Latest News

അധ്യാപകദിനാഘോഷ ഉദ്ഘാടനം കെ.എസ്.ടി.എ. അലങ്കോലപ്പെടുത്തി

കാഞ്ഞങ്ങാട്: [www.malabarflash.com]അധ്യാപക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങ് ഇടതുപക്ഷ അധ്യാപക സംഘടനയായ കെ.എസ്.ടി.എ.യുടെ പ്രതിഷേധത്തില്‍ അലങ്കോലമായി. സദസ്സില്‍ ഹാന്‍ഡ്‌മൈക്കുമായെത്തിയ കെ.എസ്.ടി.എ. പ്രവര്‍ത്തകര്‍ സ്വാഗതപ്രസംഗം തുടങ്ങുമ്പോള്‍ തന്നെ മുദ്രാവാക്യമുയര്‍ത്തി എഴുന്നേറ്റു.

പോലീസും പ്രവര്‍ത്തകരുമായുള്ള ഉന്തും തള്ളിനും ഉച്ചത്തിലുള്ള പ്രതിഷേധത്തിനുമിടെ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടന പ്രസംഗം നടത്തി. കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ദേശീയ അധ്യാപക ദിനത്തിന്റെ സംസ്ഥാനതല ആഘോഷം നടന്നത്.

മലപ്പുറം മുന്നിയൂര്‍ സ്‌കൂളിലെ അധ്യാപകന്‍ കെ.കെ.അനീഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളണമെന്നും കോഴിക്കോട്ട് സസ്‌പെന്‍ഡ് ചെയ്ത പ്രഥമാധ്യാപകരായ വി.പി.ഇന്ദിരയെയും വി.ജെ.അബ്രഹാമിനെയും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 

10 മണിക്കായിരുന്നു ഉദ്ഘാടനച്ചടങ്ങ് പ്രഖ്യാപിച്ചിരുന്നത്. ഒന്നരമണിക്കൂര്‍ വൈകിയാണ് മന്ത്രി എത്തിയത്. പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന സ്‌പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദ്രുതകര്‍മസേനക്കാരെ വിന്യസിച്ചും വന്‍പോലീസ് സന്നാഹം ഒരുക്കിയും ദുര്‍ഗാ സ്‌കൂളൂം പരിസരവും വലിയ സുരക്ഷാ കവചത്തിലാക്കിയിരുന്നു. 

സ്‌കൂള്‍ കവാടത്തിലേക്ക് മന്ത്രി പ്രവേശിച്ചതുതന്നെ നൂറിലേറെ പോലീസുകാരുടെ ഇടയിലൂടെയാണ്. സുരക്ഷിതമായി മന്ത്രി വേദിയലെത്തിയതോടെ ചടങ്ങുകള്‍ തുടങ്ങി. മന്ത്രി വേദിയിലെത്തിയപ്പോള്‍ തന്നെ കെ.എസ്.ടി.എ. നേതാക്കള്‍ അദ്ദേഹത്തെ ചെന്ന് കണ്ടിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ സ്വാഗതം പറയനായി മൈക്കിന് മുമ്പിലെത്തിയതും സദസ്സില്‍ നിന്ന് മുദ്രാവാക്യമുയര്‍ന്നു. ഇത്തരത്തിലുള്ള പ്രതിഷേധം പോലീസും പ്രതിക്ഷിച്ചില്ല.

പോലീസും വേദിയിലുള്ളവരും പകച്ചുനില്‍ക്കെ സദസ്സിലെ ഭൂരിപക്ഷം ആളുകളും മന്ത്രിക്കെതിരെ ഗോ ബാക്ക് വിളിയുമായി എഴുന്നേറ്റു. കുറേ സമയത്തേക്ക് പോലീസിനും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പ്രതിഷേധശബ്ദം കനപ്പെടുന്നതിനിടയില്‍ പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ എം.എസ്.ജയ സ്വാഗത പ്രസംഗം തുടങ്ങി. ഇതോടെ മുദ്രാവാക്യത്തിന് ശബ്ദം കൂടി. 

വേദിയില്‍ മന്ത്രിക്കൊപ്പം സി.പി.എം.സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ കെ.കുഞ്ഞിരാമന്‍ എം.എല്‍.എയും സി.പി.ഐ. സംസ്ഥാന ട്രഷറര്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉണ്ടായിരുന്നു.
പ്രതിഷേധത്തിനിടെ ഹാന്‍ഡ് മൈക്ക് ഉപയോഗിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.സതീശന്‍ സദസ്സില്‍ നിന്ന് പ്രസംഗിക്കാന്‍ തുടങ്ങി. ഇതോടെ പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ തിരിഞ്ഞു. ബലപ്രയോഗത്തിലൂടെ നീക്കാനുള്ള പോലീസ് ശ്രമത്തെ പ്രതിരോധിച്ച് സമരക്കാര്‍ 20 മിനിറ്റിലേറെ സദസ്സില്‍ നിലയുറപ്പിച്ചു. ഇതിനിടയിലായിരുന്നു മന്ത്രിയുടെ ഉദ്ഘാടനപ്രസംഗം. 

കെ.എസ്.ടി.എയുടെ പ്രതിഷേധത്തിന് കനത്തഭാഷയിലാണ് മന്ത്രി മറുപടി നല്കിയത്. അധ്യാപകദിനാഘോഷത്തിന്റെ ചരിത്രത്തിലില്ലാത്തതാണ്, സംസ്ഥാനതല ചടങ്ങ് അലങ്കോലപ്പെടുത്തിയ സംഭവമെന്ന് മന്ത്രി പറഞ്ഞു. തെറ്റു ചെയ്യുന്ന അധ്യാപകരെ സ്ഥലം മാറ്റാനും പുറത്താക്കാനുമുള്ള അവകാശവും അധികാരവും സര്‍ക്കാരിനുണ്ട്. ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ നേടാന്‍ ആരും നോക്കേണ്ട. കെ.എസ്.ടി.എ. നേതാക്കള്‍ പൊതുവിദ്യാഭ്യാസ ഡയരക്ടറുമായി സംസാരിച്ചിരുന്നു. പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് അവര്‍ ഡയരക്ടര്‍ക്ക് ഉറപ്പുകൊടുക്കുകയും ചെയ്തിരുന്നു. എന്നിട്ടും വാക്ക് ലംഘിച്ച് നാണംകെട്ട പ്രതിഷേധം നടത്തി. ഇത് അധ്യാപക സമൂഹത്തിനും പൊതുസമൂഹത്തിനും നാണക്കേടുണ്ടാക്കി-മന്ത്രി പറഞ്ഞു. 

ശ്രമകരമായ ദൗത്യത്തിനൊടുവില്‍ പോലീസ് സമരക്കാരെ സ്ഥലത്തുനിന്ന് മാറ്റി. തുടര്‍ന്ന് മന്ത്രി അധ്യാപകര്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്തു.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.