Latest News

ബൈക്കില്‍ കാറിടിച്ചുവീഴ്ത്തിയ ശേഷം യുവാവിന്റെ 10 ലക്ഷം കൊള്ളയടിച്ച കേസില്‍ മൂന്നംഗസംഘം അറസ്റ്റില്‍

കാസര്‍കോട്:[www.malabarflash.com] ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം യുവാവിന്റെ 10 ലക്ഷം രൂപ കൊള്ളയടിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.മടിക്കേരി സുണ്ടിക്കോപ്പ സ്വദേശികളായ ഹംസ (26), ആരിഫ്(21), മടിക്കേരി കൊളകേരിയിലെ സൈനുദ്ദീന്‍ (25) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ സി ഐ പികെ സുധാകരന്‍, വിദ്യാനഗര്‍ എസ് ഐ ലക്ഷ്മണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കൊള്ളയടിച്ച തുകയില്‍ നിന്ന് 89,500 രൂപ ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തു.സംഘം സഞ്ചരിച്ച സ്വിഫ്റ്റ് കാറും ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.. കേസിലെ സൂത്രധാരന്‍ എന്ന് സംശയിക്കുന്ന മടിക്കേരി സ്വദേശിയും ചെര്‍ക്കളയില്‍ താമസക്കാരനുമായ സാദിഖ്, വിനു എന്നിവരും മറ്റൊരു യുവാവുമടക്കം മൂന്നുപേരെ കൂടി ഇനി പിടികൂടാനുണ്ട്്. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഇവര്‍ ഒളിവിലാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ എതിര്‍ത്തോട് വെച്ചാണ് സംഭവം. ബദിയടുക്കയിലേക്ക് പത്ത് ലക്ഷം രൂപയുമായി ബൈക്കില്‍ പോവുകയായിരുന്ന മേല്‍പറമ്പ് കീഴൂരിലെ എം.എ മന്‍സിലില്‍ മുക്താറി(30)നെ സ്വിഫ്റ്റ് കാറില്‍ പിന്തുടര്‍ന്ന സൈനുദീന്‍, ആരീഫ്, ഹംസ, സാദിഖ് എന്നിവരടങ്ങുന്ന സംഘം ഇടിച്ചുവീഴ്ത്തിയാണ് പണം കവര്‍ന്നത്.
സ്വിഫ്റ്റ് കാറിലെത്തിയ നാലംഗ സംഘമാണ് പണം കവര്‍ന്നത്. 
മുക്താര്‍ പണമടങ്ങിയ ബാഗ് കഴുത്തില്‍ തൂക്കിയാണ് ബൈക്കില്‍ സഞ്ചരിച്ചിരുന്നത്. ഇടിച്ച ഉടനെ കാറില്‍ നിന്നിറങ്ങിയ രണ്ടുപേര്‍ ബാഗ് തട്ടിയെടുക്കുകയാണുണ്ടായത്. ബാഗുമായി കാറില്‍ കയറിയ സംഘം ബദിയടുക്ക ഭാഗത്തേക്ക് ഓടിച്ചുപോയി.
കരിമ്പിലയിലെത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ ഇടിച്ചുനിന്നു. ഇടിയില്‍ ടയര്‍ തകരാറിലാവുകയും ചെയ്തു. അപകടം കണ്ട നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ കാറില്‍ നിന്നിറങ്ങി രണ്ടുപേര്‍ അതുവഴി വന്ന ബസില്‍ കയറി.സ്ഥലം വിടുകയായിരുന്നു. മറ്റുള്ളവര്‍ ടയര്‍മാറ്റിയിടാന്‍ തിടുക്കപ്പെട്ട് ശ്രമം നടത്തുന്നത് കണ്ട് പന്തികേട് തോന്നിയ നാട്ടുകാര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. 

പൊലീസ് എത്തിയപ്പോഴേക്കും പിന്നാലെ ഒരു ആള്‍ട്ടോ കാറില്‍ ആരീഫ് സ്ഥലത്തെത്തി. ആള്‍ട്ടോ കാര്‍ ഓടിച്ച ആരീഫിനെയും യുവാവിനേയും ഇടിച്ച കാറിലുണ്ടായിരുന്ന രണ്ടുപേരേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചാസംഘമാണ് ഇവരെന്ന് വ്യക്തമായത്.. കൊള്ളയടിച്ച പണവുമായി രണ്ടുപേര്‍ ഇതിനോടകം ബസില്‍ രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ പരാതി നല്‍കാന്‍ വൈകിയത് മറ്റുപ്രതികളെ പിടി കൂടുന്നതിന് പൊലീസിന് തടസ്സമാവുകയും ചെയ്തു.
വൈകിട്ട് നാല് മണിയോടെയാണ് സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പണം നഷ്ടപ്പെട്ട ഉടനെ പൊലീസിനെ അറിയിച്ചിരുന്നെങ്കില്‍ മുഴുവന്‍ പ്രതികളേയും പിടിക്കാന്‍ കഴിയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
കേസിലെ മൂന്ന് മുഖ്യപ്രതികളാണ് ഇനി പിടിയിലാകാനുള്ളത്. അറസ്റ്റിലായ പ്രതികളെ പോലീസ് പോലീസ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

അഞ്ജാതനായ ഇന്‍ഫോമേറ്റര്‍ മുക്ത്ത്താറിന്റെ നീക്കങ്ങള്‍ മനസിലാക്കുകയും സാദിഖിന് വിവരം കൈമാറുകയും ചെയ്തതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കാസര്‍കോട് ടൗണില്‍ നിന്ന് തന്നെ സംഘം മുക്താറിനെ പിന്തുടര്‍ന്നതായി സംശയിക്കുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.