Latest News

എടിഎമ്മില്‍നിന്നു കാല്‍ക്കോടി കവര്‍ന്ന സംഭവം: ആറു പ്രതികള്‍ പിടിയില്‍, 20 ലക്ഷം കണ്ടെടുത്തു

തൃശൂര്‍:[www.malabarflash.com] എസ്ബിഐയുടെ വെളിയന്നൂര്‍ എടിഎമ്മില്‍നിന്നു കാല്‍ക്കോടി കവര്‍ന്ന കേസില്‍ പണം നിക്ഷേപിക്കുന്ന സ്വകാര്യ സ്ഥാപന ജീവനക്കാരനടക്കം ആറു പേര്‍ പൊലീസ് പിടിയിലായി. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. 20 ലക്ഷത്തോളം രൂപ പ്രതികളില്‍നിന്നു കണ്ടെടുത്തു.

പിടികിട്ടാനുള്ള ബാക്കി മൂന്നു പേര്‍ കേരളം വിട്ടതായി പൊലീസിനു വ്യക്തമായിട്ടുണ്ട്. പിടിയിലായവരില്‍ മൂന്നു പേരാണു കവര്‍ച്ച നടത്തിയത്. ബാക്കി ആറു പേര്‍ ആസൂത്രണത്തില്‍ ഒരുമിച്ചു. എല്ലാവരുടെയും ആദ്യ മോഷണമാണിത്. ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തും.

എടിഎമ്മില്‍ പണം നിക്ഷേപിക്കുന്ന സ്വകാര്യ ഏജന്‍സിയായ ബ്രിക്‌സാരിയയിലെ ജീവനക്കാരനായ ചേര്‍പ്പ് സ്വദേശി നിഖില്‍ രാജാണു പ്രധാന പ്രതി. നിഖിലടക്കം മൂന്നു പേര്‍ രണ്ടു ബൈക്കുകളിലെത്തിയാണു പണം കവര്‍ന്നത്. പിന്നീടു ചേര്‍പ്പിലെത്തി അവിടെ കാത്തുനിന്നിരുന്ന മൂന്നു പേരടക്കം ആറു പേര്‍ക്കുമായി വീതിച്ചു. ഇതിനു ശേഷമാണു മൂന്നു പേര്‍ക്കു കൂടി പണം കൊടുക്കേണ്ടി വന്നത്. ആദ്യം വീതം വച്ച ആറു പേരാണു കവര്‍ച്ച ആസൂത്രണം ചെയ്തത്. എടിഎമ്മില്‍ രണ്ടാം തീയതി രാവിലെ നിഖില്‍ നിറച്ച പണം രാത്രി 11നു മോഷ്ടിക്കുകയായിരുന്നു.

ഹെല്‍മറ്റ് വച്ചാണ് ഇയാള്‍ എടിഎമ്മില്‍ കയറിയത്. യന്ത്രത്തിന്റെ താക്കോല്‍ ഇവിടെത്തന്നെയാണു സൂക്ഷിച്ചിരുന്നത്. ഇതെടുത്തു തുറന്നു പാസ്‌വേഡ് ഉപയോഗിച്ച് എടിഎം മൂടിയുടെ പൂട്ടു തുറന്നു പണമടങ്ങിയ മൂന്നു ട്രേകള്‍ കൊണ്ടുപോകുകയാണു ചെയ്തത്. എസ്ബിഐ എടിഎമ്മുകള്‍ക്കു സുരക്ഷാ ജീവനക്കാരില്ല. ഈ എടിഎമ്മില്‍ ക്യാമറയും പ്രവര്‍ത്തിച്ചിരുന്നില്ല. യന്ത്രത്തിനകത്തെ സ്റ്റില്‍ ക്യാമറ മാത്രമാണു പ്രവര്‍ത്തിച്ചിരുന്നത്.

പണം നിറയ്ക്കുന്ന ഏജന്‍സിയിലെ 12 ജീവനക്കാര്‍ക്കു പാസ്‌വേഡ് അറിയാമായിരുന്നു. ഇവരെ പല തവണയായി പൊലീസ് ചോദ്യം ചെയ്തു. പണം നിറച്ചാല്‍ പാസ്‌വേഡ് മാറ്റേണ്ടതു ബാങ്കിന്റെ ചുമതലയാണ്. അതു ചെയ്തിരുന്നില്ല. മാത്രമല്ല രണ്ടിനു കേടുവന്ന എടിഎമ്മില്‍നിന്നു പണം നഷ്ടപ്പെട്ടതായി ബാങ്ക് സ്ഥിരീകരിക്കുന്നത് ഏഴിനാണ്. ഇത്രയേറെ പേര്‍ക്കു പാസ്‌വേഡ് കൈമാറിയതും സുരക്ഷാ വീഴ്ചയാണ്. മാത്രമല്ല ആറു മാസമായി ഇതേ പാസ്‌വേഡാണ് ഉപയോഗിച്ചതെന്നു പൊലീസ് കരുതുന്നു. ബ്രിക്‌സാരിയയിലെ ജീവനക്കാരാകാം പണം എടുത്തതെന്നു നേരത്തെ തന്നെ പൊലീസ് സംശയിച്ചിരുന്നു.

അതുകൊണ്ടുതന്നെ ജില്ലയിലെ എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട എല്ലാവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. പാസ്‌വേഡ് അറിയാവുന്നവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അവസാനം പണം നിറച്ച നിഖില്‍ പരസ്പര വിരുദ്ധ മറുപടി നല്‍കിയതോടെയാണു സംശയം ബലപ്പെട്ടത്. ഇയാളുടെ സുഹൃത്തുക്കള്‍ പലരും ഒളിവില്‍ പോയെന്ന സൂചനയും സംശയം ബലപ്പെടുത്തി. ഇവരുടെ ഫോണ്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി. ക്യാമറയില്‍നിന്നു കിട്ടിയ ഫോട്ടോയും പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നതായിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കിലും നിഖിലിന്റെ ശരീര പ്രകൃതി പൊലീസ് തിരിച്ചറിഞ്ഞു.

പണം നിറയ്ക്കുന്ന ഏജന്‍സിയിലെ മറ്റു ജീവനക്കാര്‍ക്കു കവര്‍ച്ചയില്‍ പങ്കില്ലെന്നുറപ്പായതോടെ ചോദ്യം ചെയ്യാന്‍ വിളിച്ച ഇവരെ വിട്ടയച്ചു. നിഖിലിന്റെ സുഹൃത്തുക്കളാണു കവര്‍ച്ചയ്ക്കു കൂട്ടുനിന്നവരെല്ലാം. ഇവരുടെ വീടുകളില്‍ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും മുങ്ങിയതായി കണ്ടെത്തി. പിന്നീട് ഇവരെ പിടികൂടുകയായിരുന്നു. 

കമ്മിഷണര്‍ കെ.ജി. സൈമണ്‍ നേരിട്ടാണ് അന്വേഷണം വിലയിരുത്തിയത്. ഈസ്റ്റ് സിഐ കെ.കെ. സജീവ്, എസ്‌ഐ പി. ലാല്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.