Latest News

ഇത് ഉദുമയുടെ വഴിയോര കാഴ്ച

ഉദുമ ഗ്രാമ പഞ്ചായത്തിന്റെ, അസംബ്ലി മണ്ഡലത്തിന്റെ ആസ്ഥാനമാണ് ഉദുമ ടൗണ്‍. അവിടെ ബസ് കാത്തു നില്‍ക്കുന്നവര്‍ക്ക് ചെളിവെള്ളത്തില്‍ ഇറങ്ങി നില്‍ക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. ജീവനില്‍ കൊതിയുള്ളവര്‍ ബസ് വൈറ്റിങ്ങ് ഷെഡിലേക്ക് കേറാന്‍ ധൈര്യപ്പെടില്ല. തൂണു പൊട്ടി സ്ലാബില്‍ നിന്നും തെന്നി നില്‍ക്കുന്ന കാഴ്ചകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കിടത്തി ചികില്‍സ ലഭി്ച്ചിരുന്ന, ദരിദ്ര രോഗികളുടെ അത്താണിയായിരുന്ന ഉദുമ സര്‍ക്കാര്‍ ആശുപത്രിയുടെ കാര്യവും അങ്ങനെയൊക്കെ തന്നെ.[www.malabarflash.com]

ഉദുമ സര്‍ക്കാര്‍ ആശുപത്രി
കാഞ്ഞങ്ങാടിനും കാസര്‍കോടിനും ഇടയിലെ തീരദേശ പട്ടണമാണ് ഉദുമ. ഉദുമയിലെ ഗതകാല ആഴ്ചചന്തയും കൊടുക്കല്‍ വാങ്ങലിനും മറ്റും ചരിത്രത്തിന്റെ സുഗന്ധമുണ്ട്. ഇന്ന് ഇവിടങ്ങളില്‍ മുഴു നീളെ കെട്ടിടങ്ങള്‍ മാത്രം. മല്‍സ്യമാര്‍ക്കറ്റുണ്ട്, വില്‍പ്പന തെരുവില്‍. കമ്മ്യൂണിറ്റി ഹാള്‍ സര്‍ക്കാരിന്റെ മീറ്റിങ്ങുകള്‍ക്കല്ലാതെ മറ്റിതര സൗകര്യങ്ങള്‍ക്ക് പാകമല്ല. വായനശാലയുണ്ട്, പത്രങ്ങള്‍ പേരിനു മാത്രം. ലൈബ്രറിയുണ്ട്, വായന മരിച്ചു കിടക്കുന്നു. നിന്നു തിരിയാന്‍ ഇടമില്ലാത്ത ഒരു കുടുസ്സു മുറിയില്‍ വില്ലേജ് ഓഫീസ്. ഒരു മുത്രപ്പുരയുണ്ടായിരുന്നു അതും അധോഗതിയില്‍.


ഇലക്ട്രീസിറ്റി ഓഫീസീലേക്കും, സബ് രജിസ്റ്റാര്‍ ഓഫീസിലേക്കും, ആശുപത്രിയിലേക്കും മറ്റുമായി നാടിന്റെ നാനാ തുറകളില്‍ നിന്നും എത്തുന്ന, ഒന്ന് വിശ്രമിക്കാന്‍ ആഗ്രഹിക്കുന്നവരെ കാത്തുനില്‍ക്കുകയാണ് ഇവിടുത്തെ പേടിപ്പെടുന്ന ബസ്റ്റാന്‍ഡ്. ചെളിവെള്ളമെങ്കില്‍ അതായിരിക്കും നമ്മുടെ വിധിയെന്ന് കരുതി സ്വയം ശപിച്ചും സഹിച്ചും കഴിയുകയാണ് ഗ്രാമീണര്‍.

കാഞ്ഞങ്ങാടിനും കാസര്‍കോടിനും ഇടയിലെ തീരദേശ പട്ടണമാണമായിട്ടെന്തു കാര്യം . സന്ധ്യ കഴിഞ്ഞാല്‍ ആളൊഴിയും പിന്നെ നോക്കു കുത്തിയായി വിളക്കുകാലുകള്‍ മാത്രം. നിയന്ത്രണം തെരുവു പട്ടികള്‍ക്കും, മാഫിയകള്‍ക്കുമാണ്. ചെറുവത്തുരിലെ ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് അവിടെ ബസ്റ്റ്‌സ്റ്റാന്‍ഡിനായുള്ള ആലോചന തുടങ്ങിയ കാലം മുതല്‍ അതുപോലൊരു സമുച്ചയം ഉദുമക്കാരുടെയും സ്വപ്‌നമായിരുന്നു . ചെറുവത്തുരില്‍ ബസ്റ്റാന്‍ഡ് വന്നു, ആ നാടു തന്നെ മാറി.

കാഞ്ഞങ്ങാടു വിട്ടാല്‍ എറ്റവും ഏറെ വികസനം വരേണ്ട പട്ടണമായിരുന്നു ഉദുമ. കാലം പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഉദുമക്കാരുടെ ആഗ്രഹങ്ങളില്‍ പൂവിരിഞ്ഞില്ല. സ്വപനങ്ങള്‍ മരവിച്ചു കിടക്കുന്നു. ടൗണിനു തൊട്ടു പിറകില്‍ സ്വപ്ന ഭൂമിയുണ്ട്. മിക്കതും തരിശ്ശായി അഹല്യാ മോക്ഷവും കാത്ത് കിടക്കുകയാണ്. ഓഡിറ്റോറിയവും ക്ഷേത്രവും കച്ചവട സ്ഥാപനങ്ങളും മറ്റുമുള്ള പ്രകൃതിദത്തമായ വയല്‍ക്കരയാണിവിടം. ഒരു ബസ്സ്സ്റ്റാന്‍ഡ് സമുച്ചയം ഉണ്ടാക്കാന്‍ പറ്റിയ ഇടം. റിസോര്‍ട്ടുകളും റോഡും പാലവുമെന്ന പോലെ പ്രാധാന്യമുള്ള സാധാരണയില്‍ സാധാരണക്കാരായ യാത്രക്കാര്‍ക്കുള്ള അടിസ്ഥാന സൗകര്യ വികാസത്തിന്, സൗജന്യ ആരോഗ്യ ചികില്‍സയ്ക്ക്, വായനയിലൂടെ അറിവു നേടാന്‍, പകരാനുള്ള ആഗ്രഹങ്ങള്‍ക്ക് ഇവിടെയും മുഖവില പോലുമില്ല.

ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് നേരെ പഞ്ചായത്ത് ബോര്‍ഡും, ജനപ്രതിനിധികളും, അവരുടെ രാഷ്ട്രീയവും പുറം തിരിഞ്ഞു നില്‍ക്കുകയാണ്. വരാനിരിക്കുന്ന ബോര്‍ഡെങ്കിലും വെറുതെ രസത്തിനായെങ്കിലും തങ്ങളുടെ തെരെഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ അടിസ്ഥാന വികസനത്തിന്റെ പട്ടികയില്‍ ഇതൊക്കെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോവുകയാണ് ജനം.

പ്രതിഭാരാജന്‍.




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.