Latest News

മാങ്ങാട് ബാലകൃഷ്ണന്‍ വധം: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍

കാസര്‍കോട്: [www.malabarflash.com] ഉദുമ മാങ്ങാട് ആര്യടുക്കത്തെ സിപിഐഎം പ്രവര്‍ത്തകന്‍ എം ബി ബാലകൃഷ്ണനെ തിരുവോണ ദിവസം കുത്തിക്കൊന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. കേസിലെ ഏഴാം പ്രതി ഷിബു കടവങ്ങാനമാണ് നിര്‍ണായക വെളിപ്പെടുത്തലുമായി ബുധനാഴ്ച കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ പത്രസമ്മേളനം നടത്തിയത്.

ഡി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറി കടവങ്ങാനം കുഞ്ഞിക്കേളുനായരുടെ മകനാണ് ഷിബു. ഡി. സി. സി പ്രസിഡണ്ട് സി. കെ. ശ്രീധരന്‍ പ്രസിഡണ്ടായ ഉദുമ സഹകരണ ബാങ്കിന്റെ മാങ്ങാട് ബ്രാഞ്ചിലെ ജീവനക്കാരനാണ്. സി. കെ. ശ്രീധരന്റെ ഉപദേശമനുസരിച്ചാണ് താന്‍ ഒളിവില്‍ പോയതെന്ന് ഷിബു പത്രസമ്മേളനത്തില്‍ വിതരണം ചെയ്ത വാര്‍ത്താകുറിപ്പില്‍ പറയുന്നു.
2013 സെപ്റ്റംബര്‍ 16ന് രാത്രിയാണ് മരണ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന ബാലകൃഷ്ണനെ കുത്തിക്കൊലപ്പെടുത്തിയത്. കേസിലെ അഞ്ച് പ്രതികള്‍ അറസ്റ്റിലാവുകയും മറ്റൊരു പ്രതി ഗള്‍ഫിലേക്ക് കടക്കുകയും ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികള്‍ നിരപരാധികളാണെന്നകാര്യം തനിക്കറിയില്ലെന്നും ഷിബു പറയുന്നു.

പുതുതായി നിയമിതനായ ഉദുമയിലെ ഡി.സി.സി. ഭാരവാഹിയും, പാര്‍ട്ടിയില്‍നിന്ന് അച്ചടക്കനടപടിക്ക് വിധേയനായി അഞ്ച് വര്‍ഷത്തേക്ക് പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകനും, യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം സെക്രട്ടറിയും ആറ് തവണ രഹസ്യ ഗൂഡാലോചന നടത്തിയാണ് ബാലകൃഷ്ണനെ വധിക്കാനും പ്രതികളെ രക്ഷപ്പെടാനും ഒളിവില്‍ താമസിപ്പിക്കാനും മറ്റും തയ്യാറായതെന്നും ഷിബു ആരോപിക്കുന്നു. 

നിരപരാധിയായ തന്റെ പേര് പോലീസിന് നല്‍കിയതും തുടര്‍ന്ന് തന്നെ കേസില്‍ പ്രതിയാക്കിയതും കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമാണെന്നും ഷിബു ആരോപിക്കുന്നു. പ്രതികള്‍ക്ക് വാഹനത്തില്‍ രക്ഷപ്പെടാനും ആയുധം ഒളിപ്പിക്കാനും തെളിവ് നശിപ്പിക്കാനും ഇവര്‍ ഒത്താശചെയ്തതായും ഷിബു പറഞ്ഞു.

നിരപരാധിയായ തന്നെ കേസില്‍ കുടുക്കി ജനശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമംനടത്തുകയും ചെയ്തു. കേസിന്റെ ഗൂഡാലോചനയടക്കമുള്ള വിവരങ്ങള്‍ മുഖ്യമന്ത്രി, കെ.പി.സി.സി. പ്രസിഡന്റ്, ആഭ്യന്തര മന്ത്രി അടക്കമുള്ള നേതാക്കളേയും പോലീസ് അധികാരികളേയും അറിയിച്ചിരുന്നു. പക്ഷെ യാതൊരു ഫലവും ഉണ്ടായിരുന്നില്ല. 

യഥാര്‍ത്ഥ പ്രതികള്‍ പോലീസിനെ സ്വാധീനിച്ച് രക്ഷപ്പെടുകയും നിരപരാധികളെ കേസില്‍ കുടുക്കുകയുമാണ് ചെയ്യുന്നത്. നിഷ്പക്ഷമായ അന്വേഷണം നടത്തിയാല്‍ യഥാര്‍ത്ഥ പ്രതികള്‍ കുടുങ്ങുമെന്നും ഷിബു പറയുന്നു. സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ നുണപരിശോധന ഉള്‍പെടെയുള്ള ഏത് പരിശോധനയ്ക്കും താന്‍ തയ്യാറാണെന്നും ഷിബു വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നും ഷിബു ആവശ്യപ്പെട്ടു.

കാസര്‍കോട് ഡി.സി.സി. ജനറല്‍ സെക്രട്ടറിയും കെ.പി.സി.സി. അംഗവും, മുന്‍ ജില്ലാ ബാങ്ക് വൈസ് പ്രസിഡന്റും, കേരള മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ അംഗവും, മുന്‍ ഉദുമ ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന കടവങ്ങാനം കുഞ്ഞിക്കേളുനായരുടെ മകനാണ് ഷിബു. ഉദുമ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്ന പി. കുഞ്ഞമ്പുനായരുടെ പേരമകനായിട്ടുപോലും പാര്‍ട്ടിയില്‍നിന്നും പോലീസില്‍നിന്നും തനിക്ക് നീതിലഭിച്ചിട്ടില്ലെന്നും ഇത് പാര്‍ട്ടിക്കകത്തെ ചിലരുടെ ആസൂത്രണത്തിന്റെ ഭാഗമാണെന്നും ഷിബു ആരോപിച്ചു. 

ഡി.സി.സി. പ്രസിഡന്റിന് താന്‍ മകനെപോലെയാണ്. അതുകൊണ്ടുതന്നെ കേസില്‍ പ്രതിയായപ്പോള്‍തന്നെ തന്നോട് ഒളിവില്‍പോകാന്‍ പിതാവുവഴി ആവശ്യപ്പെടുകയായിരുന്നുവെന്നും ഷിബു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.

ഡി.സി.സി. പ്രസിഡന്റിന് തന്നെ സഹായിക്കാന്‍ കഴിയാതിരുന്നതും യഥാര്‍ത്ഥപ്രതികളെ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കാത്തതിനും പിന്നില്‍ പാര്‍ട്ടിക്കുള്ളില്‍നിന്നുള്ളവരുടെ സമ്മര്‍ദമാണെന്നാണ് ഷിബു പറയുന്നത്. രണ്ട് വര്‍ഷമായി താന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ലെന്നും ഷിബു വ്യക്തമാക്കി. 

ഉദുമ ബാങ്ക് തെരഞ്ഞെടുപ്പില്‍ താനും കുടുംബവും ഉള്‍പെടെ ബാങ്ക് പ്രസഡിന്റായ ഡി.സി.സി. പ്രസിഡന്റ് സി.കെ. ശ്രീധരന്റെ പക്ഷത്ത് നില്‍ക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് ബാലകൃഷ്ണന്റെ വധത്തില്‍ കലാശിച്ചതെന്നാണ് താന്‍ സംശയിക്കുന്നത്. ഇതിലെ യഥാര്‍ത്ഥ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നാല്‍ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പല സീറ്റുകളും നഷ്ടപെടാന്‍ ഇടയാക്കുമെന്നും ഷിബു മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. അതുകൊണ്ടുതന്നെയാണ് ഡി.സി.സി. പ്രസിഡന്റ് പലകാര്യങ്ങളും രഹസ്യമാക്കുന്നതെന്നും ഷിബു കൂട്ടിച്ചേര്‍ത്തു.


ബാലകൃഷ്ണന്റെ രണ്ടാം രക്തസാക്ഷിദിനമാണ് ബുധനാഴ്ച. തിരുവോണദിവസം രാത്രി 8.30 മണിയോടെ ആര്യടുക്കം ബാര ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിന് സമീപത്തെ ഇടവഴിയിലൂടെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് ബാലകൃഷ്ണന് കുത്തേറ്റ് മരിച്ചത്.

അതിനിടെ ഷിബു പത്രസമ്മേളനം നടത്തുന്നതറിഞ്ഞ് പ്രസ്‌ക്ലബ്ബ് പരിസരത്തെത്തിയ ഡി. വൈ. എഫ്. ഐ പ്രവര്‍ത്തകര്‍ ഷിബുവിനെ പ്രസ്‌ക്ലബ്ബിനുമുന്നില്‍ തടഞ്ഞുവെച്ച് അക്രമിച്ചു.
സംഭവമറിഞ്ഞ സ്ഥലത്തെിയ ടൗണ്‍ പോലീസ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരില്‍ നിന്നും ഷിബുവിനെ രക്ഷപ്പെടുത്തി ടൗണ്‍ സ്‌റ്റേഷനിലെക്ക് മാറ്റി.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.