Latest News

ഫോര്‍ട്ടുകൊച്ചിയില്‍ ബോട്ടപകടം; ആറു പേര്‍ മരിച്ചു

കൊച്ചി: [www.malabarflash.com] ഫോര്‍ട്ട് കൊച്ചിയില്‍ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും അടക്കം ആറു പേര്‍ മരിച്ചു. വൈപ്പിനില്‍ നിന്നും ഫോര്‍ട്ട് കൊച്ചിയിലേക്ക് വരികയായിരുന്ന ഭാരത് എന്ന യാത്രാബോട്ടില്‍ ബേസിന്‍ എന്ന മത്സ്യബന്ധന ബോട്ടാണ് ഇടിച്ചത്.

വൈപ്പില്‍ അഴീക്കല്‍ സ്വദേശി സൈനബ, അമരാവതി സ്വദേശികളായ വോള്‍ഗ, ജോസഫ് , മട്ടാഞ്ചേരി പുതിയ റോഡ് സുധീര്‍, കാളമുക്ക് സ്വദേശി അയ്യപ്പന്‍, പുത്തന്‍തോട് സ്വദേശിനി സിന്ധു എന്നിവരുടെ മൃതദേഹം തിരിച്ചറിഞ്ഞു. നാലുപേരുടെ മൃതദേങ്ങള്‍ ഫോര്‍ട്ടുകൊച്ചി ജനറല്‍ ആസ്പത്രിയിലും ഒരാളുടെ മൃതദേഹം ഫോര്‍ട്ട് കൊച്ചിയിലെ ഗൗതം ആസ്പത്രിയിലും സൂക്ഷിച്ചിട്ടുണ്ട്.

മരണസംഖ്യ ഉയരാനാണ് സാധ്യത. എട്ടുപേരുടെ മൃതദേഹം കണ്ടതായി രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് എ.ഡി.ജി.പി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സഫിയ എന്നൊരു സ്ത്രീയ കാണാതായിയെന്നും വാര്‍ത്തകളുണ്ട്. ബോട്ടില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരി നല്‍കിയ വിവരപ്രകാരം മൂന്ന് ആസ്പത്രിയിലും അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. കരയില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലെയായിരുന്നുവെങ്കിലും കപ്പല്‍ചാല്‍ ആയതിനാല്‍ വളരെ അധികം ആഴവും അടിയൊഴുക്കുമുള്ള സ്ഥലത്തായിരുന്നു അപകടം.
ഉച്ചക്ക് 1. 34 നായിരുന്നു അപകടം. ഫോര്‍ട്ട് കൊച്ചി ജെട്ടിയില്‍ ഡീസല്‍ നിറച്ചശേഷം മുന്നോട്ട് എടുക്കവെ മത്സ്യബന്ധബോട്ട് യാത്രാബോട്ടിന്റെ മധ്യഭാഗത്തായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തടി കൊണ്ടുള്ള യാത്രാ ബോട്ടിന്റെ പലകള്‍ പൊളിച്ച് ബോട്ട് രണ്ടായി പിളര്‍ന്ന് മുങ്ങുകയായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ മത്സ്യബന്ധനബോട്ടിലെ ഡീസല്‍ ടാങ്ക് പൊട്ടി ഇന്ധനം വെള്ളത്തില്‍ പരന്നു. ഇന്ധനം കലര്‍ന്ന വെള്ളം ശ്വാസകോശത്തില്‍ കയറിയതിനാല്‍ പലരുടെയും നില ഗുരുതരമാണ്. ഇവര്‍ക്ക് ' കെമിക്കല്‍ ന്യുമോണിയ ' എന്ന അവസ്ഥയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഈ അവസ്ഥയിലുള്ള നാലുപേര്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലെ തീവ്രപരിചരണ യൂണിറ്റില്‍ ചികിത്സയിലാണ്.
ജെട്ടിയിലെ കൗണ്ടറില്‍ നിന്നും 25 പേരാണ് ടിക്കറ്റ് എടുത്തതെങ്കിലും അപകടസമയത്ത് 40ഓളംയാത്രക്കാര്‍ ബോട്ടിലുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കൗണ്ടറിലെ തിരക്ക് കാരണം പലരും ബോട്ടില്‍ കയറിയ ശേഷവും ടിക്കറ്റ് എടുക്കുന്നത് പതിവാണ്. അതിനാല്‍ എത്രപേര്‍ ബോട്ടിലുണ്ടായിരുന്നുവെന്ന് കൃത്യമായ കണക്കില്ല.
ഫോര്‍ട്ട്‌കൊച്ചി കമാലക്കടവിനടുത്ത് അന്താരാഷ്ട്ര കപ്പല്‍ച്ചാലില്‍ വച്ചാണ് ദുരന്തമുണ്ടായത്. ആഴമേറിയ അഴിമുഖത്താണ് അപകടം നടന്നത്. അപകടത്തില്‍ പെട്ടവരില്‍ കുട്ടികളുമുണ്ട്. ഒരു കുട്ടിയും ബോട്ടിലെ ജീവനക്കാരനും ഒഴുക്കില്‍പെട്ടതായി സൂചനയുണ്ട്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കോസ്റ്റ് ഗാര്‍ഡും മറൈന്‍ വിഭാഗവും തിരച്ചില്‍ നടത്തിവരുന്നു. 22 പേരെ ഫോര്‍ട്ട് കൊച്ചി താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയുടെ സഹായവും തേടിയുണ്ട്. വൈപ്പിനില്‍ നിന്ന് നാട്ടുകാര്‍ നാല് ബോട്ടുകളിലായി തിരച്ചില്‍ നടത്തുന്നുണ്ട്. കോസ്റ്റല്‍ എ.ഡി.ജി.പി മുഹമ്മദ് യാസിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. അപകടത്തില്‍ പെട്ട ബോട്ടിന്റെ ഒരു ഭാഗം വടംകെട്ടി കരയ്ക്കടുപ്പിച്ചു കഴിഞ്ഞു.

വൈപ്പിന്‍ ബോട്ടപകടത്തില്‍ ആറുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോയെന്നറിയാനായി നാവികസേനയും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്. 




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.