Latest News

മുഹമ്മദിന്റെ മകള്‍ ചോദിക്കുന്നു... എന്റെ ബാപ്പയുടെ ജീവന്‍ തിരിച്ചു തരാന്‍ അവര്‍ക്ക് സാധിക്കുമോ?

ദില്ലി[www.malabarflash.com]: 'വീട്ടിലെ ഫ്രിഡ്ജിലുണ്ടായിരുന്ന ഇറച്ചി ബീഫ് അല്ലെന്ന് ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞാല്‍, എന്റെ ബാപ്പയുടെ ജീവന്‍ തിരിച്ചു തരാന്‍ അവര്‍ക്ക് സാധിക്കുമോ?' ബീഫ് കഴിച്ചെന്ന് ആരോപിച്ച്  ജനക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദിന്റെ മകള്‍ സാജിതയാണ് ഇക്കാര്യം ചോദിക്കുന്നത്. 'എനിക്ക് പിതാവിനെ നഷ്ടപ്പെട്ടു. ഇനി സഹോദരനെ കൂടി നഷ്ടപ്പെടാന്‍ ആവില്ല' അവന്റെ ജീവന് രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യുവെന്നാണ് 18കാരിയായ ഈ പെണ്‍കുട്ടിക്ക് തന്റെ ചുറ്റിനുമുള്ളവരോട് ആവശ്യപ്പെടാനുള്ളത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ബീഫ് കഴിച്ചെന്ന് ആരോപിച്ച് മുഹമ്മദിനെ ജനക്കൂട്ടം തല്ലികൊന്നത്. ദില്ലി ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ദാദ്രിയിലാണ് സംഭവം. പ്രദേശത്തെ ക്ഷേത്ര കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് ദാദ്രി സ്വദേശി മുഹമ്മദിനെ ജനക്കൂട്ടം തല്ലികൊന്നത്. മുഹമ്മദിന്റെ മകന്‍ ദാനിഷിനും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. എന്നാല്‍ വീട്ടിലെ ഫ്രിഡ്ജില്‍ മട്ടണ്‍ മാത്രമാണുണ്ടായിരുന്നതെന്നും ബീഫ് കഴിച്ചില്ലെന്നുമാണ് മുഹമ്മദിന്റെ മകള്‍ പറയുന്നത്.

വീട്ടിലേക്ക് ഇരച്ചുകയറിയെത്തിയ പത്തോളം പേര്‍ പിതാവിനെയും സഹോദരനെയും ഇഷ്ടിക കൊണ്ട് അടിക്കുകയായിരുന്നു. തലയ്ക്ക് അതിക്രൂരമായ അടിയേറ്റാണ് ബാപ്പ മരിച്ചത്. സഹോദരന്റെ നെഞ്ചിലും തലയില്‍ അവര്‍ അടിച്ചു. സംഭവത്തെ കുറിച്ച് പൊലീസില്‍ അറിയിച്ചാല്‍ കൊലപ്പെടുത്തുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. തന്നെയും മുത്തശ്ശിയെയും അവര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും അക്രമിസംഘം സ്ഥലത്ത് നിന്ന് പോയി മണിക്കൂറുകള്‍ കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയതെന്നും സാജിത പറഞ്ഞു.

സമീപത്തെ ഒരു ക്ഷേത്രത്തില്‍ നിന്നുണ്ടായ ഒരു അറിയിപ്പിന് തൊട്ടുപിന്നാലെയാണ് ജനക്കൂട്ടം തന്റെ വീട്ടിലെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് പ്രദേശത്ത് നിന്ന് കാണാതായ ഒരു പശുവിനെ തങ്ങള്‍ കൊന്നുവെന്നായിരുന്നു ആ അറിയിപ്പ്. എന്നാല്‍ അങ്ങനെയൊരു സംഭവത്തെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും വീട്ടില്‍ ബീഫ് പാചകം ചെയ്തിട്ടില്ലെന്നും സാജിത പറഞ്ഞു. ഫ്രിഡ്ജില്‍ ഉണ്ടായിരുന്ന മട്ടണ്‍ അവര്‍ ബീഫായി തെറ്റിദ്ധിരിക്കുകയായിരുന്നു. സംശയനിവാരണത്തിനാണ് അത് പൊലീസ് കൊണ്ടു പോയതെന്നും മട്ടണ്‍ തന്നെയാണെന്ന് തെളിഞ്ഞാല്‍ തന്റെ പിതാവിനെ അവര്‍ തിരിച്ചു തരുമോയെന്നും സാജിത ചോദിക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.