Latest News

മേമന്‍െറ വധശിക്ഷ: സുപ്രീംകോടതി ഡെ. രജിസ്ട്രാര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: [www.malabarflash.com] യാക്കൂബ് മേമനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുണ്ടായ സംഭവവികാസങ്ങളില്‍ പ്രതിഷേധിച്ച് മലയാളിയായ സുപ്രീംകോടതി ഡെപ്യൂട്ടി രജിസ്ട്രാര്‍ അനൂപ് സുരേന്ദ്രനാഥ് രാജിവെച്ചു. യാക്കൂബ് മേമനെ തൂക്കിലേറ്റാന്‍ ഉത്തരവ് പുറപ്പെടുവിച്ച വ്യാഴാഴ്ചയിലെയും വെള്ളിയാഴ്ചയിലെയും മണിക്കൂറുകള്‍ സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഇരുണ്ട മണിക്കൂറുകളാണെന്ന് പരസ്യമായി കുറ്റപ്പെടുത്തിയാണ് അനൂപിന്‍െറ രാജി.

മേമന് നല്‍കിയ വധശിക്ഷ അവസാനത്തെ ആണിയാണെന്ന് നാഷനല്‍ ലോ യൂനിവേഴ്സിറ്റി ഫാക്കല്‍റ്റി കൂടിയായ അനൂപ് സുരേന്ദ്രനാഥ് വ്യക്തമാക്കി.

ആഗ്രഹിക്കുന്നതെന്തും എഴുതാനുള്ള സ്വാതന്ത്ര്യത്തിലേക്കുള്ള മോചനമാണിതെന്നും സുപ്രീംകോടതിയില്‍ ഈയാഴ്ച സംഭവിച്ച കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ ചര്‍ച്ചയാക്കാന്‍ ഈ സ്വാതന്ത്ര്യം ഉപയോഗിക്കുമെന്നും അനൂപ് സുരേന്ദ്രന്‍ ഫേസ്ബുക് പേജില്‍ കുറിച്ചു. 

യാക്കൂബ് മേമനെ തൂക്കിലേറ്റിയ സംഭവവികാസങ്ങളില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച് അനൂപ് സുരേന്ദ്രനാഥ് വെള്ളിയാഴ്ചതന്നെ രംഗത്തുവന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സുപ്രീംകോടതിയില്‍ സംഭവിച്ചത് നിയമവ്യവസ്ഥയുടെ വിജയമായി കാണുന്നത് ബാലിശവും നിഷ്കളങ്കവുമാണെന്ന് അദ്ദേഹം പറഞ്ഞു. 

ജൂലൈ 29ന് വൈകീട്ട് നാലിനും 30ന് പുലര്‍ച്ചെ അഞ്ചിനും പുറപ്പെടുവിച്ച ഉത്തരവുകളും അതിന് പറഞ്ഞ ന്യായീകരണങ്ങളും നീതിന്യായവ്യവസ്ഥയുടെ പിന്മാറ്റമാണെന്നും ഇന്ത്യന്‍ സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട മണിക്കൂറുകളായി അതിനെ എണ്ണുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഈ അഭിപ്രായപ്രകടനത്തിന് പിറ്റേന്നാണ് അനൂപ് രാജി വിവരം പുറത്തുവിട്ടത്. രാജിവിവരം പിന്നീട് അനൂപ് സ്ഥിരീകരിച്ചു.

നിരവധി കാരണങ്ങള്‍കൊണ്ട് കുറച്ചുകാലമായി രാജിയെക്കുറിച്ച് ആലോചിച്ചതായിരുന്നുവെന്ന് അനൂപ് ഏറ്റവും ഒടുവിലിട്ട പോസ്റ്റില്‍ വ്യക്തമാക്കി. എന്നാല്‍, സുപ്രീംകോടതിയിലുണ്ടായ സംഭവം പഴഞ്ചൊല്ലുപോലെ അവസാനത്തെ ആണിയായി. നാഷനല്‍ ലോ യൂനിവേഴ്സിറ്റിയില്‍ വധശിക്ഷക്കെതിരെ താന്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികളില്‍ കേന്ദ്രീകരിക്കാന്‍ സുപ്രീംകോടതിയിലെ ഈ പദവി രാജിവെക്കുകയാണെന്ന് അനൂപ് തുടര്‍ന്നു. പലവഴിക്കും സ്വാതന്ത്ര്യം വീണ്ടെടുക്കാനുള്ള മാര്‍ഗമാണിത്.

കഴിഞ്ഞ വര്‍ഷം മേയില്‍ സുപ്രീംകോടതിയില്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഗവേഷണം) ആയി നിയമിതനായ അനൂപ് സുരേന്ദ്രനാഥ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്‍െറ കോടതി പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട ഉപദേശക സമിതിയിലായിരുന്നു. 2006ല്‍ ഹൈദരാബാദ് നല്‍സാറില്‍നിന്ന് നിയമബിരുദം നേടിയ ചെങ്ങന്നൂര്‍ സ്വദേശിയായ അനൂപിന് ഓക്സ്ഫഡ് സര്‍വകലാശാലയില്‍ ബി.സി.എല്ലിന് ഫെലിക്സ് സ്കോളര്‍ഷിപ്പും ലഭിച്ചിരുന്നു. 

ബി.സി.എല്ലില്‍ ഉന്നത വിജയം നേടിയതിനെ തുടര്‍ന്ന് ഓക്സ്ഫഡ് സര്‍വകലാശാലയുടെ എം.ഫില്ലിനുള്ള പീറ്റര്‍ബിര്‍ക്സ് മെമ്മോറിയല്‍ സ്കോളര്‍ഷിപ്പും ലഭിച്ചു. തുടര്‍ന്ന് ഓക്സ്ഫഡിന്‍െറ തന്നെ ഫെലിക്സ് സ്കോളര്‍ഷിപ് ഡി.ഫില്ലിനും നേടി. ‘ദ ഹിന്ദു’വില്‍ കോളമിസ്റ്റായിരുന്നു.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.