Latest News

ആംബുലന്‍സ് കാട്ടാനയുടെ മുന്നില്‍ കുടുങ്ങി;ആദിവാസി യുവതിക്ക് കൊടുംവനത്തില്‍ പ്രസവം

പത്തനംതിട്ട: [www.malabarflash.com] ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വന്ന ആംബുലന്‍സ് കാട്ടാനയുടെ മുന്നില്‍ കുടുങ്ങിയതിനെതുടര്‍ന്ന് ആദിവാസി യുവതിക്ക് കൊടുംവനത്തില്‍ പ്രസവം. കാട്ടാനയുടെ മുന്നില്‍പെട്ട ആംബുലന്‍സിന് കടന്നുപോകാന്‍ സഹായിക്കാന്‍ വനംവകുപ്പ് അധികൃതര്‍ തയാറായില്ല.

സായിപ്പന്‍കുഴി വനമേഖലയില്‍ മൂഴിയാര്‍ ലുക്ക് ഒൗട്ടിന് സമീപം വസിക്കുന്ന രഘുവിന്‍െറ ഭാര്യ ഓമനയാണ്(32) പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞദിവസം രാത്രി 12.30 ഓടെയാണ് സംഭവം. ഇത് ഇവരുടെ അഞ്ചാമത്തെ കുട്ടിയാണ്.
മേയ് 31ന് രാത്രി ഓമനക്ക് അസുഖം ആണെന്ന് അറിയിച്ചതിനെതുടര്‍ന്ന് പത്തനംതിട്ടയില്‍നിന്ന് പോയ ആംബുലന്‍സ് കാട്ടാനകളുടെ ഇടയില്‍പ്പെട്ടിരുന്നു. അന്ന് ആംബുലന്‍സില്‍ ഉണ്ടായിരുന്ന ട്രൈബല്‍ പ്രമോട്ടര്‍ ഗിരീഷും ഡ്രൈവര്‍ രാജീവും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. യുവതിക്ക് പ്രസവം ആഗസ്റ്റ് 12നെന്നായിരുന്നു പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍നിന്ന് അറിയിച്ചിരുന്നത്. 

കഴിഞ്ഞദിവസം രാത്രി എട്ടോടെ പ്രസവവേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഇവര്‍ ഗിരീഷിനെ വിവരം അറിയിച്ചു. ഗിരീഷ് ഉടനെ റാന്നി ട്രൈബല്‍ ഓഫിസര്‍ സന്തോഷ് കുമാറുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി ആര്‍.എം.ഒ ഡോക്ടര്‍ ആഷീഷ് മോഹനെ വിവരം അറിയിച്ചു. ഉടന്‍ ഓമനയെ ആശുപത്രിയിലത്തെിക്കാന്‍ ജനറല്‍ ആശുപത്രിയില്‍നിന്ന് ആംബുലന്‍സ് വിട്ടുനല്‍കി. 

ആംബുലന്‍സ് ഡ്രൈവര്‍ അനില്‍, ട്രൈബല്‍ പ്രമോട്ടര്‍ ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് സായിപ്പന്‍കുഴി വനമേഖലയിലേക്ക് തിരിച്ചു. രാത്രി ഒമ്പതോടെ ഇവര്‍ മൂഴിയാറില്‍ എത്തിയപ്പോള്‍ വനമേഖലയിലെ റോഡരികില്‍നിന്ന് ഒറ്റയാന്‍ ആബുലന്‍സിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. വാഹനം പിന്നോട്ട് എടുത്തശേഷം ഒരു മണിക്കുറോളം ഇവര്‍ ആന റോഡില്‍നിന്ന് മാറുന്നതും കാത്തിരുന്നു. ആന റോഡില്‍നിന്ന് മാറാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ പ്ളാപ്പള്ളിയിലെ ഫോറസ്റ്റ് ഓഫിസില്‍ വിവരം അറിയിച്ചു. 

എന്നാല്‍, തങ്ങളുടെ ജോലി ഇതല്ലെന്നാണത്രെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ മൂഴിയാര്‍ പൊലീസിലും ഫയര്‍ഫോഴ്സിലും നേരിട്ടത്തെി കാര്യം പറഞ്ഞു. എന്നാല്‍, വനംവകുപ്പിനാണ് ആനയെ ഓടിക്കുന്ന ജോലിയെന്ന് പറഞ്ഞ് അവരും കൈയൊഴിഞ്ഞു. തുടര്‍ന്ന് ഇവര്‍ കൊച്ചാണ്ടി ചെക്പോസ്റ്റിലത്തെി വാച്ച്മാനോട് കാര്യം പറഞ്ഞു. വാച്ച്മാന്‍െറ സഹായിശിവന്‍ ഇവര്‍ക്കൊപ്പം പോയി ആനയെ ശബ്ദമുണ്ടാക്കി റോഡില്‍നിന്ന് അകറ്റിയ ശേഷമാണ് പുലര്‍ച്ചെ രണ്ടോടെ ലുക്ക്ഒൗട്ടിലത്തെിയത്. അപ്പോഴേക്കും ഓമന പ്രസവിച്ചിരുന്നു. 

രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഓമന അപകടാവസ്ഥയിലായിരുന്നു. അമ്മയെയും കുഞ്ഞിനെയും പുലര്‍ച്ചെ 3.45 ഓടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലത്തെിക്കുകയായിരുന്നു. അമ്മയും കുഞ്ഞും അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയില്‍ കഴിയുന്ന അമ്മയെയും അനുജത്തിയെയും കാണാന്‍ സഹോദരങ്ങളായ രാജേഷ്, ശ്രുതി, അപ്പുണ്ണി, രജിത് എന്നിവര്‍ ആശുപത്രിലത്തെിയിരുന്നു. ഇവര്‍ പിന്നീട് അച്ഛനൊപ്പം കാട്ടിലേക്ക് മടങ്ങി.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.