Latest News

ഫുജൈറ ഷെയ്ഖ് സായിദ് പള്ളി ബലിപെരുന്നാളിന് തുറക്കും

ഫുജൈറ:[www.malabarflash.com] ഫുജൈറയിലെ ഷെയ്ഖ് സായിദ് പള്ളി ബലിപെരുന്നാളില്‍ വിശ്വാസികള്‍ക്കു തുറന്നുകൊടുക്കും. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആരാധനാലയമെന്ന കീര്‍ത്തിയുള്ള മസ്ജിദ് വിശ്വാസികളെ സ്വീകരിക്കാനായി ഒരുങ്ങിക്കഴിഞ്ഞു.

സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി, എമിറേറ്റ് കിരീടാവകാശി മുഹമ്മദ് ബിന്‍ ഹമദ് അല്‍ ഷര്‍ഖി എന്നിവരുടെ നിര്‍ദേശ പ്രകാരമാണു ബലിപെരുന്നാളിനു പള്ളി തുറക്കുന്നത്. ഉദ്ഘാടനത്തിന്റെ മുന്നോടിയായാണ് ഈദ് പ്രാര്‍ഥനയ്ക്കായി പള്ളി തുറക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

യുഎഇ പ്രസിഡന്റാണ് എമിറേറ്റില്‍ ഈ ആകര്‍ഷണീയ ആരാധനാലയം പണികഴിപ്പിച്ചത്. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ നാമധേയത്തിലുള്ള പള്ളിയുടെ നിര്‍മാണത്തിനായി 21 കോടി ദിര്‍ഹമായിരുന്നു വകയിരുത്തിയിരുന്നത്. അനുബന്ധ നിര്‍മാണ ചെലവുകള്‍ക്കായി 1.7 കോടി ദിര്‍ഹം കൂടി അധികം വകയിരുത്തിയിട്ടുണ്ട്. 2010 മേയിലാണു ഫുജൈറയുടെ നഗരമധ്യത്തില്‍ പള്ളിയുടെ നിര്‍മാണം ആരംഭിച്ചത്. അബുദാബിയിലെ ഷെയ്ഖ് സായിദ് വലിയ പള്ളി കഴിഞ്ഞാല്‍ യുഎഇയിലെ ഏറ്റവും വലിയ ആരാധനാലയമാണിത്.

പള്ളി പരിസരങ്ങളില്‍ പാര്‍പ്പിട സമുച്ചയങ്ങളോ ജനസേവന കേന്ദ്രങ്ങളോ പണിയാന്‍ പാടില്ലെന്നു സുപ്രീം കൗണ്‍സില്‍ അഗംവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ഷര്‍ഖി നഗരസഭയ്ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരാധനാലയം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്കു സൗകര്യപ്പെടുന്നതിനാണ് ഇതര നിര്‍മാണ പദ്ധതികള്‍ വിലക്കിയത്. 

വിദൂര ദിക്കുകളില്‍ നിന്നുപോലും കാണാന്‍ കഴിയുന്ന വിധത്തിലാണു പള്ളി മിനാരങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നത്. മദബ്ബ്, മറീഷീദ് തുടങ്ങിയ ഫുജൈറയുടെ സജീവ മേഖലകളുമായി ബന്ധിക്കുന്ന പ്രദേശത്താണു പള്ളി. പ്രാദേശിക, ഫെഡറല്‍ സര്‍ക്കാര്‍ കാര്യാലയങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണിത്.

39000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണു പള്ളിയുടെ അകത്തളം നിര്‍മിച്ചത്. സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന 28000 പേര്‍ക്ക് ഒരേസമയം പള്ളിക്കകത്ത് നമസ്‌കാരം നിര്‍വഹിക്കാന്‍ കഴിയും. വിശാലമായ പള്ളി അങ്കണവും ആരാധനയ്ക്കായി പ്രയോജനപ്പെടുത്താനാകും വിധമാണ് നിര്‍മാണം. പള്ളിയങ്കണത്തിന്റെ മൊത്തം വ്യാപ്തി 5120 ചതുരശ്ര മീറ്ററാണ്. തുറസ്സായ ഇവിടെ 7000 വിശ്വാസികള്‍ക്കു പ്രാര്‍ഥന നിര്‍വഹിക്കാനാകും. 4884 ചതുരശ്ര മീറ്ററിലുള്ള മുറ്റത്തിന്റെ ഒരു ഭാഗം മുകള്‍ ഭാഗം മറച്ച നിലയിലാണ്. 6700 പേര്‍ക്ക് നമസ്‌കാരത്തിനു സാധിക്കുന്നതാണിത്.

പള്ളിയുടെ മോടി കൂട്ടാനായി വ്യത്യസ്ത വലുപ്പത്തിലുള്ള ആറ് മിനാരങ്ങളുണ്ട്. ഇതില്‍ നാലെണ്ണത്തിന്റെ നീളം 100 മീറ്ററാണ്. 89 മീറ്റര്‍ വലുപ്പത്തിലാണ് മറ്റു രണ്ട് പള്ളി സ്തൂപങ്ങള്‍ പണികഴിപ്പിച്ചിട്ടുള്ളത്. എമിറേറ്റിലെ വിശ്വാസികള്‍ പള്ളിയുടെ ഉദ്ഘാടനം കാത്തിരിക്കുകയാണ്. 

പെരുന്നാളില്‍ പള്ളിയുടെ കവാടങ്ങള്‍ തുറക്കുന്നതോടെ അവരുടെ ചിരകാല സ്വപ്‌നമാണു പൂവണിയുന്നത്. ഇതര സര്‍ക്കാര്‍ കാര്യാലയങ്ങളുമായി സഹകരിച്ചു പള്ളിയുടെ ഔദ്യോഗിക ഉദ്ഘാടന കര്‍മം ഉടനുണ്ടാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.






Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.