Latest News

ഹജ്ജ് വളണ്ടിയര്‍ വിസ തട്ടിപ്പ്: പ്രധാന പ്രതികള്‍ പിടിയില്‍

മുക്കം: [www.malabarflash.com] ഹജ്ജ് കര്‍മത്തിനെത്തുന്നവര്‍ക്ക് ഭക്ഷണ വിതരണമടക്കമുള്ള സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിസ നല്‍കാമെന്ന് മോഹിപ്പിച്ച് നിരവധി പേരില്‍ നിന്ന് പണവും പാസ്‌പോര്‍ട്ടും വാങ്ങി മുങ്ങിയ സംഘത്തിലെ പ്രധാന പ്രതികള്‍ പോലീസ് പിടിയില്‍. മുക്കം കല്ലുരുട്ടി സ്വദേശി ജാബിര്‍, സുഹൃത്ത് മന്‍സൂര്‍ എന്നിവരാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

ശനിയാഴ്ച രാവിലെ തമിഴ്‌നാട് സേലം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അന്വേഷണ സംഘം പ്രതികളെ തന്ത്രപൂര്‍വം കുടുക്കുകയായിരുന്നു. പ്രധാന പ്രതി ജാബിറിന്റെ പിതാവ് അഹ്മദ്കുട്ടി എന്ന ബാവയെയും ജാബിറിന്റെ സഹോദരനെയും അന്വേഷണ സംഘം രണ്ട് ദിവസം മുമ്പ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ഉപയോഗപ്പെടുത്തിയാണ് ചെന്നൈയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ തന്ത്രപൂര്‍വം സേലം റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. 

പിടിയിലായ സഹോദരനെക്കൊണ്ട് വെള്ളിയാഴ്ച ജാബിറിനെ ഫോണില്‍ വിളിപ്പിക്കുകയും അടിയന്തരമായി കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. രാവിലെ സേലത്തെത്തിയാല്‍ കാണാമെന്ന ജാബിറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പോലിസ് ജാബിറിന്റെ സഹോദരനെയും കൂട്ടി വെള്ളിയാഴ്ച അര്‍ധരാത്രിയാണ് പുറപ്പെട്ടത്. ശനിയാഴ്ച രാവിലെ 8.30 ഓടെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സംഘം ജാബിറിനെയും മന്‍സൂറിനെയും പിടികൂടുകയായിരുന്നു. 

മുക്കത്തെത്തിച്ച ഇവരെ താമരശ്ശേരി ഡി വൈ എസ് പി ഓഫീസിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ 26ാം തീയതിയാണ് ജാബിറിനും സംഘത്തിനുമെതിരെ മുക്കം ഉള്‍പ്പെടെയുള്ള മലബാറിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ തട്ടിപ്പിനിരയായവര്‍ പരാതി നല്‍കിയത്. 2800 സഊദി റിയാല്‍ ശമ്പളവും ഉംറ ചെയ്യാനുള്ള സൗകര്യവും വാഗ്ദാനം ചെയ്ത് ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം രൂപ വരെയാണ് സംഘം കൈക്കലാക്കിയത്. ആയിരത്തിലേറെയാളുകള്‍ വഞ്ചിക്കപ്പെട്ടതായാണ് വിവരം. ഇതിനിടെ ഓമശ്ശേരി പെട്രോള്‍ പമ്പിനടുത്ത് ദുരൂഹ സാഹചര്യത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാറില്‍ നിന്ന് 416 പാസ്‌പോര്‍ട്ടുകള്‍ മുക്കം പോലീസിന് ലഭിച്ചിരുന്നു.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.