Latest News

മൂന്നാം ക്ലാസുകാരിയുടെ സ്വരമാധുര്യത്തില്‍ മയങ്ങി സംഗീതസദസ്സ്‌

കോഴിക്കോട്:[www.malabarflash.com] തേനും വയമ്പും നാവില്‍ തൂവി കോഴിക്കോട്ടെ സംഗീതസദസ്സിന് മുന്നില്‍ വാനമ്പാടിയായി മാറുകയായിരുന്നു മൂന്നാം ക്ലാസുകാരി ആര്യനന്ദ. നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലെ നാദങ്ങളായി നീ വരൂ... രാഗങ്ങളായി തേന്‍ തരൂ... എന്ന സെമി ക്ലാസിക്കല്‍ ഗാനത്തിലൂടെ ആര്യനന്ദ കോഴിക്കോടിന്റെ ഹൃദയംകീഴടക്കി. ആദ്യഗാനം തീരുന്നതിനുമുമ്പുതന്നെ നിര്‍ത്താത്ത കൈയ്യടി.

തുടര്‍ന്ന് ഇന്നെനിക്ക് പൊട്ടുകുത്താന്‍ സന്ധ്യകള്‍ ചാലിച്ച സിന്ദൂരവുമായി ആര്യനന്ദയത്തെി. തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി.. എന്ന പാട്ടോടെ കോഴിക്കോട്ടെ സംഗീതപ്രേമികള്‍ ഉറപ്പിച്ചു നാവില്‍ സംഗീതത്തിന്റെ തേനും വയമ്പുമായി പിറന്ന അനുഗൃഹീത കലാകാരിതന്നെ ആര്യനന്ദയെന്ന്.

പ്രതിഭാധനരായ സംഗീതജ്ഞര്‍ക്കുള്ള സമര്‍പ്പണമായാണ് നിസരി സ്‌കൂള്‍ ഓഫ് മ്യൂസിക് 'സ്‌നേഹപൂര്‍വം ആര്യനന്ദ' എന്ന സംഗീതനിശ സംഘടിപ്പിച്ചത്. നോട്ടത്തിലെ ചിത്ര പാടിയ മയങ്ങിപ്പോയി ഞാന്‍ മയങ്ങിപ്പോയി.. എന്ന പാട്ടുപാടിയും ആര്യനന്ദ ടൗണ്‍ഹാളിലെ സംഗീതസദസ്സിനെ മയക്കി.

ചിത്രയും ജാനകിയും ലതാ മങ്കേഷ്‌കറും ശ്രേയാ ഘോഷാലും പാടി ഹിറ്റാക്കിയ ഗാനങ്ങള്‍ കുഞ്ഞുശബ്ദത്തില്‍ ഭദ്രം.

എട്ടാമത്തെ പാട്ടായി സിന്ദുരഭൈരവി രാഗത്തില്‍ ഇളയരാജ ഈണംപകര്‍ന്ന പാടറിയേന്‍ പഠിപ്പറിയേന്‍.. എന്ന പാട്ട് ആര്യനന്ദ പാടിത്തീര്‍ന്നപ്പോള്‍ സദസ്സിലുള്ളവരുടെ കണ്ണും മനവും നിറഞ്ഞു. താളവും ശ്രുതിയും തെറ്റാതെ 25ഓളം ഹിന്ദി, മലയാളം, തമിഴ് പാട്ടുകളാണ് ആര്യനന്ദ പാടി കൈയ്യടി നേടിയത്.

വെള്ളിമാടുകുന്ന് സെന്റ് ജോസഫ്‌സ് ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിലെ മൂന്നാം ക്ലാസുകാരിയായ ആര്യനന്ദ ഇതിനോടകം 100ലധികം വേദികളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. സംഗീതാധ്യാപകരായ രാജേഷ് ബാബുവിന്റെയും ഇന്ദുവിന്റെയും മകളാണ്.

ശാസ്ത്രീയസംഗീതത്തിലും ഇതര ഗാനശാഖകളിലും കഴിവുതെളിയിച്ചിട്ടുണ്ട്. കോഴിക്കോട് ജാഫര്‍ കോളനിയിലെ ആശാരിക്കണ്ണി പറമ്പിലാണ് കുടുംബം താമസിക്കുന്നത്.

സംഗീതനിശ പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആര്യനന്ദയോടൊപ്പം രതീഷ്, അരുണ്‍, റിജേഷ് എന്നിവരും ഗാനങ്ങളാലപിച്ചു. ഓര്‍ക്കസ്ട്ര: വിനീഷ് (കീബോര്‍ഡ്), ഷിജിന്‍ (റിഥം), സുബിന്‍, സഞ്ജയ് (ഗിത്താര്‍), അഭിജിത്ത് (ഫ്‌ളൂട്ട്), ബിജു, രജീഷ് (തബല), രഗിലേഷ് (പ്രോഗ്രാം ഡയറക്ടര്‍).

ആര്യനന്ദയുടെ പിതാവ് രാജേഷ് ബാബു, മാതാവ് ഇന്ദു, നിസരി സ്‌കൂള്‍ ഓഫ് മ്യൂസിക് പ്രവര്‍ത്തകര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.




Keywords: Calicut News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.