Latest News

യുവതിയുടെ വീട്ടില്‍ അജ്ഞാതന്റെ നിരീക്ഷണം പോലീസും സൈബര്‍ സെല്ലും കുഴങ്ങി

നീലേശ്വരം: [www.malabarflash.com] വീട് മുഴുവന്‍ അഞ്ജാതന്റെ നിരീക്ഷണ വലയത്തിലായ സ്ത്രീകള്‍ താമസിക്കുന്ന കുടുംബം ഭീതിയുടെ നിഴലില്‍. പടിഞ്ഞാറ്റം കൊഴുവലിലെ യുവതിയും മക്കളും അമ്മയും താമസിക്കുന്ന കുടുംബമാണ് അഞ്ജാതന്റെ ഒളിക്യാമറയുടെ നിരീക്ഷണത്തില്‍ ഭീതിയില്‍ കഴിയുന്നത്.

കഴിഞ്ഞ ഏതാനും നാളുകളായി ഇവിടെ നടക്കുന്ന ഓരോ കാര്യവും അപ്പപ്പോള്‍ തന്നെ യുവതിയുടെ മൊബൈല്‍ ഫോണില്‍ മെസേജായി എത്തും. വീട്ടില്‍ ആരെത്തിയാലും അവരൊക്കെയും അജ്ഞാതന്റെ നിരീക്ഷണ വലയത്തില്‍ തന്നെ. സൈബര്‍ സെല്‍ അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും പിടികിട്ടിയില്ല. റിലയന്‍സ് മൊബൈല്‍ ഫോണ്‍ വഴി ആന്ധ്രാപ്രദേശില്‍ നിന്നാണ് സന്ദേശം വരുന്നത് എന്ന് മാത്രം കണ്ടെത്താനേ സൈബര്‍ സെല്ലിനു കഴിഞ്ഞുള്ളൂ. ഇതിന്റെ ഉറവിടമോ ഉടമയെയോ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ പരിശോധനയില്‍ ഇതുവരെ കഴിഞ്ഞില്ല.
യുവതിയുടെ വീട്ടില്‍ നിന്നും ആളുകള്‍ ഒന്ന് തിരിഞ്ഞാല്‍ പോലും ഉടന്‍ ആ വിവരം അഞ്ജാതന്റെ ഫോണില്‍ നിന്നും മെസേജായി യുവതിയുടെ ഫോണില്‍ എത്തും. ഒടുവില്‍ സഹികെട്ട് യുവതി നാട്ടുകാരോട് വിവരം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ ഓരോരുത്തരുടേയും പേരും ധരിച്ച വസ്ത്രങ്ങളുടെ വിവരങ്ങളും അടക്കം പറഞ്ഞ് അവരെന്തിനാണ് വീട്ടിലെത്തിയതെന്ന ചോദ്യവുമായി മെസേജ് യുവതിയുടെ ഫോണില്‍ അപ്പോള്‍ തന്നെ എത്തി.
പിന്നീട് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വീട്ടിലെത്തി വീടാകെ അരിച്ചു പെറുക്കിയെങ്കിലും ആ സംഭവവും തൊട്ട് പിന്നാലെ മെസേജായി യുവതിയുടെ ഫോണില്‍ എത്തി. 

വീട്ടു പരിസരത്തെ തെങ്ങില്‍ ക്യാമറ ഘടിപ്പിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചപ്പോള്‍ തെങ്ങിലേക്ക് നോക്കിയിട്ടൊന്നും കാര്യമില്ലെന്നും പോലീസുകാര്‍ക്ക് ഒന്നും കണ്ടെത്താന്‍ കഴിയില്ലെന്നും മെസേജ് വന്നു. ഇതോടെ പോലീസും സൈബര്‍ സെല്ലും വല്ലാതെ കുഴങ്ങി. യുവതിയുടെ ഫോണ്‍ ഇപ്പോള്‍ സൈബര്‍ സെല്‍ വിദഗ്ധ പരിശോധനക്കായി കൊണ്ടു പോയിരിക്കുകയാണ്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.