Latest News

അപകടങ്ങളില്‍ മരിച്ചവരുടെയോ പരുക്കേല്‍ക്കുന്നവരുടെയോ ചിത്രങ്ങളെടുക്കുന്നത് ക്രിമിനല്‍ കുറ്റം

ദോഹ:[www.malabarflash.com] അപകടങ്ങളില്‍ മരിച്ചവരുടെയോ പരുക്കേല്‍ക്കുന്നവരുടെയോ ചിത്രങ്ങളെടുക്കുന്നത് ഖത്തറില്‍ ഇനി മുതല്‍ ക്രിമിനല്‍ കുറ്റം. സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായി കണക്കാക്കിയായിരിക്കും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുക. അപകടത്തില്‍ മരിച്ചവരുടെയോ പരുക്കേറ്റവരുടെയോ ചിത്രങ്ങള്‍ എടുക്കുന്നതും ബന്ധുക്കളുടെ അനുമതിയില്ലാതെ ഇവരുടെ ചിത്രങ്ങള്‍ കൈമാറ്റം ചെയ്യുന്നതും ക്രിമിനല്‍ കുറ്റമാക്കി ഖത്തര്‍ പീനല്‍ കോഡ് ഭേദഗതി ചെയ്തു.

അപകടത്തില്‍ പെട്ടവരുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയാലും നടപടി നേരിടേണ്ടി വരും. എന്നാല്‍ നിയമലംഘകര്‍ക്കുള്ള ശിക്ഷയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. 2004ലെ പതിനൊന്നാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകളാണ് ഇതിനായി ഭേദഗതി ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രി ഷെയ്ക് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കിയത്. ജനന മരണ റജിസ്‌ട്രേഷന്‍ സംബന്ധിച്ച കരട് നിയമത്തിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. നേരത്തെ ശൂറ കൗണ്‍സില്‍ നിര്‍ദേശിച്ച ഭേദഗതികള്‍ കണക്കിലെടുത്താണ് കരടു നിയമം അംഗീകരിച്ചത്.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.