Latest News

മാതാപിതാക്കളുടെ വിവാഹ വാര്‍ഷികത്തിന് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ വീട്ടമ്മ ജീവനൊടുക്കി

കാഞ്ഞങ്ങാട്:[www.malabarflash.com] സ്വന്തം പിതാവിന്റെ വിവാഹ വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്ന വീട്ടമ്മ ഭര്‍തൃ പിതാവിന്റെ ശ്രാദ്ധ ദിന തലേന്ന് ജീവനൊടുക്കി. കാഞ്ഞങ്ങാട് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനും മൃദംഗിസ്റ്റുമായ കണ്ണന്റെ ഭാര്യ സുമതിയാണ് (45) വെളളിയാഴ്ച കാരാട്ടുവയലിനടുത്ത അറളായിലെ വീട്ടില്‍ തൂങ്ങി മരിച്ചത്.

കണ്ണന്റെ പിതാവ് പ്രശസ്തനായ മുഖര്‍ശംഖ് വിദഗ്ദ്ധനും കാഞ്ഞങ്ങാട്ടെ തപാല്‍ വകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന പാര്‍ത്ഥ സാരഥിയുടെ ചരമദിനമാണ് ശനിയാഴ്ച. കണ്ണന്‍ വെളളിയാഴ്ച പതിവ് പോലെ ജോലിക്ക് പോയതായിരുന്നു. ഉച്ചയോടെ കണ്ണന്റെ മാതാവ് മീനമ്മാളും സഹോദരന്‍മാരായ ബാബുവും ഹരിയും വെളളിയാഴ്ച ഉച്ചയോടെ കോയമ്പത്തൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടെത്തിയിരുന്നു. ശനിയാഴ്ച നടക്കാനിരുന്ന പാര്‍ത്ഥ സാരഥിയുടെ ശ്രാദ്ധ ദിന ചടങ്ങില്‍ പങ്കെടുക്കാന്‍ ഉച്ചയോടെ കാഞ്ഞങ്ങാട്ടെത്തി അറളായിലെ വീട്ടിലെത്തിയപ്പോള്‍ വീട് അകത്ത് നിന്ന് പൂട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് ഇവര്‍ കണ്ണനെ ഫോണില്‍ വിളിച്ചു വരുത്തി. വീട് തുറന്നപ്പോഴാണ് സുമതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കടുത്ത തലവേദനക്കും തൈറോയ്ഡ് രോഗത്തിനും സുമതി ചികിത്സയിലായിരുന്നു. മറ്റ് കുടുംബ പ്രശ്‌നങ്ങളൊന്നും നിലവിലില്ല. ഈ മാസം 20ന് സുമതിയുടെ മാതാപിതാക്കളായ തൃശിനാപ്പള്ളി ടൗണിനടുത്ത ചിന്താമണിയിലെ സന്നതി മുത്തുവിന്റെ ഗാന്ധിമതിയുടെയും എണ്‍പതാം വിവാഹ വാര്‍ഷിക ദിനമാണ്. ആ ചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് കുടുംബസമേതം പുറപ്പെടാനുള്ള തയ്യാറെടുപ്പിനിടയിലാണ് സുമതി ആത്മഹത്യ ചെയ്തത്.
സുള്ള്യയിലെ ബിടെക് വിദ്യാര്‍ത്ഥിനി കാര്‍ത്തിക, ചെമ്മട്ടംവയല്‍ ബല്ലാ ഈസ്റ്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി ഔചിത്യ എന്നിവര്‍ മക്കളാണ്. ഔചിത്യ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷം തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. സ്‌കൂള്‍ കലോത്സവ വേദിയില്‍ മകളോടൊപ്പമുള്ള സാന്നിധ്യം സുമതി എന്നും ഉറപ്പാക്കുമായിരുന്നു.
സബ് ജില്ലാ കലോത്സവം മുതല്‍ സംസ്ഥാന കലോത്സവം വരെ ഔചിത്യയെ ഈ വീട്ടമ്മ നിഴല്‍ പോലെ പിന്‍തുടരുകയും മത്സരവേദികളില്‍ മികച്ച പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.