Latest News

ഗൃഹപ്രവേശത്തിനു ക്ഷണിക്കാന്‍ പോയ യുവതിയും മകളും ട്രെയിനിടിച്ചു മരിച്ചു

തലശേരി:[www.malabarflash.com] ഗൃഹപ്രവേശത്തിനു ക്ഷണിക്കാന്‍ പോയ വീട്ടമ്മയും മകളും ട്രെയിനിടിച്ചു മരിച്ചു. ഭര്‍ത്താവിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാഹി ഈസ്‌റ്റ്‌ പള്ളൂര്‍ അറവിലകത്ത്‌ പാലത്തിനു സമീപം ഈരായിന്റവിടെ വീട്ടില്‍ പരേതനായ ഖാദര്‍-സുബൈദ ദമ്പതികളുടെ മകള്‍ നുസൈബ(36), ഇവരുടെ ഇളയമകള്‍ ഫാത്തിമ (രണ്ട്‌) എന്നിവരാണു മരിച്ചത്‌.

നുസൈബയുടെ ഭര്‍ത്താവ്‌ വടകര അഴിയൂര്‍ അഞ്ചാംപീടിക കുയ്യാലില്‍ ഹൗസില്‍ ഹനീഫയെ(49) പരുക്കുകളോടെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട്‌ ആറോടെ പുന്നോല്‍ പെട്ടിപ്പാലം റെയില്‍വേ ഗേറ്റിനു സമീപമാണ്‌ അപകടം.

കാറിലെത്തിയ ഹനീഫയും ഭാര്യയും മകളും റെയില്‍വേ ഗേറ്റിനു സമീപം വാഹനംനിര്‍ത്തി ബന്ധുവീട്ടിലേക്കു റെയില്‍വേ ട്രാക്കിലൂടെ നടന്നുപോകവെയായിരുന്നു ദുരന്തം. മംഗളൂരു-തിരുവനന്തപുരം എക്‌സ്‌പ്രസ്‌ ട്രെയിനാണ്‌ ഇടിച്ചത്‌. കാറിലുണ്ടായിരുന്ന ബന്ധുവായ യുവാവിന്റെ നിലവിളികേട്ട്‌ സമീപവാസികള്‍ ഓടിയെത്തി തലശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നുസൈബയും ഫാത്തിമയും മരിച്ചു.

ഹനീഫ അഴിയൂരില്‍ നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശനം ഈമാസം 19-നു നടത്താന്‍ നിശ്‌ചയിച്ചിരുന്നു. ഈ ചടങ്ങിനു ക്ഷണിക്കാന്‍ പെട്ടിപ്പാലത്തെ ബന്ധുവീട്ടിലേക്കു തിരിച്ചതായിരുന്നു. ദുബായിലായിരുന്ന ഹനീഫ അടുത്തിടെയാണു നാട്ടിലെത്തിയത്‌.

ഷസ്‌റാല്‍, ഹാദി, അജ്‌മല്‍ എന്നിവരാണു നുസൈബയുടെ മറ്റു മക്കള്‍. സഹോദരങ്ങള്‍: റനീസ്‌ (ദുബയ്‌), സറീന, റംസീന. മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.