Latest News

കണ്ണൂരില്‍ പരക്കെ അക്രമം

കണ്ണൂര്‍:[www.malabarflash.com] ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച രാത്രിയും അക്രമങ്ങള്‍ അരങ്ങേറി. പെരളശേരിയില്‍ ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റതിനു പുറമെ കണ്ണവം ചിറ്റാരിപ്പറമ്പ് കോട്ടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ഒരു സംഘം ഇരുമ്പ് വടികൊണ്ട് അടിച്ചുപരിക്കേല്‍പിച്ചു. പാനൂര്‍ മുത്താറിപ്പീടികയില്‍ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ നേതാവിനു മര്‍ദനമേറ്റു. മയ്യില്‍ കൊളച്ചേരി പെരുമാച്ചേരി സ്‌കൂളിനു സമീപം ബിജെപി പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ചു. ശ്രീകണ്ഠപുരം പെരുവളത്തുപറമ്പ് ഫാറൂഖ് നഗറില്‍ മുസ്‌ലിം ലീഗ് ഓഫീസിനുനേരേ കരിഓയില്‍ പ്രയോഗം നടത്തി.

പെരളശേരിക്കു സമീപം പള്ള്യത്ത് തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു ആക്രമണം. അമ്മയ്ക്കു മരുന്നുവാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലേക്കു പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ റോസ്‌വില്ലയില്‍ രഘൂത്തമന്റെ മകന്‍ റിജു (23) വിനെ അഞ്ചംഗസംഘം ആക്രമിക്കുകയായിരുന്നു. കാലുകള്‍ക്കു വെട്ടേറ്റ റിജുവിനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണവം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചിറ്റാരിപ്പറമ്പ് കോട്ടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നെല്ല്യാടന്‍ സനീഷിനു (26) നേരേയാണ് രാത്രി 11 ഓടെ ആക്രമണമുണ്ടായത്. വീട്ടുവരാന്തയില്‍ കിടക്കുകയായിരുന്ന ഇയാളെ ഒരുസംഘം ഇരുമ്പുവടികൊണ്ട് കാലിന് അടിച്ചുപരിക്കേല്‍പിക്കുകയായിരുന്നു. സനീഷിനെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണവം എസ്‌ഐ പി.കെ. പ്രകാശന്റെ നേതൃത്വത്തിലുള്ള പോലീസ് രാത്രി തന്നെ സ്ഥലത്തെത്തി അന്വേഷണം നടത്തി. സനീഷിന്റെ വീട്ടിലെ വളര്‍ത്തുനായയെ അക്രമിസംഘം തല്ലിക്കൊന്നതായും പരാതിയുണ്ട്.

മുത്താറിപ്പീടികയിലുണ്ടായ സംഘര്‍ഷത്തില്‍ ഈസ്റ്റ് മൊകേരി ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ലക്ഷംവീട്ടിലെ കെ.ദിപിന് (26) മര്‍ദനമേറ്റു. രാത്രി ഒന്‍പതോടെ ബൈക്ക് തടഞ്ഞായിരുന്നു അക്രമം. അക്രമവിവരമറിഞ്ഞ് പാനൂര്‍ സിഐ എന്‍. അനില്‍ കുമാര്‍, പാനൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ എം.കെ. ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി.

കൊളച്ചേരി പെരുമാച്ചേരി സ്‌കൂളിനു സമീപത്തെ ബിജെപി പ്രവര്‍ത്തകനായ അജേഷിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സഹോദരന്‍ അജയഘോഷിന്റെ ബൈക്ക് ഒരു സംഘം തീവച്ചുനശിപ്പിച്ചു.  പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് പുറത്തു വരുമ്പോഴേക്കും ബൈക്ക് പൂര്‍ണമായും കത്തിനശിച്ചിരുന്നു. സംഭവത്തിനുശേഷം വീടിനു സമീപത്തെ ഇടവഴിയിലൂടെ മൂന്നുപേര്‍ ഓടി പോകുന്നത് കണ്ടതായി അജേഷ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ബൈക്ക് മെക്കാനിക്കായ അജേഷിനെ അറ്റകുറ്റപ്പണിക്കായി സഹോദരന്‍ അജയ്‌ഘോഷ് ഏല്‍പിച്ച ബൈക്കാണ് തീവെച്ച് നശിപ്പിച്ചത്. കഴിഞ്ഞദിവസം മൂന്നുപേര്‍ അജേഷിനെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. വിവരമറിഞ്ഞ് മയ്യില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്നും കൊളച്ചേരി മേഖലയില്‍ സമാധാനം വേണമെന്നു പൊതുവേദിയില്‍ പറയുകയും പ്രദേശത്ത് അക്രമം അഴിച്ചുവിടുകയുമാണ് സിപിഎം ചെയ്യുന്നതെന്നും ബിജെപി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രഭാനു ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധപ്രകടനം നടത്തും.

പെരുവളത്തുപറമ്പ് ഫാറൂഖ് നഗറില്‍ പണി പൂര്‍ത്തിയാക്കി അടുത്ത ദിവസം ഉദ്ഘാടനം തീരുമാനിച്ച മുസ്‌ലിം ലീഗ് ഓഫീസിനുനേരേയാണ് തിങ്കളാഴ്ച രാത്രി കരിഓയില്‍ പ്രയോഗമുണ്ടായത്. ഓഫീസില്‍ സ്ഥാപിച്ചിരുന്ന നേതാക്കളുടെ ഫോട്ടോ ഉള്‍പ്പെടെ കരിഓയില്‍ വീണ് നശിച്ചു. സംഭവത്തില്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.