Latest News

മുന്‍ എംഎല്‍എ എന്‍.പി. മൊയ്തീന്‍ അന്തരിച്ചു

കോഴിക്കോട്:[www.malabarflash.com] മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ എന്‍.പി. മൊയ്തീന്‍ (75) അന്തരിച്ചു. കുറച്ചുകാലമായി രോഗബാധിതനായി ചികില്‍സയിലായിരുന്നു. കെപിസിസി നിര്‍വാഹകസമിതി അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മൃതദേഹം ശനിയാഴ്ച രാവിലെ 11നു ഡിസിസി ഓഫിസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

ആദര്‍ശരാഷ്ട്രീയത്തിന്റെയും മതനിരപേക്ഷതയുടെയും ഉജ്വല പ്രതിരൂപമായി മലബാറിലെ കോണ്‍ഗ്രസ് നേതൃനിരയില്‍ നിറഞ്ഞുനിന്ന നേതാവായിരുന്നു മൊയ്തീന്‍.

സ്വാതന്ത്ര്യസമര സേനാനി എന്‍.പി. അബുവിന്റെയും ഇമ്പിച്ചിപാത്തുവിന്റെയും മകനായി 1940 ജൂലൈ 29നു ജനിച്ചു. പ്രശസ്ത സാഹിത്യകാരന്‍ എന്‍.പി. മുഹമ്മദിന്റെ ഇളയ സഹോദരനാണ്. വിമോചനസമരകാലത്തു മലബാറിലെ സമരസമിതിയുടെ കണ്‍വീനറായിരുന്നു. രണ്ടു തവണ ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്നു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഏറെക്കാലം കെപിസിസി ജന. സെക്രട്ടറിയായിരുന്നു.

1958ല്‍ കൊല്ലത്തു ചേര്‍ന്ന കെഎസ്‌യു സ്ഥാപകയോഗത്തില്‍ പങ്കെടുത്താണു മൊയ്തീന്‍ സജീവരാഷ്ട്രീയത്തിലേക്കു കടന്നത്. കെഎസ്‌യു ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ട്രഷറര്‍, ജന. സെക്രട്ടറി, സംസ്ഥാന നിര്‍വാഹക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മൊയ്തീന്‍ കോണ്‍ഗ്രസിലെ 69ലെ പിളര്‍പ്പില്‍ ഇന്ദിരാഗാന്ധിക്കൊപ്പം നിന്ന കോഴിക്കോട്ടെ ചുരുക്കം ചിലരില്‍ പ്രമുഖനാണ്.

പിന്നീട് കോണ്‍ഗ്രസ് ജില്ലാ ജന. സെക്രട്ടറിയായ അദ്ദേഹം അവിഭക്ത കോണ്‍ഗ്രസിന്റെ മലബാറിലെ പ്രായം കുറഞ്ഞ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നിര്‍വാഹക സമിതി അംഗമായിരുന്നു. സി.കെ. ഗോവിന്ദന്‍ നായരുടെ ശിഷ്യനായിരുന്ന മൊയ്തീന്‍ സികെജി കെപിസിസി പ്രസിഡന്റായിരുന്ന കാലത്താണു കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായി മാറിയത്. 1973 മുതല്‍ 78 വരെ എ.കെ. ആന്റണി കെപിസിസി പ്രസിഡന്റായിരുന്ന കാലത്ത് ജന. സെക്രട്ടറിയായിരുന്നു. 78 മുതല്‍ 87 വരെ ഡിസിസി പ്രസിഡന്റായി.

1977ലും 80ലും ബേപ്പൂരില്‍ നിന്നു മല്‍സരിച്ചു നിയമസഭയിലെത്തി. 80ല്‍ കോണ്‍ഗ്രസ് (യു) സ്ഥാനാര്‍ഥിയായി ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണു മല്‍സരിച്ചത്. 80ല്‍ നിയമസഭാ പാര്‍ട്ടിയുടെ ഡപ്യൂട്ടി ലീഡറായിരുന്ന മൊയ്തീന്‍ 82ലും 87ലും കോഴിക്കോട്, നാദാപുരം എന്നിവിടങ്ങളില്‍ നിന്നു മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. കേരളധ്വനി, കേരളഭൂഷണം പത്രങ്ങളുടെ മലബാര്‍ ലേഖകനായിരുന്നു.

കെപിസിസി ജന. സെക്രട്ടറിയായിരുന്ന കാലത്തു വീക്ഷണം വാരികയുടെ ചുമതല വഹിച്ചു. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍, വീക്ഷണം ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.. കയര്‍ബോര്‍ഡ്, ജല മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്, ടെലിഫോണ്‍ ഉപദേശക സമിതി എന്നീ കമ്മിറ്റികളില്‍ അംഗമായിരുന്നു. പ്രമുഖ സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദു റഹിമാന്റെ സ്മരണയ്ക്കായി ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസ് വെസ്‌റ്റേണ്‍ റീജനല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ 2003ലെ അവാര്‍ഡ് മൊയ്തീനായിരുന്നു.

മാങ്കാവ് പള്ളിത്താഴം റോഡില്‍ എന്‍പി ഹൗസിലായിരുന്നു താമസം. ഖദീജയാണു ഭാര്യ. മക്കള്‍: എന്‍.പി. സക്കറിയ (സില്‍ക്കി വെഡ്ഡിങ്‌സ്, കോഴിക്കോട്), എന്‍.പി. അബ്ദുല്‍ ഗഫൂര്‍ (വെസ്റ്റ്‌വേ സ്റ്റീല്‍സ് മഞ്ചേരി, യൂത്ത് കോണ്‍ഗ്രസ് മുന്‍ കോഴിക്കോട് ജില്ലാ വൈസ് പ്രസി), എന്‍.പി. സാദത്ത് (ഹോട്ടല്‍ വൈറ്റ്‌സ്, ഐക്കരപ്പടി), എന്‍.പി. സനില്‍ (കാലിക്കറ്റ് സിറ്റി കോ ഓപ്പറേറ്റീവ് സൊസൈറ്റി). മരുമക്കള്‍: എന്‍.വി.പി. ഹഫ്‌സ, കെ. തഹ്മീന, ഫെമിത, ഷബ്‌ന.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.