Latest News

കുഡ്‌ലു ബാങ്ക് കൊളള സംഘത്തിലെ ഒരാളെ ഒളിത്താവളം വളഞ്ഞ് പിടികൂടി

കാസര്‍കോട്: [www.malabarflash.com] എരിയാലിലെ കൂഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്ക് കൊള്ളയടിച്ച സംഘത്തില്‍ പെട്ട ഒരാള്‍ പൊലീസ് പിടിയിലായി. എരിയാലിലെ മഹ്ഷൂഖാണ് പിടിയിലായത്. ഡി.വൈ.എസ്.പി. ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മഹ്ഷൂഖിനെ ഒളിത്താവളം വളഞ്ഞ് പിടിച്ചത്. ചെങ്കള സ്റ്റാര്‍ നഗറില്‍ കാര്‍ യാത്രക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറി അഞ്ച് ലക്ഷം രൂപ കൊള്ളയടിച്ച കേസിലെ പ്രതികൂടിയാണ് മഹ്ഷൂഖ്.

ബാങ്ക് കൊള്ളയില്‍ നേരിട്ട് പങ്കാളിയാണ് മഹ്ഷൂഖെന്നാണ് പൊലീസ് സംശയിക്കുന്നത്. മഹ്ഷൂഖിനെയും കൊണ്ട് അന്വേഷണ സംഘം കാസര്‍കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. 5 അംഗസംഘമാണ് കൊള്ളയില്‍ നേരിട്ട് പങ്കാളിയായത്. ഇതില്‍ സൂത്രധാരനടക്കം നാലുപേരെ ഇനിയും കിട്ടാനുണ്ട്.

മഹ്ഷൂഖ് കൊള്ള നടന്ന ദിവസം വൈകിട്ട് രണ്ടു പേരെ ഉപ്പളയില്‍ വെച്ച് എറണാകുളത്തേക്ക് തീവണ്ടി കയറ്റിവിട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവരെ പിടിക്കാനായി പൊലീസ് സംഘം എറണാകുളത്ത് പരിശോധന നടത്തി വരുന്നു. കേസില്‍ മുഴുവന്‍ പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊള്ള നടന്നതിന്റെ പിറ്റേന്ന് മഹ്ഷൂഖിനെ മൂന്ന് പേര്‍ ലാന്‍സര്‍ കാറില്‍ മംഗലാപുരം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കൊണ്ട് വിട്ടിരുന്നു. അവിടെ നിന്ന് നേരെ ബാംഗ്ലൂരിലേക്ക് പോയ മഹ്ഷൂഖ് പിന്നീട് താവളം മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. 

മഹ്ഷൂഖിനെ ചോദ്യം ചെയ്യുന്നതോടെ കൊള്ളയുടെ ചിത്രം തെളിയുമെന്നാണ് പൊലീസ് സംഘം കരുതുന്നത്. സ്വര്‍ണം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.