്ഷത്തിന്റെ ചെവിക്കു പിടിച്ച് രസിക്കുകയാണ് . നാടു മാറുന്നു, സംസ്‌കാരം മാറുന്നു, ജനാധിപത്യം അതിരു കടക്കുന്നു.

നിലവിലെ നിയമയുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടയില്‍ പോലീസ് ഇതൊന്നും മുഖവിലക്കെടുക്കുന്നില്ലയോ? കലാപ രാഷ്ട്രീയത്തിന്റെ പുക അന്തരീക്ഷത്തിലാകെ പടര്‍ന്നു കയറി അവിടം ഇരുട്ട് വ്യാപിക്കുന്നു. കേരളത്തിന്റെ മുഖം കൂടുതല്‍ വികൃതമാകുന്നത് അധികൃതര്‍ അറിയുന്നില്ലയോ? ചില ഗ്രാമങ്ങളെ അവിടുങ്ങളിലെ ഭുരിപക്ഷ രാഷ്ട്രീയം കൈയാമം വെക്കുകയാണ്. നിയമപാലകര്‍ നോക്കുക്കുത്തികളാവുകയാണ്. അല്‍പ്പമാത്ര ആര്‍.എം.പിമാരേപ്പോലുള്ള ചെറു പാര്‍ട്ടികള്‍ ഇവിടെ ധാരളമുണ്ട്. ഈ വകക്കാര്‍ക്ക് ജനാധിപത്യരാജ്യത്ത് അവരവരുടെ രാഷ്ട്രീയത്തിലെ ആശയങ്ങള്‍ പ്രകാശിപ്പിക്കാന്‍, അഭിപ്രായം പറയാനുള്ള അവകാശം നിഷേധിക്കപ്പെടാമോ? ഇനിയും ഏത്രനാള്‍ പോകാനാകും ഇങ്ങനെയൊക്കെ.

ഇത് ജനാധിപത്യ രാജ്യമാണ്. തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍, നേതാക്കളെ ആദരിക്കാന്‍ എല്ലാവര്‍ക്കും ഒരു പോലെ അവകാശമുണ്ട്. അടിച്ചു തകര്‍ത്തും ഗുണ്ടാപ്രവര്‍ത്തനം നടത്തിയും പുറത്താക്കിയും ഉന്മുലനം ചെയ്തും ഇല്ലാതാക്കാവുന്നതല്ല അതൊക്കെ. ജനാധിപത്യ പ്രകൃയ്യയില്‍ വിശ്വസിക്കുന്ന ഒരു സംവിധാനത്തില്‍ നിന്നു പ്രവര്‍ത്തിക്കുന്ന സി.പി.എമ്മിനു പലയിടത്തും പലവൂരു തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്ന് പാര്‍ട്ടിയുടെ പി.ബി.അംഗം എം.എ ബേബിയുടെ പ്രസ്ഥാവന 
വെളിച്ചം വീശുന്നത് മേലേ സൂചിപ്പിച്ച ആശങ്കകളിലേക്കാണ്. വി.എസ് പക്ഷക്കാരുടേതാണ്, ഇത് പാര്‍ട്ടിയുടെ വിമത പക്ഷ വാരികയാണ്, അത് വായിക്കരുത് പ്രചരിപ്പിക്കരുതെന്ന പാര്‍ട്ടിക്കിടയിലെ ആഹ്വാനമായിരിക്കണം ചിലപ്പോല്‍ ജനശക്തിയെന്ന ഇടതു അമിതാനുരാഗ പ്രസിദ്ധീകരണത്തിന്റെ തകര്‍ച്ചക്ക് വഴി വെച്ചത്. വാരിക നിന്നു. പിണറായി പോയപ്പോള്‍ ജനശക്തി തിരിച്ചു വന്നു. വീണ്ടും തുടക്കമിട്ടതിന്റെ ആദ്യ ലക്കത്തിലാണ് ബേബി തങ്ങളുടെ പാര്‍ട്ടിയില്‍ അവശ്യം വേണ്ടുന്ന ചില മാറ്റങ്ങളേക്കുറിച്ചുള്ള കുറ്റ സമ്മതം നടത്തിയത്. 

ബേബി അവിടെ പറയുന്നത് ശ്രദ്ധിക്കാം. ഇ.എം.എസ്, സുന്ദരയ്യ തുടങ്ങിയ മഹാരഥന്മാരൊക്കെ പാര്‍ട്ടിയ നയിച്ചിരുന്ന കാലത്തും തെറ്റുകളില്‍ വന്നു പെട്ടിട്ടുണ്ട്. അവയൊക്കെ തുറന്നു പറയുകയും തിരുത്തുകയും ചെയ്യുക, തെറ്റു പറ്റിയാല്‍ പക്ഷെ എന്നും ബട്ട് എന്നും മറ്റും പറഞ്ഞ് അതിനെ ന്യായികരിക്കാന്‍ മറ്റൊരു ന്യായം കണ്ടെത്തലല്ല പാര്‍ട്ടി രീതി.

ആര്‍. ബാലകൃഷ്ണ പിള്ളയേയും മദനിയേയും കൂടെ കൂട്ടിയത് വീഴ്ച്ച തന്നെയായിരുന്നു. ജനശക്തി എന്ന വാരിക ഉയര്‍ത്തി കൊണ്ടു വന്ന എം.എന്‍ വിജയന്‍ മാസ്റ്റര്‍ മരിച്ചു വീണത് പ്രസംഗ വേദിയില്‍ വെച്ചാണ്. 

ആ മഹാരഥന്‍ മരിച്ചപ്പോള്‍ അന്നത്തെ സെക്രട്ടറി സഖാവ് പിണറായി തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞിരുന്നത് ഒരു നല്ല അദ്ധ്യാപകനാണ് അദ്ദേഹമെന്നായിരുന്നു. 
ബേബി തുറന്നു പറയുന്നു. നല്ലൊരു അദ്ധ്യാപകന്‍ മാത്രമായിരുന്നില്ല, സാഹിത്യ വിമര്‍ശകന്‍, ഇടതു പക്ഷ സഹയാത്രികന്‍, ചിന്തകന്‍, പ്രഭാഷകന്‍, പുകാസയുടെ അദ്ധ്യക്ഷന്‍, ദേശാഭിമാനിയുടെ പത്രാധിപര്‍ ഒക്കെയായിരുന്നു വിജയന്‍ മാഷ് . കഴിഞ്ഞ ദിവസം തകര്‍ക്കപ്പെട്ട ടി.പിയുടെ പ്രതിമയുടെ മുമ്പില്‍ വെച്ച് മെയ് 3ന് സിപിഎം ബംഗാള്‍ സെക്രട്ടറി മംഗത്ത് റാം പസ്ല പറഞ്ഞത് ഇവിടെ പ്രസക്തം. “ഈ സഖാവിനെ ഇല്ലാതാക്കിയവര്‍ എന്നെങ്കിലും ഒരിക്കല്‍ ചരിത്രത്തിനു മുമ്പില്‍ കുറ്റം ഏറ്റു പറയേണ്ടിവരും ”.

സര്‍ക്കാര്‍ നിയമ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ്. നാട് നിയമം ലംഘിച്ചും പാലിച്ചും തിരിഞ്ഞും, തകിടം മറിഞ്ഞും അങ്ങനെ ഒഴുകി നടക്കുന്നു. നാഥനില്ലാത്ത കളരിയാക്കരുത് നാടിനെ. ഭരണ കൂടത്തിന് ഏറെ ചെയ്തു തീര്‍ക്കാന്‍ ഇനിയും ബാക്കി കിടക്കുന്നുണ്ട്. ആയിരക്കണക്കിനു ഉദ്യോഗസ്ഥരെ കൊടുക്കണം. പലയിടത്തും പല തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. ഒഴിഞ്ഞവ നികത്താനും, സുതാര്യമായ നടപടികള്‍, ചട്ടങ്ങള്‍ പാലിക്കാത്തതിന്റെ പരാതി പിറകെ വരാനിരിക്കുന്നു. 

സുഗമമായ തെരെഞ്ഞെടുപ്പിന് സര്‍ക്കാരിന്റെ സഹായം വേണ്ടെത്ര കിട്ടുന്നില്ലെന്ന പഴി കേള്‍ക്കാനിടവരും. സംഘടനാ തെരെഞ്ഞെടുപ്പ് കഴിഞ്ഞ പോലീസിനിടയില്‍ നിന്നും അതിന്റെ ഹാങ്ങ് ഓവര്‍ ഒഴിഞ്ഞു പോയിട്ടില്ല. കാലാകാലങ്ങളിലായി കേട്ടും കണ്ടും വരുന്ന ബുത്തു പിടുത്തം, അക്രമം, കൊള്ളിവെപ്പ് ദുര്‍ഭുതങ്ങളില്‍ നിന്നും ബാധ ഒഴിപ്പിക്കേണ്ടതുണ്ട്. ഭരണകൂടത്തിന്റെ കണ്ണ് ഹൈകോടതി വരാന്തകളില്‍ മാത്രം ഒതുങ്ങിയാല്‍ പോര.
പ്രതിഭാരാജന്‍




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.