Latest News

ഉദുമ പഞ്ചായത്തിലെ സാമ്പത്തിക ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കണം: യു.ഡി.എഫ്

ഉദുമ[www.malabarflash.com]: ഉദുമ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭരണകക്ഷിനേതാക്കളും മെമ്പര്‍മാരും ഉദ്യോഗസ്ഥരും ഉള്‍പ്പടെയുള്ളവര്‍ നടത്തിയ നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന് യു.ഡി.എഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

2014 -15 സാമ്പത്തിക വര്‍ഷത്തെ നികുതി പിരിച്ച രസീതി ബുക്കില്‍ മൂന്നോളം ബുക്കുകള്‍ കാണാതാവുകയും ഈ ബുക്കിലൂടെ പിരിച്ചെടുത്ത തുക പഞ്ചായത്തിലെത്താതെ തിരിമറി നടത്തിയ സംഭവം നടന്നിട്ടുണ്ട്. രസീതി ബുക്കുകള്‍ കാണാതായത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി ബേക്കല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥനെതിരെ കേസെടുത്തിട്ടുണ്ട്. ഈ സംഭവത്തില്‍ മറ്റു ഉദ്യോഗസ്ഥന്മാര്‍ക്കും പഞ്ചായത്ത് ഭരണസമിതിക്കുമുള്ള പങ്കിനെകുറിച്ച് അന്വേഷിക്കണം.

മാര്‍ച്ചില്‍ പാലക്കുന്ന് ഭരണിമഹോത്സവത്തോടനുബന്ധിച്ച് മുന്നൂറോളം കച്ചവട സ്ഥാപനങ്ങളുണ്ടായിരുന്നു. ഇവയ്‌ക്കെല്ലാം ലൈസന്‍സ് നല്‍കേണ്ട ബാധ്യത പഞ്ചായത്തിനാണ്. എന്നാല്‍ കേവലം 43 സ്റ്റാളുകള്‍ക്ക് മാത്രമാണ് പഞ്ചായത്ത് ഔദ്യോഗികമായി ലൈസന്‍സ് നല്‍കിയത്. ഇതിലൂടെ പഞ്ചായത്തിന് ലഭിച്ചത് 4700 രൂപ മാത്രമാണ്. ലക്ഷക്കണക്കിന് രൂപ പഞ്ചായത്തിലേക്ക് ലൈസന്‍സ് ഫീസായി ലഭിക്കേണ്ട സ്ഥാനത്താണ് തുച്ഛമായ തുക ലഭിച്ചത്.

ഭരണി മഹോത്സവത്തിന്റെ ഭാഗമായി ടിക്കറ്റ് വെച്ചുള്ള വിനോദ പരിപാടികളില്‍ നിന്ന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ വിനോദ നികുതിയിലും വന്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. ലൈസന്‍സ് ഫീസ് ഇനത്തിലൂടെയും വിനോദ നികുതിയിലൂടെയും ലഭിക്കേണ്ടിയിരുന്ന പത്ത് ലക്ഷം രൂപയുടെ നഷ്ടമാണ് ക്രമക്കേടുകളിലൂടെ പഞ്ചായത്തിന് ഉണ്ടായിരിക്കുന്നത്.

പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍ എന്നിവര്‍ കച്ചവട താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയാണ്. ഇവരുടെ വരുമാന സ്രോതസ്സിനെ കുറിച്ചും അന്വേഷിക്കണം.

ഉദുമ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന സ്റ്റാര്‍ ഹോട്ടലുകളുടെ നികുതി നിര്‍ണയത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. ഭരണസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും വ്യക്തമായ ഇടപെടലുകള്‍ ഇതിന് പിന്നിലുണ്ട്. 2014-15 വര്‍ഷം പഞ്ചായത്തിലെ കെട്ടിട നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഫോറം നമ്പര്‍ ആറിലെ വിവര ശേഖരണത്തില്‍ വന്‍ക്രമക്കേടുകള്‍ നടത്തി പഞ്ചായത്തിന് വന്‍നഷ്ടമുണ്ടാക്കിയിട്ടുണ്ട്.

പഞ്ചായത്തിലെ കെട്ടിട നികുതി രേഖപ്പെടുത്തുന്നിതിനുള്ള സോഫ്റ്റ്‌വെയറായ സഞ്ചയയും മൊത്തം സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറായ സാംഖ്യയുടെയും ഡാറ്റ എന്‍ട്രി ജോലികള്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ചിട്ടും ഇവ ഉപയോഗിക്കാതെയാണ് ഇടപാടുകള്‍ നടത്തുന്നത്. സാമ്പത്തിക ക്രമക്കേടുകള്‍ നടത്താന്‍ വേണ്ടിയാണ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാതിരിക്കുന്നത്. നികുതി പിരിച്ചതും കുടിശ്ശിക ഉള്ളതും രേഖപ്പെടുത്തി വെക്കേണ്ട ഡിമാന്റ് രജിസ്റ്റര്‍, അരിയേഴ്‌സ് രജിസ്റ്റര്‍ എന്നിവ നിലവിലില്ല. ഇവ ഉപയോഗിക്കാത്തതും സാമ്പത്തിക ക്രമക്കേടിനുള്ള സാധ്യതതകള്‍ മുന്നില്‍ കാണാനാണ്.

കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതിയും പൂര്‍ത്തീകരിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായും ബന്ധപ്പെട്ട് ഉദ്യോഗസ്ഥ ഭരണ സമിതി അംഗങ്ങള്‍ ക്രമക്കേടുകള്‍ നടത്തിയതായി യു.ഡി.എഫ് ആരോപിച്ചു.

പഞ്ചായത്തില്‍ നിന്നുള്ള സേവനങ്ങള്‍ എളുപ്പത്തിലും ചട്ടം ലംഘിച്ചും ലഭ്യമാക്കുന്നതിന് എല്‍ഐസി ഏജന്റ് കൂടിയായ വൈസ് പ്രസിഡണ്ട് ഭീഷണിപ്പെടുത്തിയും സ്വാധീനം ചെലുത്തിയും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഇന്‍ഷുറന്‍സ് പോളിസികളെടുപ്പിക്കുന്ന ഗുരുതരമായ ആരോപണങ്ങളുണ്ട്. ഇതിനെകുറിച്ചും അന്വേഷണം നടത്തണം. 

പഞ്ചായത്ത് ഫണ്ടില്‍ നിന്നും എട്ട് ലക്ഷം രൂപ ചെലവഴിച്ച് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അനധികൃതമായി പണിത മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട ക്രമക്കേടും ചട്ട ലംഘനവും പഞ്ചായത്ത് ഫണ്ട് നിയമവിരുദ്ധമായി ഭരണകക്ഷിയായ സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റികളില്‍ നിക്ഷേപിച്ചതിനെ സംബന്ധിച്ചും അന്വേഷിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ കെ.എ മുഹമ്മദലി, വി.ആര്‍ വിദ്യാസാഗര്‍, കാപ്പില്‍ മുഹമ്മദ് പാഷ, ഹമീദ് മാങ്ങാട്, വാസു മാങ്ങാട്, സത്താര്‍ മുക്കുന്നോത്ത്, ടി.കെ ഹസീബ്, എന്‍ കുഞ്ഞിരാമന്‍, ബി ബാലകൃഷ്ണന്‍ സംബന്ധിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.