Latest News

അരുള്‍ദാസിന്റെ വേരുകള്‍ തേടി പോലീസ് തമിഴ്‌നാട്ടിലേക്ക്; മൊഴി ഭാര്യ തള്ളി

നീലേശ്വരം:[www.malabarflash.com] ചീമേനി ആനിക്കാടി കോളനിയിലെ പ്രസാദ്-ബീഫാത്തിമ ദമ്പതികളുടെ ആറു വയസുകാരിയായ മകള്‍ സോനയെ തട്ടിക്കൊണ്ടു പോയ അംഗ പരിമിതനും യാചകനുമായ അരുള്‍ദാസിന്റെ വേരുകള്‍ തേടി നീലേശ്വരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തമിഴ്‌നാട്ടിലെ ചിദംബരത്ത് അന്വേണം വ്യാപിപ്പിക്കുന്നു. സംഘം ചിദംബരത്തേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ്.

അരുള്‍ ദാസിനെക്കുറിച്ച് പോലീസിന് ഏറെ സംശയമുണ്ട്. ആനിക്കാടി കോളനിയില്‍ നിന്ന് സോനയെ കൂട്ടിയത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ താല്‍പര്യം പ്രകടിപ്പിച്ചതുകൊണ്ടാണെന്ന് തുടക്കത്തില്‍ അരുള്‍ ദാസ് പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് സംഘം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചെന്ന് അരുള്‍ദാസിന്റെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ അരുള്‍ദാസ് നല്‍കിയ മൊഴി കളവാണെന്ന് വ്യക്തമായി. ഇപ്പോള്‍ റിമാന്റില്‍ കഴിയുന്ന ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. 

കുട്ടിയെ ഭിക്ഷാടന മാഫിയക്ക് വില്‍ക്കാനോ കൈമാറാനോ ഉള്ള ശ്രമമാണ് അരുള്‍ ദാസ് നടത്തിയതെന്ന സംശയം ഇപ്പോള്‍ ബലപ്പെട്ടിട്ടുണ്ട്. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ലക്ഷ്മി എന്ന കുട്ടിയെ മാസങ്ങള്‍ക്ക് മുമ്പ് പൊടുന്നനെ കാണാതായിരുന്നു. കുട്ടിയെ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ഇരുത്തിയശേഷം തൊട്ടുടുത്ത് ജോലി ചെയ്യുകയായിരുന്നു മാതാപിതാക്കള്‍. ഈ കുട്ടിയെ കടത്തിക്കൊണ്ടു പോയത് അംഗപരിമിതനായ ഒരാളാണെന്ന് അന്നു തന്നെ സൂചനയുണ്ടായിരുന്നു.
അത് അരുള്‍ ദാസ് ആയിരിക്കാമെന്ന സംശയം പോലീസില്‍ ബലപ്പെട്ടിട്ടുണ്ട്. 

ഇരിട്ടിയില്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതായതും സമാന രീതിയിലാണ്. ഈ രണ്ട് സംഭവങ്ങളുമായി അരുള്‍ ദാസിന് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ് പോലീസ്. കുട്ടികളെ തട്ടിയെടുത്ത് ഭിക്ഷാ മാഫിയാ സംഘങ്ങള്‍ക്ക് വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് അരുള്‍ദാസ് എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ഇതൊക്കൊ സ്ഥിരീകരിക്കാനാണ് പോലീസ് സംഘം തമിഴ്‌നാട്ടിലേക്ക് പോകുന്നത്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.