Latest News

ബലാത്സംഗക്കേസ്: തിരൂര്‍ സ്വദേശിയുടെ വധശിക്ഷ യു.എ.ഇ സുപ്രീംകോടതി റദ്ദാക്കി

അബൂദാബി:[www.malabarflash.com] സ്കൂളിന്‍െറ അടുക്കളയില്‍ ഏഴുവയസ്സുകാരിയായ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ മലപ്പുറം തിരൂര്‍ സ്വദേശി ഇ.കെ. ഗംഗാധരന് (56) വിധിച്ച വധശിക്ഷ യു.എ.ഇ സുപ്രീംകോടതി റദ്ദാക്കി. പകരം 10 വര്‍ഷം തടവ് അനുഭവിക്കണം. പ്രതി കുറ്റം ചെയ്തുവെന്നതിന് ശാസ്ത്രീയ തെളിവുകള്‍ സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനെ തുടര്‍ന്നാണ് രണ്ടുവര്‍ഷത്തിലധികമായി തുടരുന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത്.

എന്നാല്‍, പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് 10 വര്‍ഷം തടവ് വിധിച്ചത്. ഭാഷാപരമായ അറിവില്ലായ്മയും പരിഭ്രമവുംമൂലം പൊലീസ് പറഞ്ഞ രേഖകളില്‍ ഒപ്പിടുകയായിരുന്നെന്നും പ്രതിയെ കുറ്റമുക്തനാക്കണമെന്നും അഭിഭാഷകര്‍ വാദിച്ചെങ്കിലും അംഗീകരിച്ചില്ല. പ്രതിക്ക് മാപ്പ് ലഭ്യമാക്കാന്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം, നീതിന്യായ മന്ത്രാലയം എന്നിവ വഴി ശ്രമം തുടരുമെന്ന് അഭിഭാഷകര്‍ അറിയിച്ചു.

2013 ഏപ്രില്‍ 14ന് രാത്രിയാണ് ഗംഗാധരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 32 വര്‍ഷമായി സ്കൂളില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്കെതിരെ ഒരാരോപണവും മുമ്പ് ഉണ്ടായിട്ടില്ലെന്നും പൂര്‍ണ വിശ്വാസമാണെന്നും അല്‍റബീഹ് പ്രൈവറ്റ് സ്കൂളിലെ അധ്യാപകര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

എന്നാല്‍, കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിയുടെയും ഗംഗാധരന്‍െറ കുറ്റസമ്മതത്തിന്‍െറയും അടിസ്ഥാനത്തില്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീല്‍ കോടതിയും ശിക്ഷ ശരിവെച്ചു. തുടര്‍ന്ന് നല്‍കിയ അപ്പീലില്‍ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി പുനര്‍വിചാരണക്ക് ഉത്തരവിട്ടു. വീണ്ടും അപ്പീല്‍ കോടതിയില്‍ വിചാരണ നടക്കുകയും പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ 2015 ജനുവരിയില്‍ വധശിക്ഷ ശരിവെക്കുകയും ചെയ്തു.

പ്രതിഭാഗം വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. മതിയായ അന്വേഷണം നടത്താതെയാണ് അറസ്റ്റെന്നും സാഹചര്യത്തെളിവുകള്‍ ഗംഗാധരന് അനുകൂലമാണെന്നും പ്രതിഭാഗം വാദിച്ചു. കുട്ടിയെ വീണ്ടും വൈദ്യപരിശോധനക്ക് വിധേയമാക്കാന്‍ കോടതി ഉത്തരവിട്ടു. പരിശോധനാ റിപ്പോര്‍ട്ടില്‍ പീഡനം നടന്നതായി തെളിഞ്ഞില്ല. ഇത് പരിഗണിച്ചാണ് വധശിക്ഷ റദ്ദാക്കിയത്. പ്രതിക്കുവേണ്ടി അഭിഭാഷകന്‍ ജാസിം അല്‍സുവൈദി, മലയാളി അഭിഭാഷകന്‍ ടി.കെ. ഹാഷിക് എന്നിവര്‍ കോടതിയില്‍ ഹാജരായി.

രണ്ടുവര്‍ഷത്തിലധികം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഗംഗാധരന്‍െറ വധശിക്ഷ റദ്ദാക്കിയെങ്കിലും ജയില്‍മോചനത്തിനായി ശ്രമം തുടരുമെന്ന് സഹോദരങ്ങള്‍ വ്യക്തമാക്കി. യു.എ.ഇയില്‍തന്നെയുള്ള സഹോദരങ്ങളായ ഹരിദാസ്, സുരേഷ്, ബാബു എന്നിവരാണ് നിയമപോരാട്ടത്തിന് നേതൃത്വം നല്‍കിയത്. ഗംഗാധരന്‍ നിരപരാധിയാണെന്ന് പൂര്‍ണ ബോധ്യമുണ്ടെന്ന് സുരേഷ്  പറഞ്ഞു. 

സ്കൂള്‍ അധികൃതരില്‍നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചത്. കേസ് നടത്തിപ്പിനാവശ്യമായ സാമ്പത്തികസഹായം അവര്‍ ചെയ്തു.ഭാര്യയും മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്ന ഗംഗാധരന്‍െറ കുടുംബം അദ്ദേഹം ജയിലിലായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. 
സഹോദരങ്ങളുടെയും സ്കൂളിന്‍െറയും സഹായംകൊണ്ടാണ് പിടിച്ചുനിന്നത്. 

32 വര്‍ഷമായി സ്കൂളില്‍ ജോലിചെയ്യുന്ന ഗംഗാധരന്‍ അബൂദാബിയിലെ സന്നദ്ധ സംഘടനകളിലും സജീവമായിരുന്നു. ഗംഗാധരന്‍െറ മോചനത്തിനുള്ള നടപടികള്‍ക്കായി നാട്ടില്‍ ‘സേവ് ഇ.കെ. ഗംഗാധരന്‍ ഫോറം’ രൂപവത്കരിച്ചിരുന്നു.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.